ഇപ്പോള്‍ ആ നടന്‍ കുറച്ച് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്, തിരിച്ചുവരുമ്പോള്‍ സിംഹത്തെപ്പോലെ വരുമെന്ന് ഉറപ്പാണ്: ജയം രവി
Entertainment
ഇപ്പോള്‍ ആ നടന്‍ കുറച്ച് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്, തിരിച്ചുവരുമ്പോള്‍ സിംഹത്തെപ്പോലെ വരുമെന്ന് ഉറപ്പാണ്: ജയം രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th January 2025, 8:45 pm

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് രവി. ആദ്യചിത്രമായ ജയം ഹിറ്റായതിന് പിന്നാലെ തന്റെ പേരിനൊപ്പം ജയം എന്ന് ചേര്‍ത്ത് രവി അറിയപ്പെട്ടു. സംതിങ് സംതിങ്, എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, തനി ഒരുവന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലെ മുന്‍നിരയില്‍ ഇടംപിടിക്കാന്‍ രവിക്ക് സാധിച്ചു. മണിരത്‌നത്തിന്റെ ഡ്രീം പ്രൊജക്ടായ പൊന്നിയിന്‍ സെല്‍വനില്‍ ടൈറ്റില്‍ റോള്‍ അവതരിപ്പിക്കാനും രവിക്ക് സാധിച്ചു.

സിനിമയിലെ തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ വിശാലിനെക്കുറിച്ച് സംസാരിക്കുകയാണ് ജയം രവി. അടുത്തിടെ മദഗജരാജ എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനെത്തിയപ്പോള്‍ വിശാലിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള ചര്‍ച്ചകളുണ്ടായിരുന്നു. മലേറിയ ബാധിച്ച് ബെഡ് റെസ്റ്റ് എടുക്കുന്നതിനിടയിലാണ് വിശാല്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

വിശാല്‍ തന്റെ ഏറ്റവുമടുത്ത സുഹൃത്താണെന്നും സിനിമയില്‍ താന്‍ എപ്പോഴും കോണ്‍ടാക്ട് ചെയ്യുന്ന നടന്‍ വിശാലാണെന്നും ജയം രവി പറഞ്ഞു. എത്ര തിരക്കാണെങ്കിലും തമ്മില്‍ സംസാരിക്കാന്‍ തങ്ങള്‍ സമയം കണ്ടെത്താറുണ്ടെന്നും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും ജയം രവി കൂട്ടിച്ചേര്‍ത്തു. അസാധ്യമായ ധൈര്യശാലിയാണ് വിശാലെന്നും ജയം രവി പറഞ്ഞു.

ഇപ്പോള്‍ വിശാല്‍ കടന്നുപോകുന്നത് ഒരു മോശം അവസ്ഥയിലൂടെയാണെന്നും എന്നാല്‍ അത് തരണം ചെയ്യാനുള്ള ധൈര്യം വിശാലിനുണ്ടെന്നും ജയം രവി കൂട്ടിച്ചേര്‍ത്തു. അവന്റെ ധൈര്യത്തിനും നല്ല മനസിനും വളരെ പെട്ടെന്ന് തിരിച്ചുവരുമെന്നും ആ വരവ് സിംഹത്തെപ്പോലെ രാജകീയമായിട്ടായിരിക്കുമെന്നും ജയം രവി പറഞ്ഞു.

അവന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ നടികര്‍ സംഘത്തില്‍ മാത്രമേ അതുപോലെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞുള്ളൂവെന്നും ജയം രവി കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു ജയം രവി.

‘സിനിമയില്‍ എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളാണ് വിശാല്‍. സിനിമയില്‍ ഞാന്‍ എപ്പോഴും കോണ്‍ടാക്ട് ചെയ്യുന്ന ചുരുക്കം ആളുകളില്‍ ഒരാളാണ് അവന്‍. എത്ര തിരക്കിലാണെങ്കിലും ഞങ്ങള്‍ തമ്മില്‍ സംസാരിക്കാന്‍ സമയം കണ്ടെത്താറുണ്ട്. വിശാല്‍ ആ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ വന്നതിന്റെ വീഡിയോ ഞാനും കണ്ടതാണ്.

അസാധ്യമായ ധൈര്യശാലിയാണ് അവന്‍. ഇപ്പോള്‍ അവന്‍ കടന്നുപോകുന്നത് ഒരു മോശം അവസ്ഥയിലൂടെയാണ്. പക്ഷേ അത് നേരിടാനുള്ള ധൈര്യം അവന് ധാരാളമായി ഉണ്ട്. അവന്റെ ധൈര്യത്തിനും നല്ല മനസിനും വളരെ പെട്ടെന്ന് തിരിച്ചുവരാന്‍ സാധിക്കും. ആ വരവ് സിംഹത്തെപ്പോലെ രാജകീയമായിട്ടായിരിക്കും. അവന്റ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷേ, നടികര്‍ സംഘത്തില്‍ മാത്രമേ അത് നടന്നിട്ടുള്ളൂ. വേറെ എവിടെയും സാധിച്ചിട്ടില്ല,’ ജയം രവി പറഞ്ഞു.

Content Highlight: Jayam Ravi about friendship with Vishal and his bad phase