'മേല്‍ തട്ടിലിരുന്ന് കൈ വീശുന്ന രാഷ്ട്രീയമാണ് ഉചിതം' സീറ്റ് നിഷേധത്തില്‍ കോണ്‍ഗ്രസിനെതിരെ ജഷീര്‍ പള്ളിവയല്‍
Kerala
'മേല്‍ തട്ടിലിരുന്ന് കൈ വീശുന്ന രാഷ്ട്രീയമാണ് ഉചിതം' സീറ്റ് നിഷേധത്തില്‍ കോണ്‍ഗ്രസിനെതിരെ ജഷീര്‍ പള്ളിവയല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th November 2025, 6:57 am

കല്‍പ്പറ്റ: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയല്‍. കോണ്‍ഗ്രസില്‍ അടിത്തട്ടില്‍ ഇറങ്ങി പണിയെടുത്താല്‍ കൂടെയുള്ളവര്‍ ശത്രുക്കളാകുമെന്ന് ജഷീര്‍ പള്ളിവയല്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് ജഷീറിന്റെ വിമര്‍ശനം.

‘നമ്മുടെ പാര്‍ട്ടിയില്‍ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുത്. എടുത്താല്‍ കൂടെയുള്ളവരും മുന്നണിക്കാരും നമ്മുടെ ശത്രുക്കളാവും പ്രിയരേ… മേല്‍ തട്ടില്‍ ഇരുന്ന് കൈ വീശുന്ന രാഷ്ട്രീയമാണ് ഉചിതം.

19 വര്‍ഷ ജീവിതാനുഭവത്തില്‍ പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റ് ആയതാണ് നമ്മള്‍ ചെയ്ത തെറ്റ്. ജയ് കോണ്‍ഗ്രസ്, ജയ് യു.ഡി.എഫ്,’ ജഷീര്‍ പള്ളിവയല്‍ കുറിച്ചു. പോസ്റ്റ് ചര്‍ച്ചയായതോടെ മിനിറ്റുകള്‍ക്കുള്ളില്‍ ജഷീര്‍ അത് പിന്‍വലിക്കുകയും ചെയ്തു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ആദ്യഘട്ടത്തില്‍ ജഷീറിനെ തോമാട്ടുചാല്‍ ഡിവിഷനില്‍ പരിഗണിച്ചിരുന്നതായാണ് വിവരം. എന്നാല്‍ പിന്നീട് ഈ സീറ്റ് മുസ്‌ലിം ലീഗിന് നല്‍കി. ജഷീര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തില്ല. നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ് ജഷീര്‍.

മുട്ടില്‍ സീറ്റാണ് ലീഗ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. പക്ഷെ ജനറല്‍ സീറ്റായ തോമാട്ടുചാലാണ് കോണ്‍ഗ്രസ് കൈമാറിയത്.

കൂടാതെ മുന്‍ കെ.എസ്.യു ജില്ലാ അധ്യക്ഷനും നിലവിലെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ അമല്‍ ജോയ് അടക്കമുള്ളവര്‍ക്ക് സീറ്റ് ലഭിക്കാത്തതും തര്‍ക്കത്തിന് കാരണമായിട്ടുണ്ട്.

25 വര്‍ഷമായി എല്‍.ഡി.എഫിന്റെ സീറ്റായിരുന്ന നൂല്‍പ്പുഴ ഡിവിഷന്‍ കഴിഞ്ഞ തവണ പിടിച്ചെടുത്തത് അമല്‍ ജോയ് ആയിരുന്നു. മാത്രമല്ല, സുല്‍ത്താന്‍ ബത്തേരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാറിനെയും ഇത്തവണ പരിഗണിച്ചിട്ടില്ല.

മറ്റു ജില്ലകളിലെല്ലാം മത്സരരംഗത്തേക്ക് യുവനിര എത്തിയപ്പോള്‍ വയനാട്ടില്‍ അതുണ്ടായില്ലെന്നും വിമര്‍ശനമുണ്ട്.

Content Highlight: Jasheer Pallivayal against Congress for denying him a seat in panchayat election