എന്നെ ആദ്യമായി കണ്ടപ്പോഴുള്ള കമല്‍ സാറിന്റെ ചോദ്യം; അന്ന് എനിക്ക് മറുപടി ഇല്ലായിരുന്നു: ജീത്തു ജോസഫ്
Entertainment
എന്നെ ആദ്യമായി കണ്ടപ്പോഴുള്ള കമല്‍ സാറിന്റെ ചോദ്യം; അന്ന് എനിക്ക് മറുപടി ഇല്ലായിരുന്നു: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th July 2025, 4:54 pm

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ തമിഴ് ക്രൈം ത്രില്ലര്‍ ചിത്രമാണ് പാപനാസം. മലയാളത്തിലെ ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. മലയാളത്തില്‍ ജോര്‍ജുകുട്ടിയായി മോഹന്‍ലാല്‍ അഭിനയിച്ചപ്പോള്‍ കമല്‍ ഹാസന്‍ സുയമ്പുലിംഗം എന്ന കഥാപാത്രയിട്ടാണ് പാപനാസത്തില്‍ എത്തിയത്.

സുരേഷ് ബാലാജെയും രാജ്കുമാര്‍ സേതുപതിയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചത്. കമല്‍ ഹാസന് പുറമെ ഗൗതമി, നിവേത തോമസ്, എസ്തര്‍ അനില്‍, ആശാ ശരത്, റോഷന്‍ ബഷീര്‍ കലാഭവന്‍ മണി, എം.എസ്. ഭാസ്‌കര്‍ തുടങ്ങി മികച്ച താരനിരയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്.

കമല്‍ ഹാസന്‍ പാപനാസം സിനിമയിലൂടെ തനിക്ക് വളരെ നല്ല അനുഭവങ്ങളാണ് നല്‍കിയതെന്ന് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കമല്‍ ഹാസന്‍ എന്ന നടന്‍ പാപനാസം സിനിമയിലൂടെ എനിക്ക് വളരെ നല്ല അനുഭവങ്ങളാണ് നല്‍കിയത്. അദ്ദേഹം സിനിമയുടെ കാര്യത്തില്‍ ഒരു യൂണിവേഴ്‌സിറ്റിയാണ്. കമല്‍ സാര്‍ എന്നെ ആദ്യമായി കണ്ടപ്പോള്‍ ചോദിച്ച ചോദ്യം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.

ഞാനൊരു ക്രിസ്ത്യാനിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹം എന്നോട് ചോദിച്ചത് ‘കേരളത്തില്‍ ക്രിസ്തുമതം എപ്പോഴാണ് വരുന്നതെന്ന് അറിയുമോ?’ എന്നായിരുന്നു. എനിക്ക് അതിന് മറുപടി ഇല്ലായിരുന്നു. എനിക്ക് അറിയില്ലായിരുന്നു.

പക്ഷെ അതിന്റെ ഉത്തരം അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം ജെനറല്‍ നോളജിന്റെ കാര്യത്തില്‍ വളരെ മികച്ച ആളാണ്. വേറെ ലെവല്‍ ആയിട്ടുള്ള ആളാണ്. പാപനാസം എന്ന പേര് അദ്ദേഹത്തിന്റെ സജഷന്‍ ആയിരുന്നു.

ആ കഥാപാത്രത്തിന്റെ കമ്യൂണിറ്റിയെ കുറിച്ചും കമല്‍ സാര്‍ തന്നെയാണ് പറഞ്ഞുതരുന്നത്. കാരണം എനിക്ക് ആ കമ്യൂണിറ്റിയുടെ കള്‍ച്ചറല്‍ സൈഡൊന്നും അറിയില്ലായിരുന്നു. സിനിമക്ക് വേണ്ടി അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്,’ ജീത്തു ജോസഫ് പറയുന്നു.


Content Highlight: Jeethu Joseph Talks About Kamal Haasan