ബ്രസീലിന് ആദ്യ പ്രഹരം; 29ാം മിനിട്ടില്‍ നിറയൊഴിച്ച് സമുറായ് ബ്ലൂസ്
Football
ബ്രസീലിന് ആദ്യ പ്രഹരം; 29ാം മിനിട്ടില്‍ നിറയൊഴിച്ച് സമുറായ് ബ്ലൂസ്
ശ്രീരാഗ് പാറക്കല്‍
Monday, 29th June 2026, 11:20 pm

2026 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ടിറങ്ങുന്ന ബ്രസീലിന് മോശം തുടക്കം. നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ ബ്രസീലിനെതിരെ ജപ്പാന്‍ ആദ്യ ഗോള്‍ നേടിയിരിക്കുകയാണ്. ഹ്യൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കൈഷു സനോ 29ാം മിനിട്ടിലാണ് ബ്രസീലിന്റെ വല കുലുക്കിയത്.

ബ്രസീലിന്റെ ഡിഫന്‍സിനെ നോക്കുകുത്തിയാക്കി ഒരു വണ്‍ മാന്‍ സ്‌ട്രൈക്കിലൂടെയാണ് കൈഷു ഗോള്‍ സ്വന്തമാക്കിയത്. ജപ്പാന്റെ ബോക്‌സിലേക്ക് പന്തെത്തിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ബ്രസീലിന്റെ പല ശ്രമങ്ങളും പാഴായി പോകുകയായിരുന്നു.

മാത്രമല്ല സൂപ്പര്‍ താരങ്ങളായ നെയ്മര്‍ ജൂനിയറും റാഫീഞ്ഞയും കളത്തിലിറങ്ങാത്തതും ബ്രസീലിന്റെ ആത്മവിശ്വാസം കുറയ്ക്കുന്നു.

അതേസമയം ഗ്രൂപ്പ് സി-യില്‍ ചാമ്പ്യന്മാരായാണ് കാനറിപ്പട നോക്ക് ഔട്ടിലേക്ക് മുന്നേറിയത്. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനിലയില്‍ കുടുങ്ങിയ ബ്രസീല്‍ പിന്നീടുള്ള മത്സരങ്ങളില്‍ ഹെയ്തിയെയും സ്‌കോട്‌ലന്‍ഡിനെയും വീഴ്ത്തിയാണ് തിരിച്ചുവരവ് നടത്തിയത്.

വിനീഷ്യസ് ജൂനിയറിന്റെയും മാത്യൂസ് കുന്‍ഹയുടെയും മിന്നും ഫോമിലാണ് ബ്രസീല്‍ കുതിക്കുന്നത്. വിനീഷ്യസ് ഇതുവരെ നാല് ഗോളുകളും ഒരു അസിസ്റ്റുകളും നേടിയപ്പോള്‍ കുന്‍ഹ മൂന്ന് ഗോളുകള്‍ എതിരാളികളുടെ വലയിലെത്തിച്ചിട്ടുണ്ട്. ജപ്പാനെതിരെ ഗോള്‍ നേടി ബ്രസീല്‍ തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കരുത്തരായ നെതര്‍ലാന്‍ഡ്സിനെ സമനിലയില്‍ തളച്ചാണ് ജപ്പാന്‍ വരവറിയിച്ചത്. രണ്ടാം മത്സരത്തില്‍ ടുണീഷ്യയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത സാമുറായ് ബ്ലൂ അവസാന മത്സരത്തില്‍ സ്വീഡനെയും സമനിലയില്‍ കുരുക്കിയാണ് റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടിയത്.

Content Highlight: Japan scores the opening goal against Brazil in the crucial match

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ