ജെ.ഡി.എസില്‍ ലയിക്കാനൊരുങ്ങി വീരന്റെ പാര്‍ട്ടി? ലയനത്തിനു വിലങ്ങുതടിയായി മുന്‍ മന്ത്രിയുടെ നിലപാട്
Kerala News
ജെ.ഡി.എസില്‍ ലയിക്കാനൊരുങ്ങി വീരന്റെ പാര്‍ട്ടി? ലയനത്തിനു വിലങ്ങുതടിയായി മുന്‍ മന്ത്രിയുടെ നിലപാട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th December 2019, 10:21 am

തിരുവനന്തപുരം: ജെ.ഡി.യു ദേശീയാധ്യക്ഷന്‍ നിതീഷ് കുമാറുമായി പിണങ്ങിപ്പിരിഞ്ഞു പുതിയ പാര്‍ട്ടിയുണ്ടാക്കിയ എം.പി വീരേന്ദ്രകുമാര്‍ ജെ.ഡി.എസുമായി ഒന്നിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. എം.പി വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി)- ജെ.ഡി.എസ് ലയന ചര്‍ച്ചകള്‍ വീണ്ടും സജീവമായിക്കഴിഞ്ഞു.

ലയനത്തിനു തയ്യാറാണെന്നും ഇക്കാര്യത്തില്‍ വീരേന്ദ്രകുമാറുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്നും ജെ.ഡി.എസ് സംസ്ഥാനാധ്യക്ഷന്‍ സി.കെ നാണു ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

സോഷ്യലിസ്റ്റ് കക്ഷികള്‍ ഒന്നിക്കേണ്ട സമയമാണിതെന്നും ജനതാദള്‍ എന്ന പ്രസ്ഥാനം ഭിന്നിച്ചുപോകാതെ ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.എസിന്റെ സംസ്ഥാന സമിതിയിലും ലയനം വേണമെന്ന അഭിപ്രായമുയര്‍ന്നെന്നും അതിനു തടസ്സമില്ലെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പ്രതികരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്‍.ജെ.ഡിയില്‍ നിന്നും അനുകൂലമായ പ്രതികരണമായിരുന്നു ഇതിനു ലഭിച്ചത്. ലയനത്തിനു മറ്റു തടസ്സങ്ങളില്ലെന്ന് എല്‍.ജെ.ഡി സംസ്ഥാനാധ്യക്ഷന്‍ എം.വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

എന്നാല്‍ ജെ.ഡി.എസിലെ ചില ഘടകങ്ങളില്‍ നിലനില്‍ക്കുന്ന എതിര്‍പ്പുകളാണ് ഇപ്പോഴും പ്രയോഗ സാധ്യതകളിലേക്ക് ലയനം എത്തുന്നതില്‍ ആശങ്കകള്‍ ബാക്കിയാക്കുന്നത്. സംസ്ഥാനാധ്യക്ഷന്‍ നാണുവും മന്ത്രി കൃഷ്ണന്‍കുട്ടിയും ലയനത്തെ അനുകൂലിക്കുമ്പോള്‍ മുന്‍ മന്ത്രിയും മുന്‍ സംസ്ഥാനാധ്യക്ഷനുമായ മാത്യു ടി. തോമസിന്റെ എതിര്‍പ്പാണു വെല്ലുവിളിയാകുന്നത്.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് ജെ.ഡി.എസിന്റെ സംസ്ഥാന സമിതി, ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍, ജില്ലാ പ്രസിഡന്റുമാര്‍, പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവരുടെ സംയുക്ത യോഗത്തിനിടെ ലയനചര്‍ച്ചയെപ്പറ്റി വാര്‍ത്തകള്‍ വന്നതു കാണിച്ച് മാത്യു ടി. തോമസാണ് വിഷയം ഉന്നയിച്ചത്.

പിന്‍വാതില്‍ ചര്‍ച്ചകളിലൂടെയല്ല, കേന്ദ്രനേതൃത്വത്തില്‍ ചര്‍ച്ച ചെയ്തുവേണം നയതീരുമാനങ്ങളെടുക്കേണ്ടതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തന്നെ മന്ത്രിസ്ഥാനത്തു നിന്നു നീക്കിയതും സി.കെ നാണു പുതിയ പ്രസിഡന്റായതുമെല്ലാം കേന്ദ്ര നേതൃത്വത്തില്‍ ചര്‍ച്ച ചെയ്താണെന്നാണ് മാത്യു ടി. തോമസിന്റെ വാദം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ എല്‍.ജെ.ഡിയില്‍ നിന്നു നേതാക്കള്‍ കൂട്ടത്തോടെ വരുമെന്ന് നാണു പറഞ്ഞു. 2009-ല്‍ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി പിളര്‍ന്നു പുറത്തുപോയപ്പോഴും വാതില്‍ തുറന്നിട്ടിരുന്ന കാര്യമാണ് അപ്പോള്‍ മാത്യു ടി. തോമസ് ചൂണ്ടിക്കാട്ടി. അന്നാണ് സി.കെ നാണുവും നീലലോഹിതദാസും കടന്നുവന്നത്. വന്നവഴി മറക്കരുതെന്നും മാത്യു ടി. തോമസ് മുന്നറിയിപ്പ് നല്‍കി.