പ്രേമം; നായകന്റെ അടി വാങ്ങണം, ഒന്നോരണ്ടോ സീനുകള്‍; പലരും അതുപറഞ്ഞ് പ്യൂണ്‍ റോളില്‍ നിന്നും പിന്മാറി: ജയശങ്കര്‍
Entertainment
പ്രേമം; നായകന്റെ അടി വാങ്ങണം, ഒന്നോരണ്ടോ സീനുകള്‍; പലരും അതുപറഞ്ഞ് പ്യൂണ്‍ റോളില്‍ നിന്നും പിന്മാറി: ജയശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th June 2025, 8:14 pm

2015ല്‍ നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പ്രേമം. സായ് പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ നായികമാരായി എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു.

അവര്‍ക്ക് പുറമെ ശബരീഷ് വര്‍മ, കൃഷ്ണ ശങ്കര്‍, സിജു വില്‍സണ്‍, അനന്ത് നാഗ്, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, രണ്‍ജി പണിക്കര്‍ തുടങ്ങിയ മികച്ച താരനിര തന്നെയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്.

പ്രേമത്തില്‍ വളരെ കുറഞ്ഞ സീനുകളില്‍ വന്ന് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരാളായിരുന്നു ജയശങ്കര്‍. പ്യൂണായിട്ടായിരുന്നു അദ്ദേഹം ഈ സിനിമയില്‍ അഭിനയിച്ചത്. മഹേഷിന്റെ പ്രതികാരം, ആമേന്‍ എന്നീ സിനിമകളിലൂടെയും ജയശങ്കര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ പ്രേമത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് ജയശങ്കര്‍. ആ സിനിമ വേറെ തന്നെയൊരു എക്‌സ്പീരിയന്‍സായിരുന്നു നല്‍കിയതെന്നാണ് അദ്ദേഹം പറയുന്നത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍.

പ്രേമം വേറെ തന്നെ ഒരു എക്‌സ്പീരിയന്‍സായിരുന്നു നല്‍കിയത്. അതിനുമുമ്പ് ഞാന്‍ ചെയ്തത് ഭയ്യ ഭയ്യ എന്ന സിനിമയായിരുന്നു. അതില്‍ എനിക്ക് നല്ല തലമുടി ഉണ്ടായിരുന്നു. ആ പടത്തിന് ശേഷമാണ് എന്നെ പ്രേമം സിനിമക്ക് വേണ്ടി കാണണമെന്ന് പറയുന്നത്.

ഷൂട്ട് തുടങ്ങിയ ശേഷമാണ് ഞാന്‍ അവിടേക്ക് പോകുന്നത്. അപ്പോഴും എനിക്ക് നല്ല തലമുടിയുണ്ട്. ഭയ്യ ഭയ്യ കണ്ടാല്‍ എനിക്ക് എത്രമാത്രം മുടി ഉണ്ടായിരുന്നുവെന്ന് മനസിലാകും. അത് ഒറിജിനല്‍ മുടിയാണോ അല്ലയോ എന്ന കാര്യത്തില്‍ പലര്‍ക്കും ആ സമയത്ത് സംശയമുണ്ടായിരുന്നു.

അല്‍ഫോണ്‍സ് പുത്രന്‍ എന്നെ നേരിട്ട് മുമ്പ് കണ്ടിട്ടില്ലായിരുന്നു. അതുകൊണ്ടായിരുന്നു സെറ്റിലേക്ക് വരാന്‍ പറഞ്ഞത്. അന്ന് എന്നെ കണ്ടതും അദ്ദേഹം ഓക്കെ പറഞ്ഞു. തലമുടിയുടെ കാര്യം പറഞ്ഞപ്പോള്‍ അത് വെട്ടിക്കളയാമെന്ന് ഞാന്‍ പറഞ്ഞു.

അവര് സത്യത്തില്‍ ആ റോളിന് വേണ്ടി ആരൊക്കെയോ സമീപിച്ചിരുന്നു. നായകന്റെ അടി കൊള്ളുന്ന സീനുണ്ട്, അതല്ലാതെ ഒന്നോ രണ്ടോ സീനുകളേയുള്ളൂ. എന്റെ രണ്ടുമൂന്ന് സീനുകള്‍ ഷൂട്ട് ചെയ്തിരുന്നു. പക്ഷെ അവസാനം അതില്‍ നിന്നും ഒരു സീന്‍ എടുത്ത് കളഞ്ഞതാണ്.

ആ കഥാപാത്രത്തിനായി സമീപിച്ച ആളുകളൊക്കെ ഈ കാരണം കൊണ്ട് ചെയ്യുന്നില്ലെന്ന് പറയുകയായിരുന്നു എന്നാണ് ഞാന്‍ അറിഞ്ഞത്. എന്നോട് ആരോ പറഞ്ഞതാണ് ഇത്. പക്ഷെ എനിക്ക് കഥ കേട്ടപ്പോള്‍ ചെയ്യാമെന്ന് തോന്നുകയായിരുന്നു,’ ജയശങ്കര്‍ പറയുന്നു.


Content Highlight: Jayasanker Karimuttam Talks About How He Get Peon Role In Premam Movie