മലയാള സിനിമയിൽ സസ്പെൻസ് ത്രില്ലർ എന്ന പേര് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യമെത്തുന്ന സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. ‘ദൃശ്യം’ എന്ന ഒരു ബ്രാൻഡ് സൃഷ്ടിച്ച സംവിധായകനെന്ന നിലയിൽ, ജീത്തുവിന്റെ പുതിയ സിനിമകൾ പ്രേക്ഷകർ ഇന്നും വലിയ പ്രതീക്ഷയോടെയാണ് സ്വീകരിക്കുന്നത്. എന്നാൽ ആ വിശ്വാസം എല്ലാ ചിത്രങ്ങൾക്കും ഒരുപോലെ നില നിർത്താൻ സാധിക്കുന്നില്ല എന്ന വിമർശനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നത്.
‘ദൃശ്യം’ എന്ന ബ്രാൻഡിന് പുറത്തേക്ക് കടന്നാൽ ജീത്തു ജോസഫിന്റെ നിലനിൽപ്പ് ദുർബലമാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് പ്രേക്ഷകർ ഉയർത്തുന്നത്. സിനിമകൾ നിലവാരത്തിലെത്താത്തപ്പോഴും വേണ്ടത്ര വിമർശനങ്ങളോ ട്രോളുകളോ നേരിടാത്ത സംവിധായകനാണ് ജീത്തു ജോസഫെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
‘ദൃശ്യം’, ‘മെമ്മറീസ്’ പോലുള്ള ചിത്രങ്ങൾ നൽകിയ വലിയ വിജയങ്ങളാണ് ഇന്നും അദ്ദേഹത്തിന് പ്രിവിലേജ് നൽകുന്നതെന്നും, അതുകൊണ്ടുതന്നെ എല്ലാ സിനിമകളും ഒരേ രീതിയിൽ വിലയിരുത്തപ്പെടുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
ശരിയായ വിമർശനങ്ങളും അഭിപ്രായങ്ങളും ലഭിച്ചാൽ ജീത്തു ജോസഫിന്റെ സംവിധാനത്തിൽ കൂടുതൽ മികവ് ഉണ്ടാകുമെന്ന അഭിപ്രായവും പലരും പങ്കുവെക്കുന്നു.
എന്നാൽ അത്തരം വിമർശനങ്ങൾ പലപ്പോഴും ഉയരാത്തതുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമാ സമീപനത്തിൽ വലിയ മാറ്റങ്ങൾ കാണാൻ കഴിയാത്തതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
വരാനിരിക്കുന്ന ‘ദൃശ്യം 3’ മികച്ച പ്രതികരണം നേടിയാൽ, വീണ്ടും കുറേക്കാലം അലസമായ സമീപനത്തോടെ തുടർച്ചയായി ചിത്രങ്ങൾ ചെയ്യാനുള്ള പ്രേരണ ഒഴിവാകുമെന്ന അഭിപ്രായവും സോഷ്യൽ മീഡിയയിൽ ഉയരുന്നു.
സിനിമ നല്ലതാണെങ്കിൽ പ്രശംസിക്കാനും, കൺവിൻസിങ് അല്ലെങ്കിൽ തുറന്നടിച്ച് വിമർശിക്കാനും പ്രേക്ഷകർ തയ്യാറാകണമെന്നും അഭിപ്രായപ്പെടുന്നു.
‘ദൃശ്യം’ സിനിമയ്ക്ക് ശേഷം ‘ഊഴം’ ശ്രദ്ധേയമായ വിജയം നേടിയിരുന്നു. ‘കൂമൻ’ നല്ല അഭിപ്രായവും നേടി. എന്നാൽ ഇതിന് ഇടയിൽ പുറത്തിറങ്ങിയ നിരവധി ചിത്രങ്ങൾ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയതായും, ചിലത് റിലീസ് ആയ വിവരം പോലും പലർക്കും അറിയില്ലായിരുന്നെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്. അങ്ങനെയിരിക്കെ, മോശം ചിത്രങ്ങൾക്ക് എങ്ങനെ വിമർശനം കിട്ടുമെന്ന ചോദ്യവും ഉയരുന്നു.
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം ‘വലതു വശത്തെ കള്ളൻ’ ആണ്. ബിജു മേനോനും ജോജു ജോർജും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രതീക്ഷിച്ചത്ര നല്ല പ്രതികരണം നേടാൻ സാധിച്ചിരുന്നില്ല. അതേസമയം, ഏപ്രിൽ ആറിന് റിലീസിനൊരുങ്ങുന്ന ‘ദൃശ്യം 3’ വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.