എസ്.എഫ്.ഐ, എന്‍.എസ്.യു നേതാക്കളെ പൊലീസിനെ ഏല്‍പ്പിച്ചു; ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം തടയാന്‍ ജാമിയ മില്ലിയ സര്‍വകലാശാല
natioanl news
എസ്.എഫ്.ഐ, എന്‍.എസ്.യു നേതാക്കളെ പൊലീസിനെ ഏല്‍പ്പിച്ചു; ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം തടയാന്‍ ജാമിയ മില്ലിയ സര്‍വകലാശാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th January 2023, 3:59 pm

ന്യൂദല്‍ഹി: ദല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലയില്‍ ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയാന്‍ പൊലീസ് നീക്കം. എസ്.എഫ്.ഐ, എന്‍.എസ്.യു വിദ്യാര്‍ത്ഥി നേതാക്കളെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

വൈകുന്നേരം ആറ് മണിക്കാണ് വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ത്ഥികളെ ചര്‍ച്ചക്ക് വിളിച്ചിരുന്നു.

ചര്‍ച്ചയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് പിന്മാറാത്തതിന് പിന്നാലെ സര്‍വകലാശാല അധികൃതര്‍ തന്നെ വിദ്യാര്‍ത്ഥികളെ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്‍.എസ്.യുവിന്റെ വിദ്യ ജ്യോതി തൃപാഠി, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അസീസ് ശരീഫ്, നിവേദ്യ, അഭിരാം തേജസ് എന്നിവരെയാണ് പൊലീസിപ്പോള്‍ കരുതല്‍ തടങ്കലില്‍വെച്ചരിക്കുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥികളെ തടങ്കലിലാക്കാനുള്ള സാധ്യതയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

തങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ പോലും തടയിടാനാണ് ദല്‍ഹി പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും സര്‍വകലാശാലയും അതിന് കൂട്ടുനില്‍ക്കുകയാണെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ പറഞ്ഞു.

ക്യാമ്പസിന് പുറത്ത് ഇതിനെതിരെ ശക്തമായ പ്രതിഷേധമൊരുക്കാനാണ് വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കുന്നത്. സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് എന്ത് നടപടിയുണ്ടായാലും ഇന്ന് വൈകീട്ട് ആറിന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ജെ.എന്‍.യുവിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഡോക്യുമെന്ററിയുടെപ്രദര്‍ശനം തടയാനായി ക്യാമ്പസിലെ വൈദ്യുതി ജെ.എന്‍.യു അധികൃതര്‍ വിച്ഛേദിച്ചിരുന്നു.

ഇതേതുടര്‍ന്ന് മൊബൈല്‍ ഫോണിലും ലാപ്ടോപ്പിലുമായി വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി കണ്ടിരുന്നു. എന്നാല്‍ ഇതില്‍ പ്രകോപിതരായ എ.ബി.വി.പി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കല്ലേറ് നടത്തി. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

Content Highlight: Jamia Millia University authorities hand over student leaders to police to stop screening of BBC documentary