ട്രാക്കര്‍മാര്‍ പറഞ്ഞത് തെറ്റ്; ജയിലറിന്റെ കളക്ഷന്‍ പുറത്തുവിട്ട് സണ്‍ പിക്‌ചേഴ്‌സ്
Entertainment news
ട്രാക്കര്‍മാര്‍ പറഞ്ഞത് തെറ്റ്; ജയിലറിന്റെ കളക്ഷന്‍ പുറത്തുവിട്ട് സണ്‍ പിക്‌ചേഴ്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th August 2023, 7:16 pm

നെല്‍സണ്‍ ദിലിപ്കുമാറിന്റെ സംവിധാനത്തില്‍ രജിനികാന്ത് നായകനായ ജയിലര്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്.

വമ്പന്‍ പ്രതികരണമായിരുന്നു ആദ്യ ഷോ മുതല്‍ ചിത്രത്തിന് ലഭിച്ചത്. ലോകമെമ്പാടും ആഘോഷമായിട്ടാണ് സിനിമാപ്രേമികളും ആരാധകരും ചിത്രത്തെ വരവേറ്റത്.

ചിത്രത്തിന്റെ ട്രാക്ക് ചെയ്ത കളക്ഷന്‍ എന്ന നിലയില്‍ സിനിമാ ട്രാക്കിങ് പേജുകള്‍ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു.

എന്നാല്‍ അതിനെയെല്ലാം തള്ളിക്കൊണ്ട് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ കളക്ഷനായി ട്രാക്കര്‍മാര്‍ പറഞ്ഞത് എല്ലാം തെറ്റ് ആണെന്നും ജയിലറിന്റെ യഥാര്‍ത്ഥ കളക്ഷന്‍ 375.40 കോടിയാണന്നും സണ്‍ പിക്‌ചേഴ്‌സ് പറയുന്നു.

തമിഴ് സിനിമാ വ്യവസായത്തിലെ തന്നെ റെക്കോര്‍ഡ് ബ്രേക്കര്‍ ആയിരിക്കുകയാണ് ജയിലര്‍. ഒരാഴ്ച പിന്നിടും മുമ്പേ ഇത്രയും ഉയര്‍ന്ന കളക്ഷനുമായി ഇന്‍ഡസ്ട്രി ഹിറ്റാണ് ചിത്രം. സിനിമ ഇതുവരെ തമിഴ്നാട്ടില്‍ നിന്ന് മാത്രം നേടിയിരിക്കുന്നത് 150 കോടിക്ക് മുകളിലാണ്.

കേരളത്തില്‍ നിന്നും ചിത്രത്തിന് മികച്ച കളക്ഷന്‍ തന്നെയാണ് ലഭിക്കുന്നത്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Jailer movie collection update released by sun pictures