മലയാളിക്ക് ഏറെ പ്രിയപ്പെട്ട ഛായാഗ്രഹകനാണ് ജിംഷി ഖാലിദ്. ഛായാഗ്രാഹണ സഹായി ആയിട്ടാണ് ജിംഷി ഖാലിദ് സിനിമാജീവിതത്തിന് തുടക്കമിട്ടത്. 2016ൽ സഹോദരനായ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ ആണ് ജിംഷി സ്വതന്ത്ര ഛായാഗ്രഹകനായത്. അള്ളു രാമേന്ദ്രൻ, കപ്പേള, ഉണ്ട, തല്ലുമാല ഈ മാസം ഇറങ്ങിയ ആലപ്പുഴ ജംഖാന എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചു.
തല്ലുമാല എന്ന സിനിമയിലെ ഒരു പാട്ടുരംഗം ഷൂട്ട് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് ജിംഷി ഖാലിദ്. പാട്ട് ഷൂട്ട് ചെയ്യുന്നതിനായി ഡാൻസ് കൊറിയോഗ്രാഫറിന് പകരം ആക്ഷൻ കൊറിയോഗ്രാഫറാണ് വന്നതെന്നും അങ്ങനെയാണ് അതെടുത്തതെന്നും ജിംഷി പറയുന്നു.
വൈകുന്നേരമായിട്ടും സംവിധായകൻ ഖാലിദ് റഹ്മാൻ ഷോട്ട് എടുക്കാൻ റെഡി ആയില്ലെന്നും അപ്പോൾ താനും ഖാലിദ് റഹ്‌മാനുമായി വഴക്കുണ്ടായെന്നും ജിംഷി പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തല്ലുമാല എന്ന സിനിമയിൽ ഒരു പാട്ട് ഷൂട്ട് ചെയ്യാൻ വേണ്ടി ഡാൻസ് കൊറിയോഗ്രാഫറിന് പകരം ആക്ഷൻ കൊറിയോഗ്രാഫറെയാണ് വിളിച്ചത്. ആക്ഷനാണ് ഞങ്ങൾ പാട്ടായിട്ട് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. 500 ഫ്രെയിം പെർ സെക്കൻ്റിൽ ഷോട്സ് പോയികൊണ്ടിരിക്കുകയാണ്. വൈകുന്നേരമാണ്, ലൈറ്റിങ് പോകുന്നു. അപ്പോഴും റഹ്മാൻ്റെ (ഖാലിദ് റഹ്മൻ) വിവരണം തീർന്നിട്ടില്ല. എനിക്ക് ദേഷ്യം വരാൻ തുടങ്ങി.
എനിക്ക് ദേഷ്യം വരാനുള്ള കാരണം തന്നെ അവന് അനുരാഗ കരിക്കിൻ വെള്ളം മുതൽ ക്യാമറയുടെ അത്യാവശ്യം കാര്യങ്ങളെല്ലാം അറിയാം. അവനത് അറിയമെന്ന കാര്യവും ഞാൻ ഉറപ്പ് വരുത്തിയിട്ടുണ്ട്. അത് എനിക്ക് വ്യക്തിപരമായി നിർബന്ധമുള്ള കാര്യമാണ്. ഇനിയും വൈകിയാൽ ഗ്രെയ്ൻസ് വരാൻ തുടങ്ങും. അത് അവൻ്റെ ഷോട്ടിന് തന്നെയാണ് മോശമായി വരിക.
സീൻ അനുസരിച്ച് നമുക്ക് അത് പുറത്താണ് എടുക്കേണ്ടത്. അത്രയും ലൈറ്റ് വേണ്ട കാര്യവുമാണ്. എന്നെപോലത്തന്നെ അതിനെ കുറിച്ച് ഖാലിദ് റഹ്മാനും അറിയാം. എന്നിട്ടും അവൻ തുഴഞ്ഞുകൊണ്ടിരിക്കുകയാണ്. അതിന് അവനും അവൻ്റേതായിട്ടുള്ള കാരണങ്ങൾ ഉണ്ട്. അവൻ അവൻ്റെ ക്രാഫ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. അന്ന് വൈകുന്നേരം ഞങ്ങൾ തമ്മിൽ സെറ്റിൽ ഒച്ചയുണ്ടായി. എന്നിട്ടവൻ ബാക്ക് അപ്പ് വിളിച്ചിട്ട് പോയി,’ ജിംഷി ഖാലിദ് പറയുന്നു.