തര്‍ക്കമൊഴിയുന്നില്ല; സി.ഐ.സി സമിതികളില്‍ നിന്ന് സമസ്ത നേതാക്കള്‍ രാജിവെച്ചു
Kerala News
തര്‍ക്കമൊഴിയുന്നില്ല; സി.ഐ.സി സമിതികളില്‍ നിന്ന് സമസ്ത നേതാക്കള്‍ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd May 2023, 11:32 am

മലപ്പുറം: സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ സി.ഐ.സി
(കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജ്) സമിതികളില്‍ നിന്ന് രാജിവെച്ചു. സി.ഐ.സി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. സംഘടന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും രാജിവെച്ചു.

സി.ഐ.സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സാദിഖലി തങ്ങള്‍ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്ന് സമസ്ത നേതാക്കള്‍ അയിച്ചു.

ഹക്കീം ഫൈസി ആദൃശേരിക്ക് പകരം ഹബീബുള്ള ഫൈസിയെ സാദിഖലി തങ്ങള്‍ ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഈ നിയമനം സമസ്തയോട് കൂടിയാലോചിച്ചില്ലെന്ന പരാതി സമസ്തക്കുണ്ട്.

സംഘടനാവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു ഹക്കീം ഫൈസി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ നിന്നും പുറത്താക്കപ്പെട്ടത്. ഇതിന് പിന്നാലെ സി.ഐ.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുകയായിരുന്നു.

ആദൃശേരി രാജിവെച്ചതിന് പിന്നാലെ 130 അധ്യാപകരാണ് സി.ഐ.സി വിട്ടത്. ഇവര്‍ക്കുപുറമെ വാഫി സ്റ്റുഡന്റ്‌സ് അസോസിയേഷനും ഹക്കീം ഫൈസിയെ പുറത്താക്കിയാല്‍ രാജിവെക്കുമെന്ന് വ്യക്തമാക്കിയിരുന്നു.