അപ്പോൾ ഊതി വീർപ്പിച്ച ബലൂൺ ആയിപ്പോയെന്ന് ആളുകൾ പറയും, കരിയർ ബെസ്റ്റ് എന്ന് പറയുമ്പോഴും മനസിൽ ആ ചിന്തയാണ്: ജഗദീഷ്
Entertainment
അപ്പോൾ ഊതി വീർപ്പിച്ച ബലൂൺ ആയിപ്പോയെന്ന് ആളുകൾ പറയും, കരിയർ ബെസ്റ്റ് എന്ന് പറയുമ്പോഴും മനസിൽ ആ ചിന്തയാണ്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th November 2023, 3:28 pm

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ കയ്യടി നേടി കൊണ്ടിരിക്കുകയാണ് നടൻ ജഗദീഷ്. ഹാസ്യതാരമായി കരിയർ തുടങ്ങിയ അദ്ദേഹം നിലവിൽ സീരിയസ് വേഷങ്ങൾ ചെയ്തും പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. അവസാനം ഇറങ്ങിയ ഫാലിമി എന്ന ചിത്രത്തിലും ഏറെ പ്രശംസകൾ നേടാൻ ജഗദീഷ് അവതരിപ്പിച്ച കഥാപാത്രത്തിന് കഴിഞ്ഞിരുന്നു.

ചിത്രത്തിലെ തന്റെ പ്രകടനം കണ്ട് വിളിച്ചവരെല്ലാം മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നും നടൻ എന്ന നിലയിൽ തനിക്കത് വലിയ വെല്ലുവിളിയാണെന്നും ജഗദീഷ് പറയുന്നു. ഇനിയൊരു കഥാപാത്രം ചെയ്യുമ്പോൾ ഈ വേഷത്തിന് മുകളിൽ വന്നിട്ടില്ലെങ്കിൽ പ്രേക്ഷകർ അതും ചർച്ച ചെയ്യുമെന്നും കൗമുദി മൂവീസിനോട് ജഗദീഷ് പറഞ്ഞു.

‘കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ കഥകളിലും ആഖ്യാനങ്ങളിലും അവതരണങ്ങളിലും പ്രകടനങ്ങളിലുമെല്ലാം വരുമ്പോൾ അതിനനുസരിച്ച് നമ്മളും മാറണം. ഫാലിമി കണ്ടിട്ട് എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. എന്നെ സംബന്ധിച്ച് അതാണ് ഏറ്റവും വലിയ വെല്ലുവിളി.

കാരണം ഫാലിമി കണ്ടിട്ട് പ്രേക്ഷകരും വിമർശകരുമെല്ലാം ഒരുപോലെ പറഞ്ഞത് അതിലെ കഥാപാത്രം എന്റെ കരിയർ ബെസ്റ്റ് പ്രകടനമാണെന്നായിരുന്നു. എത്രയോ ആളുകൾ എന്നെ വിളിച്ച് പറഞ്ഞു ഫാലിമിയിലെ പ്രകടനമാണ് ദി ബെസ്റ്റ് എന്ന്. പ്രേക്ഷകർ അങ്ങനെ പറയുമ്പോൾ, ഇനി ചെയ്യുന്നത് അതിന് മുകളിൽ കൊണ്ടുപോവൻ പറ്റുമോ എന്നാണ് എന്റെ ചിന്ത.

വ്യക്തിപരമായി അതെനിക്ക് വലിയ ടെൻഷൻ ഉണ്ടാക്കുന്നുണ്ട്. പ്രേക്ഷകർ എന്റെ പ്രകടനത്തിന് എനിക്ക് നൂറിൽ തൊണ്ണൂറ് മാർക്ക് തന്നിട്ടുണ്ടെങ്കിൽ ഇനി അടുത്ത ഒരു കഥാപാത്രം ചെയ്യുമ്പോൾ 91 മാർക്ക് വാങ്ങണം എന്നത് എനിക്കൊരു വെല്ലുവിളിയാണ്.

അതിനനുസരിച്ചിട്ടുള്ള സ്ക്രിപ്റ്റും സംവിധായകരുമെല്ലാം എന്നെ തേടി വന്നാലേ എനിക്കത് ലഭിക്കുകയുള്ളൂ. അടുത്ത കഥാപാത്രത്തിന് ഒരു 89 കിട്ടിയാലും പ്രേക്ഷകർ പറയുക മറ്റേതിന്റെ അത്ര പോര എന്നായിരിക്കും.

അതുകൊണ്ട് തന്നെ എന്റെ ഉത്തരവാദിത്തം ഓരോ ദിവസം കഴിയുമ്പോഴും കൂടുകയാണ്. കരിയർ ബെസ്റ്റ് എന്നൊക്കെ പറയുമ്പോൾ വലിയ സന്തോഷമാണെങ്കിലും മനസിനുള്ളിൽ, അയ്യോ അടുത്തത് എന്താവും എന്ന ചിന്തയാണ്. പെട്ടെന്ന് ഒരു ദിവസം 60 തന്നാൽ എന്ത് ചെയ്യും.

ഊതി വീർപ്പിച്ച ബലൂൺ ആയി പോയോ എന്ന് ആളുകൾ കമന്റ് ചെയ്യും. ഭാഗ്യ വശാൽ അങ്ങനെയൊന്നുമില്ല. കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുമ്പോഴും സംവിധായകർ കഥാപാത്രങ്ങളെ എനിക്ക് നൽകുമ്പോഴും ശ്രദ്ധിക്കാറുണ്ട്. അങ്ങനെ അവരുടെയും എല്ലാവരുടെയും സഹായം ഉണ്ടെങ്കിൽ പ്രേക്ഷകരെ നിരാശപ്പെടുത്താതെ മുന്നോട്ടുപോകാമെന്നാണ് എന്റെ വിശ്വാസം,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadheesh Talk About His Character In Falimy Movie