റിലീസിന് മുമ്പ് ലീക്കായിട്ടും ഇന്‍ഡസ്ട്രി ഹിറ്റ് നേടിയ പവനും, സെന്‍സര്‍ കോപ്പി വന്നിട്ടും ചരിത്രവിജയമായ പ്രേമവും, ജന നായകനൊപ്പം ചര്‍ച്ചയായി പഴയ ചിത്രങ്ങള്‍
Indian Cinema
റിലീസിന് മുമ്പ് ലീക്കായിട്ടും ഇന്‍ഡസ്ട്രി ഹിറ്റ് നേടിയ പവനും, സെന്‍സര്‍ കോപ്പി വന്നിട്ടും ചരിത്രവിജയമായ പ്രേമവും, ജന നായകനൊപ്പം ചര്‍ച്ചയായി പഴയ ചിത്രങ്ങള്‍
അമര്‍നാഥ് എം.
Sunday, 12th April 2026, 11:20 am

450 കോടി ചെലവഴിച്ച് ഒരുക്കിയിട്ടും നാല് മാസമായി പെട്ടിയില്‍ തന്നെ കിടക്കേണ്ട ഗതികേടിലാണ് വിജയ്‌യുടെ ജന നായകന്‍. സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകളില്‍ പെട്ട് കിടന്നതും വിജയ് ഒന്നിന് പിന്നാലെ ഒന്നായി നിരവധി പ്രതിസന്ധികള്‍ തരണം ചെയ്തതിനെക്കുറിച്ചുമെല്ലാം ആരാധകര്‍ ഒരുവിധം ന്യായീകരിച്ച് വരുമ്പോഴായിരുന്നു ചിത്രം ഓണ്‍ലൈനില്‍ ലീക്കായത്.

മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മുഴുവന്‍ ചിത്രവും എക്‌സില്‍ ലീക്കായതിന് പിന്നാലെ നിര്‍മാതാക്കള്‍ ഈ പ്രിന്റ് നീക്കം ചെയ്തു. എന്നിരുന്നാലും ചിത്രത്തിലെ പ്രധാനഭാഗങ്ങള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ജന നായകനെപ്പോലെ റിലീസിന് മുമ്പ് ലീക്കായ മറ്റ് സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.

ശരത് കുമാറിനെ നായകനാക്കി കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത ജഗ്ഗുഭായ് ആണ് ഇത്തരത്തില്‍ ലീക്കായ ആദ്യചിത്രം. 2010ല്‍ തിയേറ്ററിലെത്തേണ്ട ചിത്രമായിരുന്നു ഇത്. എന്നാല്‍ റിലീസിന് മുമ്പ് ക്ലൈമാക്‌സ് സീന്‍ ലീക്കായിരുന്നു. ഇതേത്തുടര്‍ന്ന് ഈ രംഗങ്ങള്‍ റീഷൂട്ട് ചെയ്താണ് പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചില്ല.

പവന്‍ കല്യാണിനെ നായകനാക്കി ത്രിവിക്രം സംവിധാനം ചെയ്ത അത്തരിന്‍ടികി ദാരേദിക്കും വലിയൊരു തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചിത്രത്തിലെ ഒന്നരമണിക്കൂറോളം വരുന്ന രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. അണിയറപ്രവര്‍ത്തകരും ആരാധകരും ഒരുപോലെ പ്രതിസന്ധിയിലായിട്ടും റിലീസിന് ശേഷം ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറി. പവന്‍ കല്യാണിന്റെ അവസാന സൂപ്പര്‍ഹിറ്റും അത്തരിന്‍ടികി ദാരേദിയായിരുന്നു.

മലയാളത്തിലും ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍ അണിയിച്ചൊരുക്കിയ പ്രേമം മോളിവുഡിലെ ചരിത്രവിജയങ്ങളിലൊന്നായി മാറി. നിവിന്‍ പോളി നായകനായ ചിത്രം തിയേറ്ററുകളിലെത്തിയതിന്റെ മൂന്നാംനാള്‍ സെന്‍സര്‍ കോപ്പി ലീക്കായി. പ്രതിസന്ധികള്‍ക്കിടയില്‍ ഗംഭീര കളക്ഷനായിരുന്നു ചിത്രം നേടിയത്.

ബോക്‌സ് ഓഫീസില്‍ നിന്ന് 75 കോടിയോളമായിരുന്നു പ്രേമം നേടിയത്. ഒരുപക്ഷേ സെന്‍സര്‍ കോപ്പി പുറത്തുവന്നില്ലായിരുന്നെങ്കില്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറാനുള്ള സാധ്യതയുള്ള ചിത്രമായിരുന്നു പ്രേമം. ഇപ്പോഴിതാ ജന നായകനും ഈ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. ചിത്രം ലീക്കായത് എവിടെ നിന്നാണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

ചിത്രത്തിന്റെ കോപ്പി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കാണുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് നിര്‍മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് അറിയിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ വിജയ് ഇതുവരെ പ്രതികരിക്കാത്തതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

Content Highlight: Jana Nayagan and other films that leaked before viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം