കിരീടം നിലനിര്‍ത്തിയ ഇന്ത്യയെ പോലെ; ടീമില്‍ സ്ഥാനം നിലനിര്‍ത്തിയത് ഇവര്‍ രണ്ട് പേര്‍ മാത്രം
T20 world cup
കിരീടം നിലനിര്‍ത്തിയ ഇന്ത്യയെ പോലെ; ടീമില്‍ സ്ഥാനം നിലനിര്‍ത്തിയത് ഇവര്‍ രണ്ട് പേര്‍ മാത്രം
ആദര്‍ശ് എം.കെ.
Wednesday, 11th March 2026, 12:10 pm

 

ആളും ആരവവുമായി 2026 ടി-20 ലോകകപ്പിന് അന്ത്യമായിരിക്കുകയാണ്. സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പില്‍ കിരീടമുയര്‍ത്തിയ ഇന്ത്യ കിരീടം നിലനിര്‍ത്തുന്ന ചരിത്രത്തിലെ ആദ്യ ടീമായും റെക്കോഡിട്ടു. ആതിഥേയര്‍ ഒരിക്കലും ചാമ്പ്യന്‍മാരാകില്ല എന്ന ചീത്തപ്പേര് ഇന്ത്യയുടെ വിജയത്തോടെ പൂര്‍ണമായും മാറുകയും ചെയ്തു.

ലോകകപ്പ് നേട്ടത്തിന് പുറമെ നാല് ഇന്ത്യന്‍ താരങ്ങള്‍ ഐ.സി.സി ടീം ഓഫ് ദി ടൂര്‍ണമെന്റിലും ഇടം പിടിച്ചിരുന്നു. വിക്കറ്റ് കീപ്പറായി ഇടം നേടിയ സഞ്ജു സാംസണ് പുറമെ ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരും ടീമില്‍ ഇടം നേടി.

ഇന്ത്യ കിരീടം നിലനിര്‍ത്തിയ പോലെ 2024 ലോകകപ്പിലെ ടീം ഓഫ് ദി ടൂര്‍ണമെന്റിലും 2026ലെ ടീം ഓഫ് ദി ടൂര്‍ണമെന്റിലും ഇടം നേടിയത് രണ്ട് താരങ്ങള്‍ മാത്രമാണ്, സ്റ്റാര്‍ പേസര്‍ ജസപ്രീത് ബുംറയും സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും.

കഴിഞ്ഞ ലോകകപ്പിന്റെ താരമായ ജസ്പ്രീത് ബുംറ ഇത്തവണ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനും ഫൈനലിലെ താരവുമായാണ് ലോകകപ്പ് ക്യാമ്പെയ്ന്‍ അവസാനിപ്പിത്.

എട്ട് മത്സരത്തില്‍ നിന്നും 12.00 സ്‌ട്രൈക് റേറ്റില്‍ 14 വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. 28 ഓവറുകളില്‍ നിന്നും 174 റണ്‍സ് മാത്രം വഴങ്ങിയ താരത്തിന്റെ എക്കോണമി 6.21 മാത്രമാണ്.

ജസ്പ്രീത് ബുംറ ലോകകപ്പുമായി

തന്റെ ഏറ്റവും മികച്ച പ്രകടനം ഫൈനലിന് വേണ്ടി ബാക്കിവെച്ച ബുംറ നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണ് അഹമ്മദാബാദില്‍ പിറന്നത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയാണ് ഹര്‍ദിക് പാണ്ഡ്യ കരുത്ത് കാട്ടിയത്. ഒമ്പത് മത്സരത്തില്‍ നിന്നും 22.00 സ്‌ട്രൈക് റേറ്റില്‍ ഒമ്പത് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

ഹര്‍ദിക് പാണ്ഡ്യ

ബാറ്റെടുത്ത ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 27.13 ശരാശരിയില്‍ 217 റണ്‍സും പാണ്ഡ്യ തന്റെ പേരിന് നേരെ ചേര്‍ത്തുവെച്ചു.

2026 ടി-20 ലോകകപ്പ് – ടീം ഓഫ് ദി ടൂര്‍ണമെന്റ്

സാഹിബ്‌സാദ ഫര്‍ഹാന്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, വില്‍ ജാക്‌സ്, ജേസണ്‍ ഹോള്‍ഡര്‍, ജസ്പ്രീത് ബുംറ, ലുങ്കി എന്‍ഗിഡി, ആദില്‍ റഷീദ്, ബ്ലെസ്സിങ് മുസരബാനി.

2024 ടി-20 ലോകകപ്പ് – ടീം ഓഫ് ദി ടൂര്‍ണമെന്റ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരന്‍, സൂര്യകുമാര്‍ യാദവ്, മാര്‍കസ് സ്റ്റോയ്‌നിസ്, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, റാഷിദ് ഖാന്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഫസല്‍ഹഖ് ഫാറൂഖി.

 

 

Content Highlight: Jasprit Bumrah and Hardik Pandya are the only players to be the part of both 2024 and 2026 ICC T20 Team Of The Tournament

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.