ലോക്ഡൗണില്‍പ്പെട്ട പതിനാറുകാരിയ്‌ക്കെതിരെ ലൈംഗികാക്രമണം; സുഹൃത്തടക്കം 9 പേര്‍ക്കെതിരെ കേസ്
Gender Issue
ലോക്ഡൗണില്‍പ്പെട്ട പതിനാറുകാരിയ്‌ക്കെതിരെ ലൈംഗികാക്രമണം; സുഹൃത്തടക്കം 9 പേര്‍ക്കെതിരെ കേസ്
ന്യൂസ് ഡെസ്‌ക്
Saturday, 28th March 2020, 8:16 am

റാഞ്ചി: ലോക്ഡൗണില്‍പെട്ട പതിനാറുകാരിയെ ജാര്‍ഖണ്ഡില്‍ ലൈംഗികമായി ആക്രമിച്ചു. സുഹൃത്ത് ഉള്‍പ്പെടെ ഒന്‍പതു പേരാണ് പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ചത്.

ഹോസ്റ്റല്‍ പൂട്ടിയതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം വീട്ടിലേക്കു പോയ പെണ്‍കുട്ടിയാണ് ആക്രമണത്തിനിരയായത്. വഴിയില്‍ വച്ച് സുഹൃത്ത് മറ്റുള്ളവരെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

ഈ മാസം 24 നായിരുന്നു സംഭവം. പൊലീസ് അന്വേഷണം തുടങ്ങി.

ഹോസ്റ്റല്‍ പൂട്ടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി രക്ഷിതാവിനെ വിളിച്ച് വിവരം പറഞ്ഞിരുന്നെങ്കിലും പിതാവിന് സമയത്ത് എത്തിച്ചേരാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അടുത്ത സുഹൃത്തിന്റെ സഹായം തേടിയത്.

ലോക്ഡൗണിനിടെ ദേശീയപാതയിലൂടെ പോകുന്നത് അപകടമാണെന്നു പെണ്‍കുട്ടിയെ ധരിപ്പിച്ച പ്രതി ആള്‍സഞ്ചാരമില്ലാത്ത മറ്റൊരു വഴിയിലൂടെയാണ് യാത്ര തിരിച്ചത്. വിജനമായ സ്ഥലത്തു വാഹനം നിര്‍ത്തി തന്നെ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നും സുഹൃത്തുക്കളെ വിളിച്ചു വരുത്തി എല്ലാവരും ചേര്‍ന്ന് ലൈംഗികമായി ആക്രമിക്കുകയായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു.

പിന്നീട് കാട്ടില്‍ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടി ബോധം തെളിഞ്ഞ ശേഷമാണ് ദേശീയപാതയിലെത്തിയത്.

ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ മൊഴി ഗോപികന്ദര്‍ പൊലീസ് രേഖപ്പെടുത്തി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

WATCH THIS VIDEO: