ഇന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ത്രില്ലർ ഫ്രാഞ്ചൈസികളിലൊന്നായി മാറിയ ചിത്രമാണ് ജീത്തു ജോസഫിന്റെ തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ദൃശ്യം.

മോഹൻലാൽ അവതരിപ്പിച്ച ജോർജ്‌കുട്ടിയും കുടുംബവും പ്രേക്ഷകരുടെ മനസിൽ ഇന്നും പ്രത്യേക സ്ഥാനമാണ് നേടിയിട്ടുള്ളത്. ചിത്രത്തിലെ കഥാപാത്രങ്ങൾ മാത്രമല്ല, കഥയുമായി ചേർന്നു നിൽക്കുന്ന പല ഘടകങ്ങളും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ജോർജ്‌കുട്ടിയുടെയും കുടുംബത്തിന്റെയും വീട്.

ദൃശ്യം, Photo: X.com

ഇപ്പോഴിതാ ആ വീട് എങ്ങനെയാണ് കണ്ടെത്തിയതെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ജീത്തു ജോസഫ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ആ ഓർമകൾ പങ്കുവെച്ചത്.

‘എന്റെ പല ലൊക്കേഷനുകളും സിനിമ ഷൂട്ട് ചെയ്തിട്ടില്ലാത്ത വീടുകളാണ്. നമ്മൾ ആദ്യമായിട്ട് അങ്ങ് ചെല്ലുകയാണ്. അങ്ങനെ ദൃശ്യം വണ്ണിനുള്ള വീട് തപ്പി നടക്കുകയായിരുന്നു ഞങ്ങൾ.

അതിൽ ഒരു ഷോർട്ട് ഉണ്ട്. ആ ഷോട്ടിന് വേണ്ടീട്ട് എനിക്ക് ഗെയിറ്റ് കഴിഞ്ഞ വീട്ടിലേക്ക് നടന്നു പോകാൻ പറ്റിയ ഒരു സ്പേസ് വേണമായിരുന്നു. ഒരു അമ്പത് അടി നൂറടി അകത്തേക്ക് പോയിട്ടായിരിക്കണം വീട് എന്നുണ്ടായിരുന്നു.

കാരണം ഒരു ഷോർട്ട് ഉണ്ടല്ലോ പോലീസ് ജീപ്പ് കേറി വരുമ്പോൾ ജോർജ്‌കുട്ടി മകളുടെ മുന്നിലേക്ക് ഓടി കേറി വരുന്ന സീൻ. ഇതെന്റെ മനസിൽ ഉള്ളത് കൊണ്ട് കുറെ വീടുകൾ തപ്പി നടന്നു.

ദൃശ്യം, Photo: YouTube/ Screengrab

അങ്ങനെ ഒരു ദിവസം വഴിതല എന്ന സ്ഥലത്തുകൂടി പോകുകയായിരുന്നു. അതെന്റെ നാടിൻറെ ഒരു ഭാഗമാണ്. എന്റെ അച്ഛൻ എം.എൽ.എ ആയിരുന്നു.

അങ്ങനെ ഞാൻ വണ്ടിയിൽ ഇങ്ങനെ കടന്നു പോകുമ്പോൾ പെട്ടന്ന് ആ വീട് കണ്ടു. വീടിന്റെ ചുറ്റും വാഴയും ഒക്കെയായി ഒരു കൊച്ചു വീട് അത്ര വലിയ വീടും വേണ്ട. അങ്ങനെ ഞാൻ അപ്പോൾ തന്നെ വണ്ടിയിൽ നിന്നും ഇറങ്ങി. എനിക്ക് ആണെങ്കിൽ എങ്ങനെയെങ്കിലും വീട് കിട്ടണം എന്നുണ്ടായിരുന്നു.

അതൊരു ക്രിസ്ത്യൻ വീടുമാണ്. അങ്ങനെ ഞാൻ അങ്ങോട്ട് ചെന്നിട്ട് പറഞ്ഞു ഞാൻ മുൻ എം.എൽ.എ യുടെ മകനാണ്. ഒരു ഫിലിം ഡയറക്ടർ ആണ് ഇങ്ങനെ ഒരു സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് വീട് ഒന്ന് ഷൂട്ടിങ്ങിന് വേണമായിരുന്നു എന്ന് പറഞ്ഞു.

മോഹൻലാലിൻറെ സിനിമയാണെന്നും പറഞ്ഞു. അങ്ങനെ ആ പുള്ളി ഭാര്യയോട് കൂടി ചോദിച്ചിട്ടു പറയാം എന്ന് പറഞ്ഞ് സമ്മതിക്കുകയായിരുന്നു. അങ്ങനെ ഞാൻ ആയിട്ട് പോയി ചോദിച്ചു വാങ്ങിയതാണ് അല്ലാതെ ലൊക്കേഷൻ മാനേജർ വഴിയൊന്നുമില്ല,’ ജീത്തു പറഞ്ഞു.

Content Highlight: Jeethu joseph talk about the movie Drishyam