എന്നെ അസിസ്റ്റന്റ് ഡയറക്ടറായി നിര്‍ത്താന്‍ പറ്റുമോ എന്ന് മണിരത്നം സാറിനോട് ചോദിച്ചിട്ടുണ്ട്: ജയറാം
Film News
എന്നെ അസിസ്റ്റന്റ് ഡയറക്ടറായി നിര്‍ത്താന്‍ പറ്റുമോ എന്ന് മണിരത്നം സാറിനോട് ചോദിച്ചിട്ടുണ്ട്: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th April 2022, 12:13 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. വിക്രം, ഐശ്വര്യ റായി, കാര്‍ത്തി, ജയം രവി, ശോഭിത ധൂളിപാല, തൃഷ, പ്രകാശ് രാജ് തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. മലയാളത്തില്‍ നിന്നും ജയറാമും ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിലുണ്ട്.

ചിത്രത്തില്‍ ആഴ്വാര്‍ കടിയന്‍ നമ്പിയെന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ വളരെ അധികം സന്തോഷമുണ്ടെന്നും, മണിരത്നം സാറിന്റെ അടുത്ത് നിന്ന് വളരെയേറെ പഠിക്കാനുണ്ടെന്നും പറയുകയാണ് ജയറാം. ഇന്ത്യ ഗ്ലിറ്റ്സ് തമിഴ് മൂവീസ് എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”എനിക്ക് ഒരുപാട് സന്തോഷമുള്ള ഒരു വിഷയത്തെ കുറിച്ച് പറയുകയാണെങ്കില്‍ മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ സാധിച്ചതാണ്. ഏത് ഭാഷയിലുള്ള ഒരു ആര്‍ട്ടിസ്റ്റും അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യണം എന്ന് ആഗ്രഹിക്കും. അത് എനിക്ക് സാധ്യമായി. ആ സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. എനിക്ക് വളരെ അധികം സന്തോഷമുണ്ട്,’ ജയറാ പറഞ്ഞു.

‘മണിരത്നം സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയത് മികച്ച അനുഭവമായിരുന്നു. അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല, അനുഭവിച്ച് തന്നെ അത് അറിയണം. എനിക്ക് ഷൂട്ടിംഗില്ലാത്ത ദിവസം ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി വെറുതെ നിന്നോട്ടെ, മൂന്നാമത്തെയോ നാലാമത്തെയോ അസിസ്റ്റന്റ് ഡയറക്ടറായി നിര്‍ത്തിയാല്‍ മതി എന്ന് ഷൂട്ടിംഗ് തുടങ്ങി രണ്ട് ദിവസത്തിന് ശേഷം ഞാന്‍ തന്നെ സാറിനോട് ചോദിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് പഠിക്കാനുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്റെ സംഗീതം എ.ആര്‍. റഹ്മാനാണ്. രവി വര്‍മനാണ് ക്യാമറ ചെയ്യുന്നത്. 2022 സെപ്റ്റംബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അതേസമയം സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ജയറാം നായകനായ മകള്‍ ഏപ്രില്‍ 29 ന് റിലീസ് ചെയ്തിരിക്കുകയാണ്. മീര ജാസ്മിനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

Content Highlight: jayaram says that he asked maniratnam to keep him as an Assistant Director