ജെബി മേത്തറിന് 11 കോടിക്ക് മുകളില്‍ ആസ്തി, എ.എ. റഹീമിന് 26,304; രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്
Kerala News
ജെബി മേത്തറിന് 11 കോടിക്ക് മുകളില്‍ ആസ്തി, എ.എ. റഹീമിന് 26,304; രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd March 2022, 10:10 am

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സ്ഥാനാര്‍ഥികളുടേയും സ്വത്ത് വിവരങ്ങള്‍ പുറത്ത്. പണത്തിന്റേയും ഭൂസ്വത്തിന്റേയും കാര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെബി മേത്തറാണ് മുന്നിലുള്ളത്.

ജെബി മേത്തര്‍ക്ക് 11.14 കോടിയുടെ കാര്‍ഷിക, കാര്‍ഷികേതര ഭൂസ്വത്തുകളാണ് രേഖകളിലുള്ളത്. 87,03,200 രൂപയുടെ ആഭരണങ്ങളും 1,54,292 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും 75 ലക്ഷം രൂപ വിലയുള്ള വീടും ജെബിയുടെ പേരിലുണ്ട്. കൈവശമുള്ളത് പതിനായിരം രൂപയാണ്. 46.16 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നും ജെബി സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

ജെബിയുടെ ഭര്‍ത്താവിന്റെ പേരില്‍ 41 ലക്ഷം രൂപ വിലയുള്ള മെഴ്‌സിഡസ് ബെന്‍സ് കാറും ഇടപ്പള്ളി ധനലക്ഷ്മി ബാങ്കില്‍ 23.56 ലക്ഷം രൂപയും ബ്രോഡ് വേയിലെ ഫെഡറല്‍ ബാങ്കില്‍ 12,570 രൂപയുമുണ്ട്. ഇതുവരെ ഒരു കേസുപോലും ജെബിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സി.പി.ഐ.എം സ്ഥാനാര്‍ത്ഥി എ.എ. റഹീമിന്റെ പേരിലുള്ളത് 26,304 രൂപയുടെ ആസ്തിയാണ്. ഭാര്യയുടെ പേരില്‍ 4.5 ലക്ഷം രൂപ വിലമതിക്കുന്ന കൃഷിഭൂമിയും ആറ് ലക്ഷം വിലയുള്ള വാഹനവും 70,000 രൂപയുടെ ആഭരണങ്ങളുമുണ്ട്. 37 ക്രിമിനല്‍ കേസുകളാണ് റഹീമിന്റെ പേരില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.

സി.പി.ഐ സ്ഥാനാര്‍ത്ഥി പി. സന്തോഷ് കുമാറിന്റെ പേരില്‍ 10,000 രൂപയും 10 ലക്ഷം രൂപ വിലമതിക്കുന്ന കൃഷിഭൂമിയുമാണുള്ളത്. ഭാര്യയുടെ 15,000 രൂപയും 4 ലക്ഷത്തിന്റെ ആഭരണങ്ങളും 4 ലക്ഷത്തിന്റെ കൃഷിഭൂമിയുമുണ്ട്.

കണ്ണൂര്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ ഭാര്യയുടെ പേരില്‍ 8.5 സെന്റ് ഭൂമിയും വീടുമുണ്ടെന്ന് രേഖകളില്‍ പറയുന്നുണ്ട്. സന്തോഷിന് രണ്ട് ലക്ഷത്തിന്റെ ബാധ്യതയും ഭാര്യക്ക് 19 ലക്ഷത്തിന്റെ ബാധ്യതയുമാണുള്ളത്.

Content Highlights: Jeby Mather has assets worth over Rs 11 crore, AA. Rahim 26,304