ലൂസിഫറിലൂടെ അന്ന് ആ ആഗ്രഹം സാധിച്ചു; എല്ലാവരും ഒന്നുമാത്രമാണ് ചോദിച്ചത്: ജെയ്‌സ് ജോസ്
Entertainment
ലൂസിഫറിലൂടെ അന്ന് ആ ആഗ്രഹം സാധിച്ചു; എല്ലാവരും ഒന്നുമാത്രമാണ് ചോദിച്ചത്: ജെയ്‌സ് ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th February 2025, 4:19 pm

മലയാളികള്‍ക്ക് പരിചിതനായ നടനാണ് ജെയ്സ് ജോസ്. നിരവധി സിനികളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിലെ സേവ്യര്‍ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമാപ്രേമികള്‍ അദ്ദേഹത്തെ ഇന്ന് ഓര്‍ക്കുന്നത്.

ലൂസിഫര്‍ സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാനിലും ജെയ്സ് അഭിനയിക്കുന്നുണ്ട്. ഏകദേശം പത്ത് ഇരുപത്തിയഞ്ച് സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് തനിക്ക് ലൂസിഫറില്‍ അഭിനയിക്കാനായതെന്നും അതോടെ താന്‍ ആഗ്രഹിച്ചത് പോലെ ജനങ്ങള്‍ തിരിച്ചറിയുന്ന നടനായി മാറിയെന്നും പറയുകയാണ് ജെയ്‌സ്.

എമ്പുരാന്റെ ചര്‍ച്ച വന്നത് മുതല്‍ എല്ലാവരും തന്നോട് എമ്പുരാനില്‍ ഉണ്ടാകുമോ എന്നാണ് ചോദിച്ചതെന്നും സിനിമയില്‍ താനും ഉണ്ടാകണേയെന്നൊരു പ്രാര്‍ത്ഥന തന്റെ മനസിലും ഉണ്ടായിരുന്നെന്നും നടന്‍ പറഞ്ഞു. എമ്പുരാന്‍ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ വീഡിയോയില്‍ സംസാരിക്കുകയായിരുന്നു ജെയ്സ്.

‘ലൂസിഫറിന് ശേഷം എമ്പുരാനിലും എനിക്ക് ഭാഗമാകാന്‍ സാധിച്ചു. ഏകദേശം പത്ത് ഇരുപത്തിയഞ്ച് സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് എനിക്ക് ലൂസിഫറില്‍ അഭിനയിക്കാന്‍ ആയത്. ലൂസിഫറില്‍ ലാലേട്ടനൊപ്പമുള്ള എന്റെ ഒരു എന്‍ട്രിയുണ്ട്.

ഞാനും ഷാജോണും ലാലേട്ടന്റെ ഇടവും വലവും ആയിട്ട് വരുന്ന എന്‍ട്രിയായിരുന്നു അത്. അന്ന് അത് ട്രെയ്‌ലറിലും പോസ്റ്ററിലുമൊക്കെയായി വന്നിരുന്നു. അതോടെ ഞാന്‍ ആഗ്രഹിച്ചത് പോലെ ജനങ്ങള്‍ തിരിച്ചറിയുന്ന നടനായി മാറി. ലൂസിഫറിലെ ആ ഒരൊറ്റ വേഷത്തിലൂടെയാണ് അതിന് സാധിച്ചത്.

എമ്പുരാന്റെ ചര്‍ച്ച വരുന്നത് മുതല്‍ക്ക് എല്ലാവരും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘എമ്പുരാനില്‍ ഉണ്ടാകുമോ’ എന്നതായിരുന്നു ആ ചോദ്യം. ഈയിടെ ഞാന്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള ഒരു ചോദ്യമായിരുന്നു അത്. എമ്പുരാനില്‍ ഞാനും ഉണ്ടാകണേ എന്നൊരു പ്രാര്‍ത്ഥന എന്റെ മനസിലും ഉണ്ടായിരുന്നു,’ ജെയ്‌സ് ജോസ് പറഞ്ഞു.

Content Highlight: Jaise Jose Talks About His Character In Lucifer Movie