ഡി.വൈ.എഫ്.ഐയുടേത് ഗുണ്ടാരാജ്, മുന്നണിയെ ഗുണ്ടകളുടെ താവളമാക്കരുത്; സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം
Kerala News
ഡി.വൈ.എഫ്.ഐയുടേത് ഗുണ്ടാരാജ്, മുന്നണിയെ ഗുണ്ടകളുടെ താവളമാക്കരുത്; സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th January 2022, 11:20 am

കോഴിക്കോട്: പത്തനംതിട്ടയില്‍ സി.പി.ഐ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം.

പത്തനംതിട്ട അങ്ങാടിക്കലിലുണ്ടായ അക്രമം വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചത് ക്രിമിനല്‍ ഗുണ്ടാസംഘങ്ങളുടെ രീതിയാണെന്നും എഡിറ്റോറിയലില്‍ വിമര്‍ശിച്ചു. അക്രമ രാഷ്ട്രീയത്തിന്റെ അനുഭവപാഠങ്ങള്‍ വിസ്മരിക്കരുത് എന്ന തലക്കെട്ടിലായിരുന്നു എഡിറ്റോറിയല്‍.

ഡി.വൈ.എഫ്.ഐയുടേത് ഗുണ്ടാരാജാണ്. ഫാസിസത്തെ എതിര്‍ക്കുന്ന സംഘടനയുടെ പേരില്‍ ആണ് കൊടുമണ്ണില്‍ വീഡിയോ പ്രചരിപ്പിച്ചത്. സംഘടനയുടെ നേതൃത്വം അക്രമത്തെ അപലപിച്ചിട്ടില്ല എന്നത് സമൂഹത്തിന് നല്‍കുന്നത് അപായസൂചനയാണെന്നും ജനയുഗം വിമര്‍ശിച്ചു.

ജനാധിപത്യത്തിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേരില്‍ രംഗത്തുവന്ന ഗുണ്ടാസംഘമാണ് സി.പി.ഐ പ്രാദേശിക നേതാക്കള്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടത്.

തങ്ങളുടെ പേരില്‍ നടന്ന അക്രമസംഭവങ്ങളെ അപലപിക്കാന്‍ ആ സംഘടന മുതിരാത്തിടത്തോളം അവര്‍ ഗുണ്ടാസംഘങ്ങള്‍ക്ക് പാളയം ഒരുക്കുന്നു എന്നുവേണം കരുതാന്‍ എന്നും ജനയുഗം വിമര്‍ശിച്ചു.

‘അക്രമങ്ങള്‍കൊണ്ടും സര്‍വാധിപത്യ പ്രവണതകള്‍കൊണ്ടും എല്ലാക്കാലത്തും എല്ലാവരെയും നിയന്ത്രിച്ചു നിര്‍ത്താമെന്ന വ്യാമോഹം അസ്ഥാനത്താണെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിഞ്ഞേ മതിയാവൂ.

അക്രമങ്ങളും ജനാധിപത്യ വിരുദ്ധ പ്രവണതകളും നല്‍കിയ പാഠങ്ങള്‍ തിരിച്ചറിയാനും സ്വയം തിരുത്താനും വൈകുന്നതിന് വലിയ വില നല്കേണ്ടിവരുമെന്ന അനുഭവപാഠങ്ങള്‍ അവഗണിക്കുകയോ വിസ്മരിക്കുകായോ അരുത്,’ ജനയുഗം മുഖപ്രസംഗത്തിലൂടെ പറഞ്ഞു.

അതേസമയം, പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, അങ്ങാടിക്കല്‍ സര്‍വീസ് സഹകരണബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഡി.വൈ.എഫ്.ഐ-സി.പി.ഐ സംഘര്‍ഷം ഉടലെടുത്തത്.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അങ്ങാടിക്കല്‍ സ്‌കൂള്‍ ജങ്ഷനില്‍ വെച്ചാണ് സി.പി.ഐ നേതാക്കളെ ആക്രമിച്ചത്. സി.പി.ഐ കൊടുമണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബു, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഉദയകുമാര്‍ എന്നിവര്‍ക്കാണ് ക്രൂരമര്‍ദനമേറ്റത്. പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.