ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
കത്വ സംഭവത്തില്‍ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകനെ മുസ്‌ലിം ഭീകരനാക്കി ജനം ടി.വി; പ്രചരിപ്പിച്ചത് ഇന്നലെ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിലെ ദൃശ്യങ്ങള്‍
ന്യൂസ് ഡെസ്‌ക്
Monday 16th April 2018 10:14pm

കോഴിക്കോട്: കത്വ ഉന്നാവോ സംഭവങ്ങളില്‍ പ്രതിഷേധിച്ച് കോഴിക്കോട് മിഠായിത്തെരുവില്‍ നടന്ന ‘എന്റെ തെരുവില്‍ എന്റെ പ്രതിഷേധത്തില്‍’ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനെ മുസ്‌ലിം ഭീകരവാദിയായി ചിത്രീകരിച്ച് ജനം ടി.വി. ഇന്നലെ വൈകീട്ട് മിഠായിത്തെരുവില്‍ നടന്ന പ്രതിഷേധ സംഗമത്തിന്റെ ചിത്രമാണ് ഇന്ന് സംസ്ഥാനത്ത് നടന്ന അപ്രഖ്യാപിത ഹര്‍ത്താലിന്റെതെന്ന പേരില്‍ ജനം ടിവി സംപ്രേക്ഷണം ചെയ്തത്.

സംഘപരിവാര്‍ ക്രൂരതയ്ക്കെതിരെ ഫേസ്ബുക്ക് കൂട്ടായ്മകളും വിവിധ സാംസ്‌കാരിക കൂട്ടായ്മകളും ചേര്‍ന്നായിരുന്നു തെരുവുകളില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. കോഴിക്കോട് മിഠായിത്തെരുവില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ നിരവധിപ്പേര്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സഹിതം വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു, എന്നാല്‍ ഈ ചിത്രം ഇന്ന് സംസ്ഥാനത്ത് നടന്ന അപ്രഖ്യാപിത ഹര്‍ത്താല്‍ എന്ന പേരില്‍ ജനം ടിവി പ്രചരിപ്പിക്കുകയായിരുന്നു.


Also Read: ദീപക് ശങ്കരനാരായണനെതിരെ ഡി.ജി.പിക്ക് ബി.ജെ.പി യുടെ വക ‘കോംപ്ലിമെന്റ്; അക്ഷരത്തെറ്റില്‍ അടിതെറ്റിയ ബി.ജെ.പിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല


‘മുസ്‌ലീം ഭീകരസംഘടനകളുടെ അപ്രഖ്യാപിത ഹര്‍ത്താല്‍’ എന്ന തലക്കെട്ടോടെയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ പങ്കെടുത്ത പരിപാടിയുടെ ചിത്രം ജനം ടി.വി നല്‍കിയത്. ഇതില്‍ മാധ്യമപ്രവര്‍ത്തകന്‍ അജ്മലിന്റെ ചിത്രം വ്യക്തമായി കാണുന്ന രീതിയിലാണ് ജനം ടി.വി വാര്‍ത്ത നല്‍കിയത്.

ഇന്നലെ നടന്ന പ്രതിഷേധ സംഗമത്തില്‍ നിന്ന്‌

ജനം ടിവിയുടെ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയ അജ്മല്‍ ‘ഇന്നത്തെ ഹര്‍ത്താലിനോടോ, അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരോടോ ഒരു ശതമാനം പോലും യോജിപ്പില്ലാത്ത എന്റെ പടം ആണ് ഇന്നത്തെ ഹര്‍ത്താലിന്റെ ഭാഗമെന്നോണം ജനം ടീ. വി കൊടുത്തിരിക്കുന്നതെന്നു പ്രതികരിച്ചു. അല്‍പം നീണ്ട താടിയുളളവരുടെ ചിത്രം കോഴിക്കോട് നിന്ന് ഇന്ന് കണ്ടെത്താന്‍ കഴിയത്തതിനാലാകാം ഇന്നലെ ഞാനടക്കം പലരും പങ്കെടുത്ത പ്രതിഷേധത്തിലെ അല്‍പ്പം താടിയുളള തന്റെ പടം അവര്‍ എടുത്തതെന്നും അജ്മല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.


Dont Miss: ‘പെണ്‍കുട്ടികളെ ആക്രമിക്കുന്ന നരാധമന്‍മാരെ ത്രിവര്‍ണ്ണ പതാകയില്‍ സംരക്ഷിക്കരുത്’; കത്വ സംഭവത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കനയ്യകുമാര്‍

സംഭവത്തിനെതിരെ നിരവധിപ്പേര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. ഫയല്‍ വിഷ്വല്‍സ് ഇത്തരത്തിലുള്ള വാര്‍ത്തകളോടൊപ്പം നല്‍കുമ്പോല്‍ ജാഗ്രത പുലര്‍ത്തേണ്ടതണ്ടെന്നും മുസ്‌ലിം ഭീകര സംഘടനയുടേതെന്ന് തോന്നിപ്പിക്കാന്‍ ചിത്രം മനപൂര്‍വം ജനം ടി.വി ഉപയോഗിക്കുകയായിരുന്നെന്നുമാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

Advertisement