ഏലത്തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ ഫഹദിന്റെ അമ്മയാകുന്നതിനെ കുറിച്ച് സംസാരിച്ചു, കുറച്ചുമാസത്തിന് ശേഷം അത് സംഭവിച്ചു: ജയ കുറുപ്പ്
Movie news
ഏലത്തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ ഫഹദിന്റെ അമ്മയാകുന്നതിനെ കുറിച്ച് സംസാരിച്ചു, കുറച്ചുമാസത്തിന് ശേഷം അത് സംഭവിച്ചു: ജയ കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th November 2025, 7:59 pm

മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളില്‍ കുതിപ്പ് തുടരുകയാണ് പ്രണവ് മോഹന്‍ലാല്‍ ചിത്രം ഡീയസ് ഈറെ. ചിത്രം ഇതിനോടകം തന്നെ 50 കോടിയിലേറെ സ്വന്തമാക്കി.

ഡിയസ് ഈറെയില്‍ പ്രേക്ഷകര്‍ ഏറെ ശ്രദ്ധിച്ച കഥാപാത്രമായിരുന്നു പ്രണവിന്റെ അമ്മ എല്‍സമ്മയുടേത്. ജയ കുറുപ്പാണ് വെള്ളിത്തിരയില്‍ വേഷം ഗംഭീരമാക്കിയത്. 30 വര്‍ഷത്തോളം നാടകവേദികളില്‍ സജീവമായിരുന്ന ജയ കുറുപ്പ് ഇതിനോടകം തന്നെ ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

View this post on Instagram

A post shared by Jaya kurup (@kurup.jaya)

ഇപ്പോള്‍ മലയന്‍കുഞ്ഞ് എന്ന ഫഹദ് ഫാസില്‍ ചിത്രത്തെ കുറിച്ചും ഫഹദിന്റെ അമ്മയുടെ റോളിലേക്ക് എത്തിയതിനെ കുറിച്ചും സംസാരിക്കുകയാണ് ജയ കുറുപ്പ്. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

’30 വര്‍ഷം നാടകത്തില്‍ അഭിനയച്ചു. ഇപ്പോഴും നാടകത്തില്‍ ചിലപ്പോള്‍ 25കാരിയുടെ വേഷം ചെയ്യേണ്ടി വരും. സിനിമയില്‍ 55 വയസിന് മുകളിലുള്ള കഥാപാത്രങ്ങളായിരുന്നു എല്ലാം.

കൊവിഡ് കാലത്ത് കട്ടപ്പനയിലെ ഏലത്തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെ ഭര്‍ത്താവ് ഒരു കാര്യം പറഞ്ഞു – ‘ഫഹദ് ഫാസിലിന്റെ അമ്മയുടെ റോള്‍ ലഭിച്ചാല്‍ നല്ലതായിരിക്കും’ എന്ന്.

കുറച്ച് മാസങ്ങള്‍ക്ക് ശേഷമാണ് മലയന്‍കുഞ്ഞിന്റെ കാസ്റ്റിങ് കോള്‍ വരുന്നത്. 55-65 വയസുള്ള നാടകത്തില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടിയായിരുന്നു അന്വേഷണം. പ്രായം കുറവായതിനാല്‍ അയച്ചില്ല.

 

ഓഡീഷനില്‍ ആരും തെരഞ്ഞെടുക്കപ്പെടാതെ വന്നതോടെ സുഹൃത്താണ് പടം അയക്കാന്‍ പറഞ്ഞത്. അങ്ങനെയാണ് ആ വേഷം കിട്ടുന്നത്.

ഓരോ അമ്മ വേഷം വരുമ്പോഴും ആ അമ്മയുടെ ചരിത്രം സ്വയം ഞാന്‍ രചിക്കും. എവിടെ നിന്ന് വരുന്നു, ജീവിക്കുന്ന സാഹചര്യം, സ്വഭാവം തുടങ്ങിയവയെല്ലാം. പതിവായി അമ്മ വേഷം ചെയ്യുമ്പോള്‍ മാറ്റം കൊണ്ടുവരാന്‍ ഇത് സഹായിക്കുന്നുണ്ട്,’ ജയ കുറുപ്പ് പറഞ്ഞു.

ഡീയസ് ഈറേയില്‍ പ്രണവിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും അഭിമുഖത്തില്‍ ജയ കുറുപ്പ് പറഞ്ഞു. മോഹന്‍ലാലിനെ പോലെ വലിയൊരു നടന്റെ മകനോട് എങ്ങനെ സംസാരിക്കണം എന്ന് അറിയാത്തതിനാല്‍ പ്രണവിനോട് ആദ്യം താന്‍ മിണ്ടിയില്ലെന്നും കുറച്ചുകഴിഞ്ഞ് പ്രണവ് ഇങ്ങോട്ട് വന്ന് സംസാരിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘രാത്രിയിലായിരുന്നു അധികം ദിവസവും ഷൂട്ടിങ്. വൈകിട്ട് 3 മുതല്‍ പുലര്‍ച്ചെ 5 വരെ തുടര്‍ച്ചയായ 5 ദിവസങ്ങളില്‍ ഷൂട്ടിങ് ഉണ്ടായിരുന്നു. ഉറങ്ങിപ്പോകുമോ എന്ന് പേടിച്ച് ഷൂട്ടിങ്ങിനിടെ ഇരിക്കാറില്ലായിരുന്നു. എപ്പോഴും നില്‍ക്കും. ഷൂട്ടിങ്ങിനായി എത്തിയ ആദ്യ ദിവസമാണ് പ്രണവിനെ കാണുന്നത്.

വലിയ ഒരു നടന്റെ മകനോട് എങ്ങനെ സംസാരിക്കണമെന്ന് അറിയാത്തതിനാല്‍ മിണ്ടിയില്ല. പ്രണവ് ചിരിച്ചു കാണിച്ചെങ്കിലും തിരികെ ചിരിക്കാന്‍ പോലും സാധിച്ചില്ല. കുറച്ചു കഴിഞ്ഞ് പ്രണവ് അടുത്ത് വന്നു. ചേച്ചി, നമ്മള്‍ പരിചയപ്പെട്ടില്ലല്ലോ എന്ന് പറഞ്ഞു സംസാരിച്ചു,’ ജയാ കുറിപ്പ് പറയുന്നു.

 

Content Highlight: Jaya Kurup about her role in Malayankunju