വിജയ് ബാബു ദുബായിലാണെന്ന് സ്ഥിരീകരിച്ചു; കീഴടങ്ങുകയല്ലാതെ മറ്റു വഴികളില്ലെന്ന് അന്വേഷണ കമ്മീഷ്ണര്‍
Kerala News
വിജയ് ബാബു ദുബായിലാണെന്ന് സ്ഥിരീകരിച്ചു; കീഴടങ്ങുകയല്ലാതെ മറ്റു വഴികളില്ലെന്ന് അന്വേഷണ കമ്മീഷ്ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th April 2022, 12:03 pm

കൊച്ചി: ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ നിര്‍മാതാവും നടനുമായ വിജയ് ബാബു ദുബായില്‍ ആണെന്ന് സ്ഥിരീകരിച്ചു. ഈ മാസം 24 നാണ് ബെംഗളൂരുവില്‍ നിന്നാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്.

നടന് മുന്നില്‍ മറ്റ് വഴികളില്ലെന്നും കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ കഴമ്പുള്ളതെന്ന് ഓരോ നിമിഷവും തെളിയുന്നെന്നും കമ്മിഷണര്‍ പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങള്‍ മാത്രല്ല വേറെയും ശാസ്ത്രീയ തെളിവുകളുണ്ട്. നടനും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലില്‍ നിന്നാണ് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള തീയതികളില്‍ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴിയിലുള്ളത്.

ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെ കണ്ടെത്താന്‍ പോലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

വിജയ് ബാബുവിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പരാതിയില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു കഴിഞ്ഞ ദിവസവും അറിയിച്ചിരുന്നു. അറസ്റ്റ് അനിവാര്യമാണ്. യുവതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ കിട്ടിയതായും നേരത്തെ കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് വൈദ്യപരിശോധന പൂര്‍ത്തിയാക്കി. സിനിമാ മേഖലയില്‍ നിന്നുള്ള ചില സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി.