എഡിറ്റര്‍
എഡിറ്റര്‍
ജനജാഗ്രത യാത്രയിലെ കാറ് വിവാദം; കൊടുവള്ളിയിലെ സ്വീകരണ കമ്മറ്റിക്ക് വീഴ്ച പറ്റിയെന്ന് സി.പി.ഐ.എം ജില്ലാ കമ്മറ്റി
എഡിറ്റര്‍
Friday 27th October 2017 9:07pm


കോഴിക്കോട്: എല്‍.ഡി.എഫിന്റെ ജനജാഗ്രത യാത്രയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സ്വീകരിക്കാന്‍ ആഡംബരകാര്‍ ഉപയോഗിച്ചതില്‍ കൊടുവള്ളിയിലെ സ്വീകരണ കമ്മിറ്റിക്ക് വീഴ്ച പറ്റിയെന്ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.

ജനജാഗ്രതാ യാത്രയില്‍ കൊടുവള്ളിയിലെ സ്വീകരണ കമ്മിറ്റിക്ക് ജാഗ്രതക്കുറവുണ്ടായെന്നും വിവാദത്തിനിടയാകാവുന്ന വാഹനം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ജില്ലാ കമ്മിറ്റി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിക്കുന്നതില്‍ കാര്യമില്ലെന്നും സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

സ്വീകരണയോഗത്തിലെത്തുന്ന ജാഥാ ലീഡര്‍ക്ക് സ്വീകരണത്തിന് ഉപയോഗിക്കുന്ന വാഹനമേതാണെന്നോ അരുടെതാണെന്നോ അറിയാന്‍ കഴിയില്ല. ജാഥക്ക് ഉപയോഗിച്ച വാഹനമായി ഇതിനെ കണക്കാക്കാന്‍ കഴിയില്ലെന്നും കമ്മറ്റി വ്യകതമാക്കി.


Also Read ‘ക്ലബ്ബിനും ഹോട്ടലിനും മുന്നില്‍ അരമണിക്കൂര്‍ കാത്തു നില്‍ക്കാം, തിയ്യറ്ററില്‍ 52 സെക്കന്റ് നില്‍ക്കാന്‍ പറ്റില്ലേ?’; തിയ്യറ്ററിലെ ദേശീയ ഗാന വിഷയത്തില്‍ ഗംഭീര്‍


ലീഗിന്റെ ശക്തി കേന്ദ്രമായ കൊടുവള്ളിയില്‍ സി.പി.ഐ.എമ്മിന്റെ ജാഥക്ക് ലഭിച്ച പിന്തുണ കണ്ട് വിറളി പിടിച്ച ലീഗും ബി.ജെ.പിയും മനപ്പൂര്‍വ്വം ഉണ്ടാക്കുന്ന വിവാദമാണെന്നും ജില്ലാ കമ്മറ്റി വിലയിരുത്തി.

ജനജാഗ്രതാ യാത്ര കോഴിക്കോട് കൊടുവള്ളിയിലെത്തിയപ്പോള്‍ ജാഥാ ക്യാപ്റ്റനായ കോടിയേരി ബാലകൃഷ്ണന്‍ ഉപയോഗിച്ചത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനമാണെന്ന ആരോപണവുമായി ബി.ജെ.പിയും മുസ്ലിം ലീഗുമായിരുന്നു രംഗത്ത് വന്നത്.

ജനജാഗ്രതാ യാത്രയല്ല പണജാഗ്രതാ യാത്രയാണ് കോടിയേരി നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. കോടിയേരിയും കള്ളക്കടത്തുക്കാരുമായുള്ള ബന്ധം പാര്‍ട്ടിയും മുഖ്യമന്ത്രിയും അന്വേഷിക്കണമെന്നും കെ. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.

മുസ്ലീം ലീഗ് നേതൃത്വവും സമാന ആരോപണവുമായി രംഗത്തെത്തിയരുന്നു. കോടിയേരി ബാലകൃഷ്ണന്‍ കാരാട്ട് ഫൈസല്‍ കാറുപയോഗിച്ചത് സി.പി.ഐ.എമ്മും സ്വര്‍ണ മാഫിയയും തമ്മിലെ ബന്ധത്തിന്റെ തെളിവാണെന്നായിരുന്നു ലീഗിന്റെ ആരോപണം. ആരോപണം മുഖ്യമന്ത്രി നേരിട്ട് അന്വേഷിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടിരുന്നു.

Advertisement