കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി വയനാട്ടിലെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയല്‍.
പാര്‍ട്ടി തന്നെ അപമാനിച്ചെന്ന് ജഷീര്‍ ആരോപിച്ചു. വയനാട് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാനായി പത്രിക സമര്‍പ്പിച്ചിരിക്കുകയാണ് ജഷീര്‍.
പത്രിക പിന്‍വലിക്കാനായി സമ്മര്‍ദമുണ്ടെങ്കിലും അതിന് വഴങ്ങില്ലെന്ന് ജഷീര്‍ പറഞ്ഞു. സ്വതന്ത്രനായാണ് ജഷീര്‍ മത്സരിക്കുന്നത്.
പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് ജഷീര്‍ പള്ളിവയല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതും. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമെത്തിയായിരുന്നു പത്രിക സമര്‍പ്പിച്ചത്.
തനിക്ക് യോഗ്യതയില്ലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നെന്ന് ജഷീര്‍ ആരോപിച്ചു. തന്നെ അപമാനിക്കാന്‍ ശ്രമിച്ചതോടെയാണ് വയനാട് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ് ജഷീര്‍. രണ്ട് തവണ ബ്ലോക്ക് പഞ്ചായത്തിലേക്ക് ജഷീര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
നേരത്തെ, തദ്ദേശ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്ന സമയത്ത് തന്നെ ജഷീര്‍ ഫേസ്ബുക്കിലൂടെ പാര്‍ട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.
കോണ്‍ഗ്രസില്‍ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുത്. എടുത്താല്‍ കൂടെയുള്ളവരും മുന്നണിക്കാരും നമ്മുടെ ശത്രുക്കളാകുമെന്നായിരുന്നു ജഷീറിന്റെ വിമര്‍ശനം.
‘മേല്‍ തട്ടില്‍ ഇരുന്ന് കൈവീശുന്ന രാഷ്ട്രീയമാണ് ഉചിതം. 19 വര്‍ഷത്തെ ജീവിതാനുഭവത്തില്‍ പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റ് ആയതാണ് നമ്മള്‍ ചെയ്ത തെറ്റ്. ജയ് കോണ്‍ഗ്രസ്, ജയ് യു.ഡി.എഫ്’, ഫേസ്ബുക്കില്‍ ജഷീര്‍ കുറിച്ചിരുന്നു. പിന്നീട് വിമര്‍ശനങ്ങള്‍ വന്നതോടെ അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
അതേസമയം, കോണ്‍ഗ്രസില്‍ വിമത സ്ഥാനാര്‍ത്ഥിയായി ജഷീര്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസിന് വലിയ തലവേദനയായിരിക്കുകയാണ്.
ആദ്യഘട്ടത്തില്‍ തോമാട്ടുചാല്‍ ഡിവിഷനില്‍ നിന്നും ജഷീറിനെ പരിഗണിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഈ സീറ്റ് കോണ്‍ഗ്രസ് മുസ്‌ലിം ലീഗിന് വിട്ടുനല്‍കി. ജഷീറിനെ മറ്റൊരിടത്തേക്ക് പരിഗണിച്ചതുമില്ല. മുട്ടില്‍ സീറ്റ് ചോദിച്ച ലീഗിന് കോണ്‍ഗ്രസ് ജനറല്‍ സീറ്റായ തോമാട്ടുചാല്‍ വിട്ടുനല്‍കുകയായിരുന്നു.
വയനാട്ടില്‍ യുവാക്കള്‍ക്ക് സീറ്റ് നല്‍കാത്തതിനെ ചൊല്ലി നിരവധി തര്‍ക്കങ്ങളാണുണ്ടായത്. മുന്‍ കെ.എസ്.യു ജില്ലാ അധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ അമല്‍ ജോയ് അടക്കമുള്ളവര്‍ക്ക് സീറ്റ് ലഭിക്കാത്തതും ചര്‍ച്ചയായിരുന്നു.
എല്‍.ഡി.എഫ് 25 വര്‍ഷമായി കൈവശം വെച്ചിരുന്ന നൂല്‍പ്പുഴ ഡിവിഷന്‍ പിടിച്ചെടുത്ത അമല്‍ ജോയ്ക്ക് സീറ്റ് നല്‍കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.
സുല്‍ത്താന്‍ ബത്തേരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാറിനെയും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തത് വിവാദമായിരുന്നു.
Content Highlight: Jasheer Pallivayal becomes Congress rebel candidate