അന്ന് സൂര്യ സെറ്റിൽ വരാൻ ഒരു കാരണമുണ്ടായിരുന്നു; വലിയ ഇവന്റ് ആക്കണ്ടെന്ന് ഞങ്ങൾ കരുതി: ജിയോ ബേബി
Film News
അന്ന് സൂര്യ സെറ്റിൽ വരാൻ ഒരു കാരണമുണ്ടായിരുന്നു; വലിയ ഇവന്റ് ആക്കണ്ടെന്ന് ഞങ്ങൾ കരുതി: ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th November 2023, 4:22 pm

കാതൽ ദി കോറിന്റെ ലൊക്കേഷനിൽ സൂര്യ വന്ന ദിവസത്തെ അനുഭവം പങ്കുവെക്കുകയാണ് ജിയോ ബേബി. സൂര്യയുടെ അച്ഛന്റെ പിറന്നാളിന് വേണ്ടി ജ്യോതികയ്ക്ക് ചെന്നൈയിലേക്ക് പോകേണ്ടി വന്നപ്പോൾ സൂര്യക്ക് സെറ്റിലേക്ക് വരണമെന്നുണ്ടായിരുന്നു എന്ന് ജ്യോതിക പറഞ്ഞപ്പോൾ തങ്ങൾക്ക് സന്തോഷമായെന്നും വരാൻ പറഞ്ഞെന്നും ജിയോ ബേബി പറഞ്ഞു.

ബിരിയാണിയൊക്കെ ഉണ്ടാക്കി തങ്ങൾ എല്ലാവരും ഒത്തുകൂടിയെന്നും ജിയോ പറയുന്നുണ്ട്. അത് വലിയ ഇവന്റ് ഒന്നുമല്ലെന്നും ജ്യോതികയെ പത്ത് പതിനഞ്ച് ദിവസമായിട്ട് കാണാതിരുന്നപ്പോൾ കാണാൻ വന്നതാണെന്നും ജിയോ കൂട്ടിച്ചേർത്തു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജ്യോതിക ഇവിടെ അഭിനയിക്കാൻ വരുന്നു. ഒരു സമയത്ത് ജ്യോതികയ്ക്ക് നാട്ടിലേക്ക് പോകണം. ചെന്നൈയിൽ സൂര്യയുടെ അച്ഛന്റെ ബർത്ത് ഡേയോ മറ്റോ ആയിരുന്നു. പോയിട്ട് രണ്ടുദിവസം കഴിഞ്ഞ് തിരിച്ചു വരും. എപ്പോഴാണ് പോകുന്നത് എന്ന് ചോദിച്ചപ്പോൾ സൂര്യയ്ക്ക് ഇങ്ങോട്ട് വരണം എന്നുണ്ട് എന്ന് പറഞ്ഞു. അപ്പോൾ നമ്മൾ ഭയങ്കര എക്സൈറ്റഡ് ആയി.

ഒരു ബിരിയാണി ഒക്കെ ഉണ്ടാക്കി ഞങ്ങളെല്ലാവരും ഒന്നു കൂടി. നമ്മൾ സൂര്യയെ ക്ഷണിക്കുകയൊന്നും ചെയ്തിട്ടില്ല, അത് അങ്ങനെ ഒരു പ്ലാൻഡ് ഇവന്റ് ഒന്നുമല്ല. അദ്ദേഹം വരുന്നു എന്നറിയാം. നമ്മളെയും മമ്മൂക്കയെയും കാണാൻ വരികയാണ്. അവരൊക്കെ ഭയങ്കര ഡൗൺ റ്റു എർത് ആയിട്ടുള്ള മനുഷ്യരാണ്.

ഇങ്ങോട്ട് വന്നത് ഒരു ഇവൻറ് ഉണ്ടാക്കാൻ വേണ്ടിയിട്ടൊ പബ്ലിസിറ്റി ഉണ്ടാക്കാൻ വേണ്ടിയിട്ടൊ ഒന്നുമല്ല. സൂര്യ ജ്യോതികയെ കണ്ടിട്ട് പത്ത് പതിനഞ്ച് ദിവസമായി . അതുകൊണ്ട് കാണാൻ വന്നു. അവരൊരുമിച്ച് തിരിച്ചുപോയി. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ അവിടുത്തെ ബർത്ത് ഡേ ഫംഗ്ഷൻ കഴിഞ്ഞ് ജ്യോതിക തിരിച്ചുവന്നു. പരസ്പരം സ്നേഹിക്കുന്ന രണ്ടു മനുഷ്യർ അങ്ങനെയൊക്കെ ചെയ്യും.

എന്റെ പാർട്ണർ മലപ്പുറത്താണ് . ഞാൻ കാതലിന്റെ ഷൂട്ടിനിടയ്ക്ക് രാത്രി ആറുമണിയൊക്കെ ആകുമ്പോൾ ഡ്രൈവ് ചെയ്തിട്ട് മലപ്പുറത്ത് പോയി കണ്ടിട്ട് പിറ്റേ ദിവസം ഏഴുമണിക്ക് ഞാൻ ഇവിടെ ഡ്രൈവ് ചെയ്ത് എത്തും. ഇത് രണ്ടും സെയിം ആണ്. നമുക്ക് കാണണമെന്നു തോന്നുമ്പോൾ പോകാതെ പറ്റില്ലല്ലോ,’ജിയോ ബേബി പറഞ്ഞു.

Content Highlight: Jeo baby shared experience of surya’s visit in kathal movie’s set