കൊവിഡ് ലോക്ക്ഡൗണിന് ശേഷം സിനിമാ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഓവര്‍ ദി ടോപ് അഥവാ ഒ.ടി.ടി എന്നറിയപ്പെടുന്ന പ്ലാറ്റ്‌ഫോമുകള്‍ കൊണ്ടുവന്നിരിക്കുന്നത്. തിയേറ്ററുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്ന സാഹചര്യത്തില്‍ വലിയ ഒരു വിഭാഗം പ്രേക്ഷകരിലേക്ക് ചിത്രമെത്തിക്കാന്‍ സാധിക്കുന്ന ഒ.ടി.ടികള്‍ ചെറിയ ചിത്രങ്ങളുടെ മാര്‍ക്കറ്റും ക്രമാതീതമായി വര്‍ദ്ധിപ്പിച്ചിരുന്നു.
വലിയ മാര്‍ക്കറ്റ് വാല്യൂ ഇല്ലാതിരുന്നിട്ടും ക്വാളിറ്റി ഉള്ള ചിത്രങ്ങളെ രാജ്യാന്തര തലത്തില്‍ അവതരിപ്പിക്കാന്‍ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിക്കാറുണ്ട്. ഇതിന് പിന്നാലെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ക്കായി പ്രത്യേകം തയ്യാറാക്കുന്ന ചിത്രങ്ങളും ഇന്ന് സാധാരണയാണ്. ഇപ്പോഴിതാ തിയേറ്റര്‍ ചിത്രങ്ങളെന്നും ഒ.ടി.ടി ചിത്രങ്ങളെന്നും രണ്ട് വിഭാഗം ചിത്രങ്ങള്‍ തന്നെയുണ്ടെന്ന് പറയുകയാണ് ജീത്തു ജോസഫ്.
ജീത്തു ജോസഫ്. Photo: TOI
‘തിയേറ്റര്‍ എക്‌സ്പീരിയന്‍സെന്നും ഒ.ടി.ടിക്കു വേണ്ടിയുള്ള ചിത്രങ്ങളെന്നും രണ്ട് തരത്തിലുള്ള ചിത്രങ്ങളുണ്ട്. ഒരു കൊച്ചുപടം എന്ന രീതിയില്‍ ഇപ്പോള്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് മോഹിനിയാട്ടം. ചിത്രം ഞാന്‍ കണ്ടിരുന്നു. നല്ല ചിത്രമാണ്. അതിന്റെ ഫസ്റ്റ് പാര്‍ട്ട് ഉണ്ടല്ലോ ഭരതനാട്യം. അതിന് തിയേറ്ററുകളില്‍ നിന്നും പോസിറ്റീവ് റെസ്‌പോണ്‍സ് കിട്ടിയിരുന്നെങ്കിലും സര്‍വൈവ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.
അന്ന് എന്നോട് രണ്ട് മൂന്നുപേര്‍ പറഞ്ഞത് നല്ല ചിത്രമാണെന്നാണ് പക്ഷേ ഒ.ടി.ടിയില്‍ വന്നിട്ട് കാണാമെന്നാണ്. കാരണം അതിനകത്ത് വേറെ ഒരു കാരണം കൂടെയുണ്ട്. ഇന്ന് നമ്മള്‍ ഒരു ഫാമിലി ആയി തിയേറ്ററില്‍ പോയാല്‍ 1000-1200 രൂപ വരെ ചെലവ് വന്നേക്കാം. അത് കൊണ്ട് ചില സിനിമകളെ കുറിച്ച് ആളുകള്‍ ചിന്തിക്കുന്നത് ഇത് ഒ.ടി.ടിയില്‍ കണ്ടാലും മതി എന്നായിരിക്കും. പക്ഷേ ലോകഃ പോലെയൊരു സിനിമ തിയേറ്ററില്‍ നിന്ന് തന്നെ കാണേണ്ടതാണ്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ആള്‍ക്കാര്‍ ചൂസിയാകും. പക്ഷേ ഹ്യൂമര്‍ സിനിമകള്‍ തിയേറ്ററില്‍ കാണുമ്പോള്‍ ബാക്കിയെല്ലാവരും ചിരിക്കുന്നതിനൊപ്പം നമ്മളും ചിരിച്ച് പോകും. അതാണ് തിയേറ്ററിക്കല്‍ എക്‌സ്പീരിയന്‍സിന്റെ വേറെയൊരു വശം. പക്ഷേ ഒത്തിരി ഫാക്ടേഴ്‌സ് കണക്കിലെടുക്കുമ്പോള്‍ സാമ്പത്തികം വലിയ ഫാക്ടറാണ്,’ ജീത്തു ജോസഫ് പറഞ്ഞു.
ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം ഫ്രാഞ്ചൈസിലെ മൂന്നാം ഭാഗം. നേരത്തേ ഏപ്രില്‍ രണ്ടിന് വാഴ 2വിന് ക്ലാഷ് റിലീസായി ഇറങ്ങാനിരുന്ന ചിത്രം പിന്നീട് മെയ് 21 ന് മോഹന്‍ലാലിന്റെ ജന്മദിനത്തിലേക്ക് റിലീസ് മാറ്റിവെക്കുകയായിരുന്നു.
Content Highlight: Jeethu Joseph talks about Ott Films and Theatrical films
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.