പ്രേമം; നിവിന്റെ അടിയെ കുറിച്ച് പറയുമ്പോള്‍ അയാളുടെ കണ്ണുനിറഞ്ഞു; ഒറിജിനലായി അടിക്കാന്‍ ഞാന്‍ പറഞ്ഞതാണ്: ജയശങ്കര്‍
Entertainment
പ്രേമം; നിവിന്റെ അടിയെ കുറിച്ച് പറയുമ്പോള്‍ അയാളുടെ കണ്ണുനിറഞ്ഞു; ഒറിജിനലായി അടിക്കാന്‍ ഞാന്‍ പറഞ്ഞതാണ്: ജയശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th June 2025, 11:02 pm

പ്രേമം, മഹേഷിന്റെ പ്രതികാരം, ആമേന്‍ എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ജയശങ്കര്‍ കരിമുറ്റം. പ്രേമം എന്ന അല്‍ഫോണ്‍സ് പുത്രന്‍ – നിവിന്‍ പോളി ചിത്രത്തിലെ കുറഞ്ഞ സീനുകളിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്യൂണ്‍ ആയിട്ടാണ് ജയശങ്കര്‍ പ്രേമത്തില്‍ അഭിനയിച്ചത്. ചിത്രത്തില്‍ നായകനായ നിവിന്‍ പോളി അദ്ദേഹത്തെ അടിക്കുന്ന ഒരു സീനുണ്ടായിരുന്നു. ഇപ്പോള്‍ മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ആ സീനിനെ കുറിച്ച് പറയുകയാണ് ജയശങ്കര്‍.

‘ഞാന്‍ ഒരു ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് ഇറങ്ങി വരികയായിരുന്നു. എറണാകുളത്ത് വെച്ചായിരുന്നു സംഭവം. എതിരെ ഒരാള്‍ കയറി വരുന്നുണ്ടായിരുന്നു. അയാള്‍ എന്നെ കണ്ടതും ഉടനെ അടുത്തേക്ക് വന്നു. ‘പ്രേമം സിനിമയില്‍ അഭിനയിച്ച ആളല്ലേ’യെന്ന് ചോദിച്ചു.

അന്ന് അയാള്‍ സംസാരിക്കുമ്പോള്‍ കണ്ണൊക്കെ നിറഞ്ഞിരുന്നു. കണ്ണുനിറഞ്ഞ് കൊണ്ട് പ്രേമത്തില്‍ ജോര്‍ജ് കവിളത്ത് അടിച്ച ശേഷം ചേട്ടന്റെ കവിളില്‍ അതിന്റെ ഒരിത് ഉണ്ടായിരുന്നല്ലോയെന്ന് പറഞ്ഞു.

ആ സീന്‍ എടുക്കുന്ന സമയത്ത് സത്യത്തില്‍ നല്ല കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. അവിടെ ക്യാമറ വെച്ചാല്‍ ഒറ്റ ടേക്കില്‍ കിട്ടുമോ എന്നൊക്കെ സംശയിച്ചിരുന്നു. ഞാന്‍ അപ്പോള്‍ നിവിനോട് ‘ഒറിജിനലായി അടിച്ചാലും കുഴപ്പമില്ല’ എന്ന് പറഞ്ഞു. പക്ഷെ നിവിന്‍ കവിളില്‍ കൊള്ളിക്കാതെയാണ് അടിച്ചത്,’ ജയശങ്കര്‍ പറയുന്നു.

പ്രേമം:

2015ല്‍ നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പ്രേമം. സായ് പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ നായികമാരായി എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയമായിരുന്നു.

അവര്‍ക്ക് പുറമെ ശബരീഷ് വര്‍മ, കൃഷ്ണ ശങ്കര്‍, സിജു വില്‍സണ്‍, അനന്ത് നാഗ്, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, രണ്‍ജി പണിക്കര്‍ തുടങ്ങിയ മികച്ച താരനിര തന്നെയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്.


Content Highlight: Jayasanker Karimuttam Talks About Premam Scene With Nivin Pauly