മേളയുടെ ഉദ്ഘാടകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍; 'ഫ്രീഡം ഫൈറ്റ്' പിന്‍വലിക്കുന്നുവെന്ന് സംവിധായകന്‍ ജിയോ ബേബി
Entertainment news
മേളയുടെ ഉദ്ഘാടകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍; 'ഫ്രീഡം ഫൈറ്റ്' പിന്‍വലിക്കുന്നുവെന്ന് സംവിധായകന്‍ ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th December 2022, 10:45 pm

കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും ”ഫ്രീഡം ഫൈറ്റ്” സിനിമ പിന്‍വലിക്കുന്നതായി സംവിധായകന്‍ ജിയോ ബേബി. ഗുരുതര ആരോപണം നേരിടുന്ന കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകനായി എത്തുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും സംവിധായകന്‍ വ്യക്തമാക്കി.

ഏകാധിപത്യ ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന നിലപാടാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിക്കുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജിയോ ബേബി കുറ്റപ്പെടുത്തി. ‘സര്‍ക്കാരിന്റെ / ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും, കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ എന്നിവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നതായും ജിയോ ബേബി വ്യക്തമാക്കി.

കെ.ആര്‍ നാരയണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളോടും മറ്റ് തൊഴിലാളികളോടും ജാതീയമായ വിവേചനം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ നടത്തുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അതിനെ തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്.

ജിയോ ബേബി, മഹേഷ് നാരായണന്‍ എന്നിവരുള്‍പ്പടെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഡ്യവുമായി രംഗത്ത് വന്നിരുന്നു. ഇരുപത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയും വിദ്യര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയിരുന്നു.

ഫ്രീഡം ഫൈറ്റ് എന്ന ഞങ്ങളുടെ സിനിമ ഹാപ്പിനസ് ഇന്റര്‍ നാഷ്ണല്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ തെരഞ്ഞെടുക്കപെട്ടിട്ടുള്ളതാണ്. സിനിമ ഹാപ്പിനസ് ഇന്റര്‍ നാഷ്ണല്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ നിന്നും ഞങ്ങള്‍ പിന്‍വലിക്കുകയാണ്. ഇത്ര അധികം ആരോപണങ്ങള്‍ നേരിടുന്ന , കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപദി ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകന്‍ ആവുന്നതില്‍ പ്രധിഷേധിച്ചാണ് സിനിമ പിന്‍വലിക്കുന്നത്.

സര്‍ക്കാരിന്റെ / ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നു. കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നു. എന്ന്, നിര്‍മാതാക്കള്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍.എസ്, രാജ് വിഷ്ണു രാജന്‍. സംവിധായകര്‍, കുഞ്ഞില മസിലമണി, അഖില്‍ അനില്‍കുമാര്‍, ഫ്രാന്‍സിസ് ലൂയിസ്, ജിതിന്‍ ഐസക് തോമസ്,’ ജിയോ ബേബി ഫേസ് ബുക്കില്‍ കുറിച്ചു.

ഡിസംബര്‍ 19 മുതല്‍ 21 വരെയാണ് ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

content highlight: jeo Baby says freedom fight withdraws from film festival in protest against adoor gopalakrishnan