എഡിറ്റര്‍
എഡിറ്റര്‍
‘ക്ലബ്ബിനും ഹോട്ടലിനും മുന്നില്‍ അരമണിക്കൂര്‍ കാത്തു നില്‍ക്കാം, തിയ്യറ്ററില്‍ 52 സെക്കന്റ് നില്‍ക്കാന്‍ പറ്റില്ലേ?’; തിയ്യറ്ററിലെ ദേശീയ ഗാന വിഷയത്തില്‍ ഗംഭീര്‍
എഡിറ്റര്‍
Friday 27th October 2017 8:53pm

ന്യൂദല്‍ഹി: തിയ്യറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്ന വിഷയത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. വിഷയത്തില്‍ തന്റെ മുന്‍ അഭിപ്രായം വീണ്ടും ഉറപ്പിക്കുന്നതാണ് ഗംഭീറിന്റെ ട്വീറ്റ്.

ക്ലബ്ബിന് പുറത്ത് 20 മിനിറ്റും ഇഷ്ടപ്പെട്ട ഭക്ഷണത്തിനായി ഹോട്ടലില്‍ അര മണിക്കൂറും കാത്തു നില്‍ക്കുന്ന നിങ്ങള്‍ക്ക് തിയേറ്ററില്‍ ദേശീയ ഗാനത്തിനായി 52 സെക്കന്റ് നില്‍ക്കാന്‍ കഴിയാത്തത് എന്താണെന്നായിരുന്നു ഗംഭീര്‍ ട്വീറ്റ് ചെയ്തത്.

തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2016 നവംബറിലാണ് തീയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം നിര്‍ബന്ധമാക്കി കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്.

രാജ്യസ്നേഹം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഒരാള്‍ക്ക് രാജ്യസ്നേഹ കുപ്പായം എപ്പോഴും ധരിച്ചു നടക്കാന്‍ കഴിയില്ലെന്നും ഇതിന്റെ പേരിലുള്ള മോറല്‍ പൊലീസിങ് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.


Also Read: അസുഖത്തെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; രാത്രി മൊത്തം നിരീക്ഷണത്തില്‍


പലരും ഉത്തരവ് അനുസരിക്കുന്നത് രാജ്യദ്രോഹവിളി കേള്‍ക്കാതിരിക്കാനാണെന്നും രാജ്യസ്നേഹം പ്രദര്‍ശിപ്പിക്കേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. ദേശീയഗാനത്തിന് ജനങ്ങള്‍ നില്‍ക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും കോടതിയുടെ ചുമലില്‍ വെക്കേണ്ടെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ദീപക്മിശ്ര ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചുദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുനപരിശോധിക്കുമെന്ന് അറിയിച്ചത്. തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയിരുന്നത് ജസ്റ്റിസ് ദീപക്മിശ്ര അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു.

ജനങ്ങള്‍ തിയേറ്ററുകളില്‍ പോകുന്നത് പരിധികളില്ലാത്ത വിനോദത്തിന് വേണ്ടിയാണെന്നും സമൂഹത്തിന് വിനോദം ആവശ്യമാണെന്നും ബഞ്ചില്‍ അംഗമായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചുത് പറഞ്ഞു.

ഇന്ത്യ വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യമാണെന്നും ഇതിനാല്‍ ഒത്തൊരുമ കൊണ്ടുവരാന്‍ തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കേണ്ടതുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയോട് പറഞ്ഞിരുന്നു.

Advertisement