മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് ജയറാം. പത്മരാജന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
അതുല്യ നടന്‍ പ്രേം നസീറിന്റെ കടുത്ത ആരാധകനാണ് ജയറാം. നസീറിനെ ഏറ്റവും നന്നായി അനുകരിക്കുന്ന ഒരാള്‍ കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ നസീറിനെ കുറിച്ച് പറയുകയാണ് നടന്‍.
അഞ്ചാംക്ലാസില്‍ പഠിക്കുന്ന കാലം പെരുമ്പാവൂരിലെ പുഷ്പ തിയേറ്ററിന്റെ ഉദ്ഘാടനത്തിന് പ്രേം നസീര്‍ വരുന്നുവെന്ന് അറിഞ്ഞ് അദ്ദേഹത്തെ നേരില്‍ കാണാന്‍ പോയ അനുഭവമാണ് ജയറാം പങ്കുവെക്കുന്നത്.
‘നസീര്‍ സാറിനെ നേരില്‍ കാണുകയെന്നത് ദൈവത്തെ കാണുന്ന പോലെയാണ് ഞാന്‍ വിചാരിച്ചിരുന്നത്. അത്രയ്ക്കും ആരാധന തോന്നിയ മനുഷ്യനാണ്. അതുകൊണ്ട് സാര്‍ വരുന്ന വിവരമറിഞ്ഞ ഉടന്‍ തന്നെ ഞാന്‍ പ്ലാനിങ് തുടങ്ങി. ഉദ്ഘാടനം നിശ്ചയിച്ച ദിവസം നേരെ പെരുമ്പാവൂരിലെത്തി.
അവിടെ ആ തിയേറ്ററിന് തൊട്ടടുത്തൊരു മതിലുണ്ട്. അതോട് ചേര്‍ന്നൊരു പൊതുമൂത്രപ്പുരയും. ഞാന്‍ സമയം കളയാന്‍ നിന്നില്ല. നേരെ മൂത്രപ്പുരയുടെ മുകളില്‍ വലിഞ്ഞുകേറി. അവിടെ നിന്നാല്‍ അധികം തിരക്കില്ലാതെ കാണാമല്ലോ എന്നാണ് വിചാരം.
വൈകുന്നേരം മൂന്ന് മണിക്കാണ് ഉദ്ഘാടനം. എന്നാലും രാവിലെ പത്ത് മണിക്ക് മുമ്പേതന്നെ ഞാന്‍ സ്ഥലത്ത് ഹാജര് വെച്ചു. കത്തുന്ന സൂര്യന്‍ വന്ന് തലയ്ക്ക് മുകളില്‍ നിലയുറപ്പിച്ചതൊന്നും അറിഞ്ഞതേയില്ല. പന്ത്രണ്ട് മണി ആയപ്പോഴേക്കും ചുറ്റിലും ജനസമുദ്രമായി.
ഒരു മണിയും രണ്ട് മണിയുമൊക്കെ പെട്ടെന്ന് കടന്നുപോയി. മൂന്ന് മണിയായപ്പോള്‍ ഒരു അനൗണ്‍സ്‌മെന്റ് വണ്ടി വന്നു. ‘ആലുവയില്‍ നിന്ന് പ്രേം നസീര്‍ പുറപ്പെട്ടു കഴിഞ്ഞു. അര മണിക്കൂറിനകം ഇവിടെയെത്തും’ എന്ന് കേട്ടതും ജനം ഇളകിമറിയാന്‍ തുടങ്ങി.
ആളുകളെ നിയന്ത്രിക്കാന്‍ പറ്റാതെ പൊലീസുകാര്‍ പെടാപ്പാടിലായി. ഈ തിരക്കിനിടെ ആരോ ഒരാള്‍ ഉറക്കെ ‘ആ മൂത്രപ്പുരയുടെ മുകളില്‍ നില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ തലയ്ക്ക് മുകളിലൂടെ വൈദ്യുതി ലൈന്‍ കടന്നു പോവുന്നുണ്ട്. ആ കമ്പിയില്‍ തൊട്ടാല്‍ അപകടമുണ്ടാവും. അതുകൊണ്ട് താഴെ ഇറങ്ങുന്നതാണ് നല്ലത്’ എന്ന് വിളിച്ച് പറഞ്ഞു.
ഇതുകേട്ടതും പൊലീസ് വന്നിട്ട് പടപടേന്ന് അടി തുടങ്ങി. മതിലില്‍ നിന്നവരെല്ലാം താഴേക്ക് ചാടി. കൂട്ടത്തില്‍ ഞാനും. പക്ഷേ, ആ തിരക്കിനിടയില്‍ ഞങ്ങളാരുമറിയാതെ ഒരു സംഭവമുണ്ടായി. പ്രേം നസീര്‍ അവിടെ വരുകയും ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചു പോവുകയും ചെയ്തു.
ആശിച്ച് മോഹിച്ച് വന്നിട്ട് പ്രേം നസീറിനെ കാണാന്‍ പറ്റാതെ ഞാന്‍ ആകെ നിരാശനായി. ഒടുവില്‍ ഒരു സമാധാനത്തിന് അവിടെ ഉണ്ടായിരുന്ന പലരോടും ഞാന്‍ എന്തായിരുന്നു നസീര്‍ സാറിന്റെ വേഷമെന്ന് അന്വേഷിച്ചു. നല്ല കാപ്പി നിറത്തിലുള്ള സഫാരി സ്യൂട്ടാണ് അദ്ദേഹം ധരിച്ചതെന്ന് പലരും പറഞ്ഞു. തത്കാലം സമാധാനമായി.
പിറ്റേന്ന് സ്‌കൂളില്‍ ചെല്ലുമ്പോള്‍ കൂട്ടുകാരോട് പറയാന്‍ ഒരു അടയാളമായല്ലോ. അങ്ങനെ പിറ്റേന്ന് സ്‌കൂളിലെത്തി ഞാന്‍ കഥ പറയാന്‍ തുടങ്ങി. സഫാരി സ്യൂട്ടില്‍ നസീര്‍ സാറിനെ കാണാന്‍ നല്ല ഭംഗിയായിരുന്നെന്ന് വെച്ചുകാച്ചി. അദ്ദേഹത്തിന് നല്ല ആപ്പിളിന്റെ നിറമാണെന്നും കൂട്ടിച്ചേര്‍ത്തു. കേട്ടവരൊക്കെ വിശ്വസിച്ചോവെന്ന് ഉറപ്പില്ല,’ ജയറാം പറയുന്നു.