ഡ്രൈവിങ് ലൈസന്‍സിന് മുന്നേ അയ്യപ്പനും കോശിയും ഇറക്കരുത് എന്ന് സച്ചിയേട്ടനോട് പറഞ്ഞു, അങ്ങനെ വന്നാല്‍ ഈ സിനിമ ആരും ശ്രദ്ധിക്കില്ല: ജീന്‍ പോള്‍ ലാല്‍
Malayalam Cinema
ഡ്രൈവിങ് ലൈസന്‍സിന് മുന്നേ അയ്യപ്പനും കോശിയും ഇറക്കരുത് എന്ന് സച്ചിയേട്ടനോട് പറഞ്ഞു, അങ്ങനെ വന്നാല്‍ ഈ സിനിമ ആരും ശ്രദ്ധിക്കില്ല: ജീന്‍ പോള്‍ ലാല്‍
അമര്‍നാഥ് എം.
Thursday, 9th July 2026, 10:34 pm

കൊച്ചിയിലെ ഫ്രീക്ക് പയ്യന്മാര്‍ക്കിടയിലെ സൗഹൃദവും പ്രണയവുമെല്ലാം വരച്ചിട്ട ഹണീ ബീയിലൂടെ സംവിധാന രംഗത്തേക്ക് കടന്നുവന്നയാളാണ് ജീന്‍ പോള്‍ ലാല്‍. സംവിധാനം ചെയ്ത ഓരോ സിനിമയും വ്യത്യസ്ത രീതിയിലുള്ളതാക്കാന്‍ ജീന്‍ പോള്‍ ശ്രമിക്കാറുണ്ട്. അഭിനയത്തിന് പുറമെ സംവിധാനത്തിലും ജീന്‍ പോള്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

അണ്ടര്‍വേള്‍ഡ്, കൊറോണ പേപ്പേഴ്‌സ് എന്നീ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ വേഷമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സിലേത്. തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം നടത്തുന്ന ബാലനിലും ജീന്‍ പോളിന്റേത് മികച്ച പ്രകടനമായിരുന്നു. ജീന്‍ പോള്‍ സംവിധാനം ചെയ്തവയില്‍ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ഡ്രൈവിങ് ലൈസന്‍സ്.

ജീന്‍ പോള്‍ ലാല്‍ Photo: Screen grab/ Cue Studio

സച്ചിയുടെ തിരക്കഥയില്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം വന്‍ വിജയമായിരുന്നു. ഒരു സൂപ്പര്‍സ്റ്റാറും അയാളുടെ ആരാധകനും തമ്മിലുള്ള ഈഗോ ക്ലാഷായിരുന്നു ചിത്രത്തിന്റെ കഥ. ഡ്രൈവിങ് ലൈസന്‍സിന് ശേഷം സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും സിനിമയുടെ കഥ താന്‍ ആദ്യമേ കേട്ടിരുന്നെന്ന് പറയുകയാണ് ജീന്‍ പോള്‍. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ജീന്‍ പോള്‍.

ഡ്രൈവിങ് ലൈസന്‍സിന്റെ ഡിസ്‌കഷന്റെ സമയത്ത് സച്ചിയേട്ടന്‍ അയ്യപ്പനും കോശിയുടെ കഥ പറഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ വണ്ടറടിച്ചു. ഞാന് പുള്ളിയുടെ അടുത്ത് ഒരു റിക്വസ്റ്റ് വെച്ചു. സച്ചിയേട്ടാ, എന്ത് വന്നാലും ഡ്രൈവിങ് ലൈസന്‍സിന് മുന്നേ അയ്യപ്പനും കോശിയും റിലീസാക്കരുത്. കാരണം, അയ്യപ്പനും കോശിയും ഒരുപാട് ലെയറുകളുള്ള സ്‌ക്രിപ്റ്റാണ്.

അത് മാത്രമല്ല, ആ കഥ നടക്കുന്ന സ്ഥലത്തെ കള്‍ച്ചറുമായി റൂട്ടഡാണ് ആ പടം. അത്രയും ഗംഭീര സിനിമ ആദ്യം ഇറങ്ങിയിട്ട് പിന്നീട് ഡ്രൈവിങ് ലൈസന്‍സ് വന്നാല്‍ ആരും ശ്രദ്ധിക്കില്ല. ഡ്രൈവിങ് ലൈസന്‍സിന്റെ സ്‌ക്രിപ്റ്റ് എനിക്ക് തന്നിട്ട് സച്ചിയേട്ടന്‍ അയ്യപ്പനും കോശിയുടെ വര്‍ക്കിലേക്ക് പോയി. പുള്ളി തന്ന സ്‌ക്രിപ്റ്റിലെ ഒരു വരിപോലും ഞാന്‍ മാറ്റിയിട്ടില്ല. അതിനുള്ള ധൈര്യവും എനിക്കില്ല,’ ജീന്‍ പോള്‍ ലാല്‍ പറയുന്നു.

മൂന്ന് മാസങ്ങളുടെ വ്യത്യാസത്തിലാണ് രണ്ട് സിനിമകളും പ്രദര്‍ശനത്തിനെത്തിയത്. കളര്‍ഫുള്‍ എന്റര്‍ടൈനറായി ഡ്രൈവിങ് ലൈസന്‍സ് ഒരുങ്ങിയപ്പോള്‍ സച്ചിയുടെ സിഗ്നേച്ചര്‍ സ്‌റ്റൈലിലാണ് അയ്യപ്പനും കോശിയും ഒരുങ്ങിയത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഈഗോ ക്ലാഷിന്റെ കഥ പറഞ്ഞ ചിത്രം വന്‍ വിജയമായി മാറി.

Content Highlight: Jean Paul Lal about Ayyappanum Koshiyum and Sachy

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം