ലോകസിനിമയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് ജെയിംസ് കാമറൂണ്‍. കാലത്തിന് അതീതമായ ചിത്രങ്ങളൊരുക്കി അദ്ദേഹം പലപ്പോഴും സിനിമാലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ടെര്‍മിനേറ്റര്‍, ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് അതിഗംഭീര സിനിമാനുഭവം സമ്മാനിച്ചവയായിരുന്നു. അവതാര്‍ സീരീസിലെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോള്‍.
സിനിമാപ്രേമികള്‍ക്ക് മറക്കാനാകാത്ത സിനിമാനുഭവം സമ്മാനിച്ച ഓപ്പന്‍ഹൈമറിനെക്കുറിച്ച് സംസാരിക്കുകയാണ് ജെയിംസ് കാമറൂണ്‍. ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടാണ് കാമറൂണ്‍ സംസാരിച്ചത്. ക്രിസ്റ്റഫര്‍ നോളന്റെ ഫിലിംമേക്കിങ് രീതി തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് കാമറൂണ്‍ പറഞ്ഞു. ഓപ്പന്‍ഹൈമറിന്റെ മേക്കിങ് മികച്ചതായി തനിക്ക് അനുഭവപ്പെട്ടെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ചിത്രം ഓപ്പന്‍ഹൈമറില്‍ മാത്രം ഒതുങ്ങിപ്പോയെന്നും ബോംബിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വന്ന ജനതയിലേക്കും കഥ പോകണമായിരുന്നെന്നും കാമറൂണ്‍ അഭിപ്രായപ്പെട്ടു. അക്കാര്യത്തില്‍ ഫോക്കസ് ചെയ്യാത്തത് നോളന്‍ ചെയ്ത ധാര്‍മികമായ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. നായകന്റെ വീക്ഷണകോണില്‍ മാത്രം കഥയെ ഒതുക്കിനിര്‍ത്താന്‍ തീരുമാനിച്ചത് തെറ്റായ നീക്കമാണെന്നും ജെയിംസ് കാമറൂണ്‍ പറയുന്നു.
‘ക്രിസ്റ്റഫര്‍ നോളന്റെ സിനിമകളെല്ലാം എനിക്ക് ഇഷ്ടമാണ്. ഓപ്പന്‍ഹൈമറിന്റെ മേക്കിങ്ങും നന്നായെന്നാണ് എന്റെ അഭിപ്രായം. പക്ഷേ, സിനിമ ഓപ്പന്‍ഹൈമറില്‍ മാത്രം ഒതുങ്ങിപ്പോയതായി എനിക്ക് തോന്നി. ബോംബിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വന്ന ജനതയിലേക്ക് കഥ പോകണമായിരുന്നു. ആ കാര്യത്തില്‍ നോളന്‍ ഫോക്കസ് ചെയ്യാത്തത് ധാര്‍മികമായ കുറ്റകൃത്യമാണെന്നാണ് എന്റെ അഭിപ്രായം.
നായകന്റെ വീക്ഷണകോണില്‍ മാത്രം സിനിമ ഒതുങ്ങിയത് തെറ്റായ ചുവടായിരുന്നു. ഒരു സീനിലെങ്കിലും നായകന്‍ ആ കത്തിക്കരിഞ്ഞ ശരീരങ്ങളെക്കുറിച്ച് ചിന്തിക്കുന്ന രംഗമുണ്ടായിരുന്നെങ്കില്‍ അത് പ്രേക്ഷകരില്‍ വലിയൊരു ഇംപാക്ട് ഉണ്ടാക്കിയേനെ. മറ്റൊരു സംവിധായകന്റെ സിനിമയെക്കുറിച്ച് അഭിപ്രായം പറയാനാഗ്രഹിക്കുന്ന ആളല്ല ഞാന്‍ എന്നും ഇതിനോടൊപ്പം പറയുന്നു.
ഒരുപക്ഷേ, സിനിമയിലെ മൂന്നാമത്തെ ട്രാക്കായി അക്രമണത്തിന് ഇരയായവരെ കാണിക്കാമായിരുന്നു. നോളനോ സ്റ്റുഡിയോയോ അക്കാര്യത്തില്‍ താത്പര്യം കാണിക്കാത്തതുകൊണ്ടാകാം അത്തരം സീന്‍ സിനിമയില്‍ ഉള്‍പ്പെടുത്താത്തത്. ഞാനായിരുന്നെങ്കില്‍ ആ ട്രാക്ക് കൂടി സിനിമയില്‍ കാണിച്ചേനെ,’ ജെയിംസ് കാമറൂണ്‍ പറയുന്നു.
Content Highlight: James Cameron criticizes Christopher Nolan’s Oppenheimer