മതം ചികഞ്ഞവര്‍ക്ക് മറുപടി; യു.എന്നിലും വൈറലായി ജാനകിയും നവീനും
Entertainment
മതം ചികഞ്ഞവര്‍ക്ക് മറുപടി; യു.എന്നിലും വൈറലായി ജാനകിയും നവീനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd October 2021, 5:39 pm

ജനീവ: കേരളത്തിലെ മെഡിക്കല്‍ കോളെജ് വിദ്യാര്‍ത്ഥികളായ ജാനകി ഓം കുമാര്‍, നവീന്‍ റസാഖ് എന്നിരുടെ നൃത്തം ഐക്യരാഷ്ട്രസഭയിലുമെത്തി. കഴിഞ്ഞ ദിവസം നടന്ന യു.എന്‍ പൊതുസഭയുടെ മൂന്നാം സമിതിയുടെ അനൗദ്യോഗിക യോഗത്തിനിടെയായിരുന്നു ഇരുവരുടേയും പ്രകടനം പരാമര്‍ശിക്കപ്പെട്ടത്.

ഐക്യരാഷ്ട്രസഭയുടെ കള്‍ച്ചറല്‍ റൈറ്റ്സ് സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍ കരീമ ബെന്നൗണ്‍സ് ആണ് വൈറല്‍ ഡാന്‍സ് പ്രസംഗത്തിനിടെ ഉദ്ധരിച്ചത്.

”സാംസ്‌കാരികമായ വേര്‍തിരിവുകളെല്ലാം മാറ്റിനിര്‍ത്തി ഒന്നിച്ചു നൃത്തച്ചുവടുകള്‍ വച്ച രണ്ട് യുവാക്കള്‍ക്ക് വ്യാപകമായ പിന്തുണയാണ് കിട്ടിയത്. അതോടൊപ്പം സമൂഹമാധ്യമങ്ങളില്‍ ഹിന്ദു മതമൗലികവാദത്താല്‍ പ്രചോദിതരായുള്ള വലിയ തോതിലുള്ള അധിക്ഷേപങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമിരയായി രണ്ടുപേരും. ഡാന്‍സ് ജിഹാദ് ആരോപണങ്ങള്‍വരെ ഉയരുകയുണ്ടായി”- ബെന്നൗണ്‍സ് ചൂണ്ടിക്കാട്ടി.

സംസ്‌കാരത്തെയും സ്വത്വത്തെയും സാംസ്‌കാരിക സമന്വയങ്ങളെയുമെല്ലാം കുറിച്ചുള്ള ബഹുവിധവും തുറന്നതുമായ ധാരണകളെ ശക്തമായും ക്രിയാത്മകമായും പ്രതിരോധിക്കുക മാത്രമാണ് ഈ 21-ാം നൂറ്റാണ്ടില്‍ വിവേചനങ്ങളില്ലാതെ എല്ലാവരുടെയും സാംസ്‌കാരിക അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ഒരേയൊരു വഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനിയും ഒന്നിച്ച് ഡാന്‍സ് ചെയ്യുമെന്നുള്ള ജാനകിയുടെയും നവീന്റെയും പ്രതികരണത്തിനും യു.എന്‍ പ്രതിനിധി പ്രശംസയറിയിച്ചു.

തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ജാനകി ഓംകുമാറും നവീന്‍ റസാഖും. ബോണി എം ബാന്‍ഡിന്റെ ‘റാ റാ റാസ്പുടിന്‍ ലവര്‍ ഓഫ് ദ റഷ്യന്‍ ക്വീന്‍’ എന്ന് തുടങ്ങുന്ന ഗാനത്തിനു ചുവടുവെച്ചാണ് ഇരുവരും വൈറലായത്.


തിരുവനന്തപുരം സ്വദേശിയായ ജാനകി മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയും മാനന്തവാടി സ്വദേശിയായ നവീന്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമാണ്.

 

View this post on Instagram

 

A post shared by Naveen K Razak (@naveen_k_razak)

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Janaki Omkumar Naveen Rasaq Rasputin Dance United Nations