മിമിക്രിയിലൂടെ കരിയര്‍ ആരംഭിക്കുകയും പിന്നീട് പത്മരാജന്‍ ചിത്രം അപരനിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്ത അഭിനേതാവാണ് ജയറാം. രാജസേനന്‍-ജയറാം കൂട്ടുകെട്ടില്‍ തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാകാനും വലിയ ജനപ്രീതി നേടാനും താരത്തിന് സാധിച്ചിരുന്നു. ജയറാം കേന്ദ്രകഥാപാത്രമായി അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായിരുന്നു പരിമള ആന്‍ഡ് കോ.

ജയറാം. Photo: News 18
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തമിഴ് ചാനലുകള്‍ക്ക് നല്‍കിയ അഭമുഖങ്ങളില്‍ താരം നടത്തിയ പ്രസ്താവനകള്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമായിരുന്നു. ഇതില്‍ പ്രധാനമായും താരത്തിന് ട്രോള്‍ കിട്ടിയത് മലയാള ചലച്ചിത്രം ട്വന്റി20യുമായി ബന്ധപ്പെട്ടായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം താന്‍ ഇല്ലാതിരുന്നതിനെ കുറിച്ച് ജയറാം പറഞ്ഞ കാരണമായിരുന്നു ഇതിന് വഴിവെച്ചത്. ദീപാവലി കൂടാനായി താന്‍ വീട്ടില്‍ പോയെന്ന് താരം പറഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ ശബരിമല ദര്‍ശനത്തിന് പോയതാണെന്നായിരുന്നു ജയറാം പറഞ്ഞത്.




