പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ് എഴുതുകയായിരുന്നു, ഒടുവില്‍ ദൃശ്യം 3യുടെ തിരക്കഥ പൂര്‍ത്തിയായി: ജീത്തു ജോസഫ്
Malayalam Cinema
പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ് എഴുതുകയായിരുന്നു, ഒടുവില്‍ ദൃശ്യം 3യുടെ തിരക്കഥ പൂര്‍ത്തിയായി: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th July 2025, 7:54 am

മലയാളസിനിമയുടെ സകലമാന റെക്കോഡുകളും തകര്‍ക്കാന്‍ കെല്പുള്ള പ്രൊജക്ടായി പലരും കാണുന്ന ചിത്രമാണ് ദൃശ്യം 3. ആദ്യ ഭാഗം ഇന്‍ഡസ്ട്രിയുടെ നാഴികക്കല്ലായി മാറിയതും രണ്ടാം ഭാഗം ഇന്ത്യയൊട്ടുക്ക് ചര്‍ച്ചയായതും ഈ ഫ്രാഞ്ചൈസിയുടെ റേഞ്ച് വ്യക്തമാക്കുന്നതായിരുന്നു. ക്ലാസിക് ക്രിമിനലിന്റെ മൂന്നാം വരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതി പൂര്‍ത്തിയാക്കിയെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. കഴിഞ്ഞ ദിവസം രാത്രിയാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് എഴുതി ക്ലോസ് ചെയ്‌തെന്ന് ജീത്തു ജോസഫ് പറഞ്ഞു. ആസിഫ് അലിയുടെ മിറാഷ് എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനും വലതുവശത്തെ കള്ളന്‍ എന്ന സിനിമയുടെ ഷൂട്ടും ഈ സമയത്ത് നടക്കുകയായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുലര്‍ച്ചെ മൂന്നരയ്ക്ക് എഴുന്നേറ്റാണ് സ്‌ക്രിപ്റ്റ് എഴുതിയിരുന്നതെന്നും അദ്ദേഹം പറയുന്നു. മാനസികമായും ശാരീരികമായും വല്ലാതെ സ്ട്രഗിള്‍ ചെയ്ത സമയമായിരുന്നു കടന്നുപോയതെന്നും ജീത്തു ജോസഫ് പറഞ്ഞു. എറണാകുളത്ത് ഒരു സ്വകാര്യ കോളേജിലെ പരിപാടിയില്‍ പങ്കെടുക്കവെയാണ് ജീത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്.

‘എല്ലാവരോടും പങ്കുവെക്കേണ്ട ഒരു കാര്യമുണ്ട്. കഴിഞ്ഞദിവസം രാത്രിയാണ് ദൃശ്യം 3യുടെ ക്ലൈമാക്‌സ് എഴുതിത്തീര്‍ന്നത്. സ്‌ക്രിപ്റ്റിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് അങ്ങനെ കംപ്ലീറ്റ് ചെയ്തു. രണ്ട് സിനിമകളുടെ വര്‍ക്കിലായിരുന്നു ഞാന്‍. ആസിഫിനെ വെച്ചിട്ടുള്ള മിറാഷ് എന്ന പടത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നുണ്ട്. അത് അധികം വൈകാതെ റിലീസ് ചെയ്യും.

അതുപോലെ വലതുവശത്തെ കള്ളന്‍ എന്ന പടത്തിന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്. ഈ രണ്ട് പടത്തിന്റെയും വര്‍ക്കിന്റെ ഇടയിലാണ് സ്‌ക്രിപ്റ്റ് കംപ്ലീറ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് മാസം മെന്റലി ആയാലും ഫിസിക്കലി ആയാലും ഞാന്‍ വല്ലാതെ സ്ട്രഗിള്‍ ചെയ്തിരുന്നു. ഈ ഫങ്ഷന് വേണ്ടി സ്റ്റേജില്‍ കയറിയപ്പോള്‍ ഇവര്‍ ദൃശ്യത്തിന്റെ ബി.ജി.എം. പ്ലേ ചെയ്തു. ആ സമയത്ത് ദൃശ്യം വണ്ണിന്റെയും ടുവിന്റെയും ത്രീയുടെയും ക്ലൈമാക്‌സ് എന്റെ മനസില്‍ കൂടെ കടന്നുപോയി,’ ജീത്തു ജോസഫ് പറയുന്നു.

മുന്‍ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് ദൃശ്യം 3 ഒരുങ്ങുന്നത്. ആദ്യത്തെ രണ്ട് ഭാഗങ്ങളുടെയും മലയാളം വേര്‍ഷന്‍ റിലീസായ ശേഷമാണ് തെലുങ്ക്, ഹിന്ദി വേര്‍ഷന്‍ പുറത്തിറങ്ങിയത്. എന്നാല്‍ ഇത്തവണ മലയാളത്തിനൊപ്പം ഹിന്ദി വേര്‍ഷന്റെ ഷൂട്ടും ആരംഭിക്കും. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണമാരംഭിക്കുന്ന സിനിമ അടുത്ത വര്‍ഷം ഏപ്രിലില്‍ തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Jeethu Joseph saying he completed the script of Drishyam 3