ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരന്‍ ആന്‍ഡ്രൂവിനെ രാജപദവിയില്‍ നിന്നും പുറത്താക്കി കൊട്ടാരത്തിന്റെ തീരുമാനം. അമേരിക്കന്‍ സ്വദേശിയായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് ആന്‍ഡ്രൂവിനെ സ്ഥാനത്തുനിന്നും പടിയിറക്കിയിരിക്കുന്നത്.
വൈകാതെ തന്നെ വിന്‍ഡ്‌സര്‍ കൊട്ടാരത്തില്‍ നിന്നും ആന്‍ഡ്രൂവിനെ പുറത്താക്കും. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ആന്‍ഡ്രൂവിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.
ചാള്‍സ് രാജാവിന്റെ ഇളയ സഹോദരനാണ് ആന്‍ഡ്രൂ. ഇനിമുതല്‍ ‘പ്രിന്‍സ്’ പദവി നഷ്ടപ്പെടുമെന്നും ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്സ്റ്റര്‍ എന്നറിയപ്പെടുമെന്നും ബക്കിങ്ഹാം കൊട്ടാരം വ്യാഴാഴ്ച പുറത്തിറക്കിയ കുറിപ്പിലൂടെ അറിയിച്ചു.
ആന്‍ഡ്രൂ രാജകുമാരന്റെ സ്ഥാനപ്പേരുകള്‍, ബഹുമതികള്‍ എന്നിവ നീക്കം ചെയ്യുന്നതിനുള്ള ഔപചാരിക നടപടിക്രമം രാജാവ് ആരംഭിച്ചിരിക്കുന്നു എന്ന് കൊട്ടാരം പ്രസ്താവനയിലുടെ അറിയിച്ചു.
കൗമാരപ്രായത്തില്‍ ആന്‍ഡ്രൂ രാജുമാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്ന യു.എസ് ഓസ്‌ട്രേലിയന്‍ അഭിഭാഷക വിര്‍ജീനിയ ഗിയുഫ്രെയുടെ വെളിപ്പെടുത്തലാണ് ജെഫ്രി എപ്സ്റ്റീനുമായുള്ള ആന്‍ഡ്രൂവിന്റെ ബന്ധം തെളിയിച്ചത്.
തന്നെ നിരവധി തവണ ആന്‍ഡ്രൂ പീഡനത്തിനിരയാക്കിയെന്ന് വിര്‍ജീനിയയുടെ മരണാനന്തര ഓര്‍മക്കുറിപ്പില്‍ വെളിപ്പെടുത്തിയിരുന്നു. കുട്ടിയായിരിക്കെ തട്ടിക്കൊണ്ടുപോകലിനും ലൈംഗിക പീഡനത്തിനും ഇരയായെന്ന വിര്‍ജീനിയയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയയില്‍ വെച്ച് വിര്‍ജീനിയ ആത്മഹത്യ ചെയ്തിരുന്നു. പിന്നാലെ ഇവരുടെ ഓര്‍മക്കുറിപ്പായ ‘നോബഡീസ് ഗേള്‍ (Nobodies Girl)’ പുറത്തെത്തുകയും ആന്‍ഡ്രൂ രാജകുമാരനും ജെഫ്രി എപ്സ്റ്റീനും എതിരായ ഗുരുതര ആരോപണങ്ങള്‍ പുറംലോകമറിയുകയുമായിരുന്നു.
ജെഫ്രി എപ്സ്റ്റീന്‍ കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കായി കടത്തിയ കേസില്‍ രണ്ടുതവണ ജയില്‍ശിക്ഷ അനുഭവിച്ചയാളാണ്. ഇയാളുമായുള്ള ബന്ധം നിഷേധിച്ചെങ്കിലും ആന്‍ഡ്രൂ ഈ മാസമാദ്യം ഡ്യൂക്ക് ഓഫ് യോര്‍ക്ക് ഉള്‍പ്പെടെയുള്ള രാജകീയ പദവികള്‍ ഉപേക്ഷിച്ചിരുന്നു.
അതേസമയം, മരണത്തിനുശേഷവും വിര്‍ജീനിയ പോരാട്ടം തുടരുകയും അസാധാരണമായ ധൈര്യം കൊണ്ട് ബ്രിട്ടീഷ് രാജകുമാരനെ വീഴിത്തുകയും ചെയ്തുവെന്നാണ് അവരുടെ കുടുംബം ഇതിനോട് പ്രതികരിച്ചത്.
Content Highlights: Jeffrey Epstein affair: Prince Andrew stripped of royal duties