ഇസ്രഈലിനെതിരെ ഉപരോധം ഏർപ്പെടുത്താൻ യു.എന്നിനും ലോകനേതാക്കൾക്കും കത്ത് നൽകി ജൂത പ്രമുഖർ
Trending
ഇസ്രഈലിനെതിരെ ഉപരോധം ഏർപ്പെടുത്താൻ യു.എന്നിനും ലോകനേതാക്കൾക്കും കത്ത് നൽകി ജൂത പ്രമുഖർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd October 2025, 11:03 pm

വാഷിങ്ടൺ: ഗസയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യക്ക് ഉപരോധം ഏർപ്പെടുത്തുന്നതിനായി ഐക്യരാഷ്ട്രസഭയ്ക്കും ലോകനേതാക്കൾക്കും കത്ത് നൽകി 450 ലേറെ ജൂത പ്രമുഖർ.

ഇത് ജൂതമതത്തോടുള്ള വഞ്ചനയല്ലെന്നും ഫലസ്തീനികളോടുള്ള തങ്ങളുടെ ഐക്യദാർഢ്യമാണെന്നും കത്തിൽ ഒപ്പുവെച്ചവർ പറഞ്ഞു. വ്യാഴാഴ്‌ച ബ്രസ്സൽസിൽ യൂറോപ്യൻ യൂണിയൻ യോഗം ചേരുന്നതിനിടെയാണ് കത്ത് പ്രസിദ്ധീകരിച്ചത്.

ഗസയിൽ ഇസ്രഈൽ നടത്തിയ വംശഹത്യ മനസാക്ഷിക്ക് നിരക്കാത്ത പ്രവൃത്തിയാണെന്ന് അവർ പറഞ്ഞു. തുടർന്ന് ഇസ്രഈലിനെതിരെ കടുത്ത നടപടി വേണമെന്ന് യു. എന്നിനോടും ലോകനേതാക്കളോടും ജൂത പ്രമുഖർ ആവശ്യപ്പെട്ടു.

ആവശ്യമുന്നയിച്ചവരിൽ മുൻ ഇസ്രഈലി ഉദ്യോഗസ്ഥർ, ഓസ്കാർ ജേതാക്കൾ, എഴുത്തുകാർ, ബുദ്ധിജീവികൾ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.

‘ഹോളോകോസ്റ്റിന് പിന്നാലെയുണ്ടായ നിയമങ്ങളെ കുറിച്ച് ഞങ്ങൾക്കറിയാം. എല്ലാ മനുഷ്യ ജീവനുകളെയും സംരക്ഷിക്കുന്നതിനാണ് ആ നിയമങ്ങൾ. ആ സുരക്ഷാ മാനദണ്ഡങ്ങൾ ഇസ്രഈൽ നിരന്തരം ലംഘിക്കുകയാണ്,’ അവർ പറഞ്ഞു.

വെടിനിർത്തൽ കരാറിന് ശേഷവും ഇസ്രഈൽ ആക്രമണം തുടരുന്നത് അന്താരാഷ്ട്ര ലംഘനമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഗസയിൽ മതിയായ മാനുഷിക സഹായം ഉറപ്പാക്കാനും സമാധാനത്തിനും നീതിക്കും വേണ്ടി വാദിക്കുന്നവർക്കെതിരെ നടത്തുന്ന ജൂതവിരുദ്ധ പ്രവൃത്തികൾക്ക് നേരെ നടപടിയെടുക്കാനും ഒപ്പിട്ടവർ ലോക നേതാക്കളോട് ആവശ്യപ്പെട്ടു.

ഇസ്രഈലി നെസെറ്റ് മുൻ സ്‌പീക്കർ അബ്രഹാം ബർഗ്, മുൻ ഇസ്രായേലി സമാധാന ചർച്ചാ പ്രതിനിധി ഡാനിയേൽ ലെവി, ബ്രിട്ടീഷ് എഴുത്തുകാരൻ മൈക്കൽ റോസൻ, കനേഡിയൻ എഴുത്തുകാരി നവോമി ക്ലീൻ, ഓസ്‌കർ ജേതാവായ ചലച്ചിത്ര നിർമാതാവ് ജോനാഥൻ ഗ്ലേസർ, യു.എസ് സിനിമാതാരം വാലസ് ഷോൺ, എമ്മി ജേതാക്കളായ ഇലാന ഗ്ലേസർ, ഹന്ന ഐൻബിൻഡർ, പുലിറ്റ്‌സർ സമ്മാന ജേതാവ് ബെഞ്ചമിൻ മോസർ എന്നിവരടക്കം കത്തിൽ ഒപ്പിട്ടു.

ഗസയിൽ ഇസ്രഈൽ യുദ്ധക്കുറ്റകൃത്യമാണ് നടത്തുന്നതെന്ന് 61% യു.എസ് ജൂതൻമാർ വിശ്വസിക്കുന്നു. 39 %പേർ അത് വംശഹത്യയാണെന്ന് പറയുന്നതായി വാഷിങ്ടൺ പോസ്റ്റ് നടത്തിയ സർവേ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.

അമേരിക്കയിലെ പൊതുജനങ്ങളിൽ 45% പേർ ഇസ്രഈൽ നടത്തുന്നത് വംശഹത്യയാണെന്ന് ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷനോട് പറഞ്ഞു. ആഗസ്റ്റിൽ നടന്ന ക്വിന്നിപിയാക് സർവേയിൽ 77 % ഡെമോക്രാറ്റുകൾ ഉൾപ്പെടെയുള്ള യു.എസ് വോട്ടർമാർക്കും ഇതേ നിലപാടാണെന്നാണ് റിപ്പോർട്ടുകൾ.

Content Highlight: Jewish leaders write to UN and world leaders to impose sanctions on Israel