മലയാളി പാടുന്നതിലും മനോഹരമാണ് അവര്‍ പാടി കേള്‍ക്കുമ്പോള്‍; സ്ത്രീ ശാക്തീകരണം എന്നൊരു ആശയം ഈ പാട്ടിലുണ്ട്: ജേക്‌സ് ബിജോയ്
Malayalam Cinema
മലയാളി പാടുന്നതിലും മനോഹരമാണ് അവര്‍ പാടി കേള്‍ക്കുമ്പോള്‍; സ്ത്രീ ശാക്തീകരണം എന്നൊരു ആശയം ഈ പാട്ടിലുണ്ട്: ജേക്‌സ് ബിജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st October 2025, 10:05 am

 

ലോകഃയിലെ ‘തനി ലോക മുറക്കാരി’ എന്ന പാട്ട് ഉണ്ടായതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ജേക്‌സ് ബിജോയ്. മുഹ്‌സിന്‍ പരാരി പാട്ട് എഴുതുന്നില്ലെന്ന് തീരുമാനിച്ച സമയത്താണ് ഒരു പാട്ടിനായി താന്‍ അദ്ദേഹത്തെ സമീപിച്ചതെന്ന് ജേക്‌സ് ബിജോയ് പറയുന്നു.  വനിതയോട് സംസാരിക്കുകയായിരുന്നു ജേക്‌സ് ബിജോയ്.

‘എന്തായാലും ഈ പാട്ട് ചെയ്യണമെന്ന് പറഞ്ഞ് മുഹ്‌സിനെ ഞാന്‍ നിര്‍ബന്ധിച്ചു. ഇതിന്റെ ട്രാക്ക് റെഡിയായി കഴിഞ്ഞപ്പോള്‍ ജ്യോതി നൂറാന്‍  ആയിരിക്കണം ഈ പാട്ട് പാടേണ്ടതെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അതിലെ വരികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഒരു മലയാളി പാടുന്നതിലും മികച്ചതായിരിക്കും അവര്‍  ആ പാട്ട് പാടുന്നത്.

എഴുതി വന്നപ്പോള്‍ എനിക്കും തോന്നി ഇതെന്ത് ഭാഷയാണ് എന്ന്. അപ്പോള്‍ മുഹ്‌സി പറഞ്ഞത് ‘ ഇത് മലയാളം തന്നെയാണ് പക്ഷേ മനസിലാകണമെന്നില്ല എന്ന്. എന്നാല്‍ സിനിമയില്‍ നമ്മള്‍ ഉദ്ദേശിക്കുന്ന കാര്യം എന്താണെന്ന് ഉള്ളത് കൃത്യമായി ഈ പാട്ടിലുണ്ട്. ഒരു വുമണ്‍ എംപവര്‍മെന്റ്, ആ പാട്ടിലുണ്ടെന്ന് മുഹ്‌സിന്‍ പറഞ്ഞു. അങ്ങനെയൊരു ഫീല്‍ ഈ പാട്ട് കേള്‍ക്കുമ്പോള്‍ തോന്നുമെന്നും പറഞ്ഞു,’ ജേക്‌സ് ബിജോയ് കൂട്ടിച്ചേര്‍ത്തു.

ലോകഃചാപ്റ്റര്‍ വണ്‍ ചന്ദ്രയുടെ പ്രോമോ സോങ്ങായി വന്ന ഗാനമാണ് തനിലോക മുറക്കാരി. ജ്യോതി നൂറാന്‍ ആലപിച്ച റാപ്പ് ഭാഗങ്ങള്‍ എഴുതി അവതരിപ്പിച്ചിരിക്കുന്നത് റെബിളാണ്. അലറി വിളിച്ച് കൊണ്ട് പാട്ടുകള്‍ പാടുന്നുവെന്ന് പറഞ്ഞ് നിരവധി ട്രോളുകളും റോസ്റ്റിങും ഏറ്റുവാങ്ങിയ ഗായികയാണ് ജ്യോതി നൂറാന്‍.

മലയാള സിനിമയില്‍ ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച സിനിമയായി മാറാന്‍ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രക്ക് കഴിഞ്ഞിരുന്നു. 300 കോടിയും സ്വന്തമാക്കി സിനിമ ഇപ്പോഴും തിയേറ്ററില്‍ മുന്നേറ്റം തുടരുകയാണ്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത സിനിമ നിര്‍മിച്ചത് ദുല്‍ഖര്‍ സല്‍മാനാണ്.

Content highlight: Jakes Bejoy  talking about the creation of the song “Lokha  Thani Loka Murakari