നവരസങ്ങളില്‍ ഇനി ബാക്കിയുള്ളത് ശൃംഗാരം മാത്രം, മോഹന്‍ലാലാണ് അത് ചെയ്യാന്‍ ഏറ്റവും അനുയോജ്യന്‍: ജയരാജ്
Malayalam Cinema
നവരസങ്ങളില്‍ ഇനി ബാക്കിയുള്ളത് ശൃംഗാരം മാത്രം, മോഹന്‍ലാലാണ് അത് ചെയ്യാന്‍ ഏറ്റവും അനുയോജ്യന്‍: ജയരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th September 2025, 7:35 am

ചെയ്ത സിനിമകളെല്ലാം വ്യത്യസ്ത ഴോണറിലുള്ളതാക്കിയ സംവിധായകനാണ് ജയരാജ്. തിളക്കം, ഫോര്‍ ദി പീപ്പിള്‍, ജോണി വാക്കര്‍, ഹൈവേ, കളിയാട്ടം തുടങ്ങിയ സിനിമകളിലെല്ലാം പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിക്കാന്‍ ജയരാജിന് സാധിച്ചിട്ടുണ്ട്. നിരവധി അന്തരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ജയരാജിന്റെ ഡ്രീം പ്രൊജക്ടാണ് നവരസം.

ഓരോ രസത്തിനും പ്രാധാന്യം നല്കിക്കൊണ്ടുള്ള ഒമ്പത് സിനിമകള്‍ ചെയ്യുക എന്ന സ്വപ്‌നം ഏറെക്കുറെ അദ്ദേഹം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കരുണം മുതല്‍ ഹാസ്യം വരെ എട്ട് രസങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമകളൊരുക്കിയ ജയരാജിനന്റെ മുന്നില്‍ ഇനി ബാക്കിയുള്ളത് ശൃംഗാരം മാത്രമാണ്. നവരസത്തിലെ അവസാന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ജയരാജ്.

‘ഏറ്റവും മികച്ച രസമായി ഞാന്‍ കരുതുന്നത് ശൃംഗാരത്തെയാണ്. നവരസങ്ങളില്‍ ഏറ്റവും ടോപ്പ് അതാണ്. എല്ലാ രസങ്ങളുടെയും രാജാവ് ശൃംഗാരമാണ്. ഇനി ചെയ്യാന്‍ അത് മാത്രമേ ബാക്കിയുള്ളൂ. അധികം വൈകാതെ ആ പ്രൊജക്ട് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രൊജക്ടുകള്‍ക്ക് ശേഷമേ അത് ചെയ്യുള്ളൂ.

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും നന്നായി ശൃംഗാരം ചെയ്യാന്‍ കഴിയുന്ന നടന്‍ കമല്‍ ഹാസനാണ്. ആ ഒരു സ്‌ത്രൈണഭാവത്തില്‍ അദ്ദേഹം ചെയ്യുന്നത് കാണാന്‍ നല്ല രസമാണ്. പക്ഷേ, കമല്‍ ഹാസനെക്കാള്‍ നന്നായി ശൃംഗാരം ചെയ്ത് ഫലിപ്പിക്കാന്‍ മോഹന്‍ലാലിന് സാധിക്കുമെന്നാണ് എന്റെ വിശ്വാസം. അത്രക്ക് റേഞ്ച് മോഹന്‍ലാലിനുണ്ട്,’ ജയരാജ് പറയുന്നു.

തന്റെ പഴയ സിനിമകളുടെ റീ റിലീസിനെക്കുറിച്ചും ജയരാജ് സംസാരിച്ചു. പ്രേക്ഷകര്‍ കാത്തിരിക്കുന്ന റീ റിലീസുകളിലൊന്ന് ഫോര്‍ ദി പീപ്പിളാണെന്നും അതിന്റെ വര്‍ക്കുള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധികം വൈകാതെ പ്രേക്ഷകരിലേക്ക് ഫോര്‍ ദി പീപ്പിള്‍ വീണ്ടും എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ജയരാജ് കൂട്ടിച്ചേര്‍ത്തു.

‘പിന്നെയുള്ളത് ജോണി വാക്കറാണ്. അത് അന്നത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതുപോലെ ഇപ്പോഴത്തെ പ്രേക്ഷകരും സ്വീകരിക്കുമെന്ന് ഉറപ്പാണ്. പക്ഷേ, ഇനി വരുമ്പോള്‍ അതിന്റെ ക്ലൈമാക്‌സ് മാറ്റണമെന്ന് ആഗ്രഹമുണ്ട്. ഞാന്‍ അന്ന് ആഗ്രഹിച്ച ക്ലൈമാക്‌സല്ല ചെയ്തത്. അവസാനഭാഗം മാറ്റിയിട്ടേ റിലീസ് ചെയ്യുള്ളൂ,’ ജയരാജ് പറഞ്ഞു.

Content Highlight: Jayaraj saying Mohanlal is a better option for doing Sringara rasa better than Kamal Hassan