മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായി മാറിയ സിനിമയാണ് ദൃശ്യം. കുടുംബപ്രേക്ഷകരെയും ത്രില്ലർ സിനിമാപ്രേമികളെയും ഒരുപോലെ ആകർഷിച്ച ചിത്രം ഇന്ത്യയ്ക്ക് പുറത്തും വലിയ സ്വീകാര്യത നേടിയിരുന്നു.
ഇപ്പോൾ ചിത്രത്തിന്റെ ലോകവ്യാപക സ്വാധീനത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ദൃശ്യം റിലീസ് ചെയ്തതുമുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇപ്പോൾ വരെ വരുമാനം ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
ദൃശ്യം3, Photo: IMDb
മോഹൻലാൽ നായകനായെത്തിയ ദൃശ്യം മലയാള സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ത്രില്ലർ സിനിമ ലോകോത്തര നിലവാരത്തിൽ ചർച്ച ചെയ്യപ്പെടുമെന്ന് അന്നൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
ഒന്നാം ഭാഗത്തിന്റെ അതുല്യ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗവും വമ്പൻ സ്വീകാര്യത നേടിയതോടെ ഫ്രാഞ്ചൈസായി വളർന്ന സിനിമ ഇന്ന് വിവിധ രാജ്യങ്ങളിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.
ദൃശ്യം മൂന്ന് ഭാഗങ്ങളിലേക്ക് വളരുന്ന സിനിമയാകുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ‘ദൃശ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ, ഒന്നാം ഭാഗം പുറത്തിറങ്ങിയതുമുതൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇപ്പോഴും കുറച്ച് പൈസ കിട്ടിക്കൊണ്ടിരിക്കുന്നു എന്നതാണ്,’ എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
ചിത്രത്തിന്റെ റീമേക്ക് അവകാശങ്ങൾക്കും വിവിധ ഭാഷകളിലെ പതിപ്പുകൾക്കും ലോകമെമ്പാടുമുള്ള ആവശ്യം തുടരുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതിന് ഉദാഹരണമായി അദ്ദേഹം അടുത്തിടെ നടന്ന ഒരു സംഭവവും പങ്കുവെച്ചു. ‘ഇന്ന് രാവിലെയും മോഹൻലാൽ സാർ വിളിച്ചിരുന്നു. ദൃശ്യത്തിന്റെ ഇംഗ്ലീഷ് സ്ക്രിപ്റ്റ് അയച്ചുകൊടുക്കാൻ പറഞ്ഞു.
ഫിലിപ്പീൻസിൽ നിന്നുള്ള ഒരു സിനിമാസംഘം അവരുടെ ഭാഷയിൽ ദൃശ്യം ഒരുക്കാൻ ആഗ്രഹിക്കുന്നുണ്ട്,’ എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.
ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിലൊന്നാണ് ദൃശ്യം 3. വീണ്ടും ജോർജ്‌കുട്ടിയായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ മീന, എസ്തർ അനിൽ, അൻസിബ ഹസൻ, ആശ ശരത്, സിദ്ദിഖ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തും.
ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്ന സാഹചര്യത്തിൽ, മൂന്നാം ഭാഗം മലയാള സിനിമയിലെ മറ്റൊരു റെക്കോർഡ് സൃഷ്ടിക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.
Content Highlight: Jeethu Joseph says that since the release of Drishyam, he has been receiving money from many parts of the world.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.