മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുമായുള്ള തന്റെ ആത്മബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് ജയറാം. തന്റെ ജീവിതത്തിലെ ഒരോ മൊമെന്റും മമ്മൂട്ടിയുമായി പങ്കുവെക്കാറുണ്ടെന്നും തന്റെ ജയപരാജയങ്ങളെല്ലാം തന്നെ ഷെയര്‍ ചെയ്യുന്ന ഒരു വല്യേട്ടനാണ് അദ്ദേഹമെന്നും ജയറാം പറയുന്നു.
‘ജീവിതത്തില്‍ എന്റെ എല്ലാ നല്ല മുഹൂര്‍ത്തങ്ങളും വിജയവും പരാജയവുമെല്ലാം ഷെയര്‍ ചെയ്യുന്ന വല്യേട്ടനാണ് മമ്മൂക്ക. തുടക്കം മുതല്‍ക്കുതന്നെ, എത്രയോ കാലമായി ഞാന്‍ ഇത് ചെയ്യുന്നു.
എനിക്ക് ഒരുപാട് തോല്‍വികള്‍ വരുമ്പോഴും അല്ലെങ്കില്‍ വലിയ എന്തെങ്കിലും സന്തോഷം വരുമ്പോഴുമെല്ലാം ഞാന്‍ മമ്മൂക്കയോട് പറയാറുണ്ട്. അതുപോലെയാണ് മമ്മൂക്കയും.
ഞാന്‍ മദ്രാസില്‍ ഒരു ഓഡിയോ ലോഞ്ചിനിടെ മിമിക്രി ചെയ്ത് ഹിറ്റായി. അദ്ദേഹമത് തന്റെ റൂമിലെ പ്രൊജക്ടറില്‍ ഇട്ട് തുടര്‍ച്ചയായി കണ്ടുകൊണ്ടിരിക്കുകയാണ്. 50 തവണയെങ്കിലും അത് തന്നെ കണ്ടിട്ടുണ്ടാകും. എന്നിട്ട് എന്നെ റൂമിലേക്ക് വിളിപ്പിച്ചു. ഇതെല്ലാം അപ്രിഷ്യേറ്റ് ചെയ്യാനുള്ള ഒരു മനസില്ലേ, അതാണ് പ്രധാനം,’ സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ ജയറാം പറഞ്ഞു.
മമ്മൂട്ടിക്കൊപ്പം ജയറാം നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ധ്രുവം അടക്കമുള്ള പല ഹിറ്റ് ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് സ്‌ക്രീന്‍ ഷെയര്‍ ചെയ്തിരുന്നു. ധ്രുവത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച നരസിംഹ മന്നാഡിയാറുടെ സഹോദരന്റെ കഥാപാത്രമായ വീരസിംഹ മന്നാഡിയാറായാണ് ജയറാം അഭിനയിച്ചത്.