100 കോടി ബജറ്റില്‍ 25 കോടിയുടെ വര്‍ക്ക് പോലും കൊണ്ടുവരാനാകാത്തപ്പോഴാണ് ആ മലയാളസിനിമ വ്യത്യസ്തമാകുന്നത്: ജയറാം
Malayalam Cinema
100 കോടി ബജറ്റില്‍ 25 കോടിയുടെ വര്‍ക്ക് പോലും കൊണ്ടുവരാനാകാത്തപ്പോഴാണ് ആ മലയാളസിനിമ വ്യത്യസ്തമാകുന്നത്: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th September 2025, 3:33 pm

പദ്മരാജന്‍ സിനിമാലോകത്തിന് സമ്മാനിച്ച നടനാണ് ജയറാം. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചിട്ടുള്ള ജയറാം കുടുംബപ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയിരുന്നു. മലയാളത്തില്‍ ചെറിയ ഇടവേളയെടുത്ത ജയറാം കഴിഞ്ഞ വര്‍ഷം ഒസ്ലറിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഇന്‍ഡസ്ട്രികളിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ജയറാം ഭാഗമാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് മിറൈ. ഹനുമാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തേജ സജ്ജയാണ് ചിത്രത്തിലെ നായകന്‍. പുരാണവും ഫാന്റസിയും മിത്തും ചേര്‍ന്ന് ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലറില്‍ അഗസ്ത്യ മുനിയായാണ് ജയറാം വേഷമിടുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായെത്തുന്ന ചിത്രത്തിന്റെ കേരള പ്രസ് മീറ്റില്‍ ജയറാം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

60 കോടി ബജറ്റിലാണ് മിറൈ ഒരുങ്ങുന്നത്. ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ ലെവലില് ചര്‍ച്ചയായ ലോകഃ എന്ന ചിത്രത്തെക്കുറിച്ചാണ് ജയറാം സംസാരിച്ചത്. 30 കോടി ബജറ്റിലാണ് ലോകഃ ഒരുങ്ങിയത്. മറ്റ് ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് ചെറിയ ബജറ്റിലൊരുങ്ങി വന്‍ വിജയം നേടാന്‍ മലയാള സിനിമക്ക് മാത്രമേ സാധിക്കുള്ളൂ എന്നാണ് ജയറാം പറയുന്നത്.

‘ഇവിടെ പല സിനിമകളും 100 കോടി ബജറ്റില്‍ ഒരുങ്ങുമ്പോള്‍ അതില്‍ 25 കോടിയുടെ ഗ്രാഫിക്‌സ് പോലും കൊണ്ടുവരാനാകാത്തപ്പോഴാണ് വെറും 30 കോടി ബജറ്റില്‍ ഇങ്ങനെയൊരു സിനിമ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന കാര്യമായിട്ടാണ് എനിക്ക് ലോകഃയുടെ വിജയത്തെക്കുറിച്ച് തോന്നുന്നത്.

ഇത്രയും ചെറിയ ബജറ്റില്‍ നമ്മള്‍ കണ്ട തരത്തില്‍ ഒരു ദൃശ്യവിരുന്ന് ഒരുക്കിയതിന് ഏറ്റവുമധികം കൈയടി നല്‍കേണ്ടത് അതിന്റെ ടെക്‌നീഷ്യന്മാര്‍ക്കാണ്. അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. മറ്റ് ഇന്‍ഡസ്ട്രികള്‍ പോലും മാതൃകയാക്കേണ്ട ഒരു സംഗതിയായാണ് എനിക്ക് ലോകഃയെക്കുറിച്ച് പറയാനുള്ളത്,’ ജയറാം പറയുന്നു.

തെലുങ്ക് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് മിറൈയെ കാത്തിരിക്കുന്നത്. ഈ വര്‍ഷം പല വമ്പന്‍ ചിത്രങ്ങളും നിരാശപ്പെടുത്തിയെങ്കിലും മിറൈ ആ പട്ടികയിലുണ്ടാകില്ലെന്നാണ് ആരാധകര്‍ കരുതുന്നത്. തേജ സജ്ജയെക്കൂടാതെ മഞ്ജു മനോജ്, ശ്രിയ ശരണ്‍, ജഗപതി ബാബു, റിതിക നായക് എന്നിവരാണ് മിറൈയിലെ മറ്റ് താരങ്ങള്‍.

Content Highlight: Jayaram praises Lokah movie comparing to other big budget films