തമിഴ് സിനിമകള്‍ മലയാള ഭാഷയെ വികൃതമാക്കുന്നതിന്റെ അവസാന ഉദാഹരണമായി മാറിയിരിക്കുകയാണ് ജയിലര്‍ 2. വര്‍ഷങ്ങളായി മലയാള ഭാഷയെ തോന്നിയ രീതിയില്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഇപ്പോഴും മാറ്റം വന്നിട്ടില്ലെന്ന് ജയിലര്‍ 2ലെ ആദ്യ ഗാനം തെളിയിച്ചു. കഴിഞ്ഞദിവസം പുറത്തുവിട്ട പാട്ടിന് വലിയ വിമര്‍ശനവും ട്രോളുകളുമാണ് ലഭിക്കുന്നത്.
‘അല്ല ബോലെലോ’ എന്ന് പേരിട്ടിരിക്കുന്ന പാട്ടില്‍ മലയാളമെന്ന പേരില്‍ ഏതോ ഒരു ജിബ്രിഷ് ഭാഷയാണ് അണിയറപ്രവര്‍ത്തകര്‍ ഉപയോഗിച്ചത്. അവിടവിടായി ‘മോനെ’, ‘മനസിലായോ’, ‘അല്ലേ’ തുടങ്ങിയ വരികള്‍ കുത്തിക്കയറ്റി മലയാളമാണെന്ന ഫീല്‍ വരുത്തിയിട്ടുണ്ട്. മലയാളവും തമിഴുമല്ലാത്ത ഈ തമിഴാള ഗാനം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങുകയാണ്.

‘കമ്പള ബോളെ, പക്കമ്പള ബോളെ’ തുടങ്ങിയ വരികള്‍ കേള്‍ക്കുമ്പോള്‍ അത് എഴുതിയത് ചട്ടമ്പിനാട് സിനിമയിലെ വീരേന്ദ്ര മല്ലയ്യയാണോ എന്നും ചില ട്രോളുകളില്‍ ചിലര്‍ ചോദിക്കുന്നുണ്ട്. ചട്ടമ്പിനാടിലെ മമ്മൂട്ടിയുടെ സീനുകളില്‍ ജയിലര്‍ 2ലെ ലിറിക്‌സ് മിക്‌സ് ചെയ്ത ട്രോള്‍ വീഡിയോ ഇതിനോടകം വൈറലായി.
ജയിലറില്‍ തമന്ന അവതരിപ്പിച്ച ‘കാവാലയ്യ’ പോലെയാണ് രണ്ടാം ഭാഗത്തില്‍ ഈ പാട്ടെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. സെറ്റില്‍ എല്ലാവരും ഫുള്‍ എനര്‍ജിയില്‍ ഡാന്‍സ് ചെയ്യുമ്പോള്‍ അതിനിടയിലൂടെ നടക്കുക എന്ന സിമ്പിള്‍ ജോലിയാണ് രജിനികാന്തിന്. സമീപകാലത്ത് പ്രേക്ഷകരെ ഒരുതരത്തിലും എന്‍ഗേജ് ചെയ്യിക്കാന്‍ സാധിക്കാത്ത അനിരുദ്ധിന്റെ പാട്ട് കൂടിയാണ് ഇതെന്നും കമന്റുകളുണ്ട്.

മലയാളി താരങ്ങളായ രാജേഷ് മാധവനും പൂര്‍ണ(ഷംന കാസിം)യുമാണ് പാട്ടിലെ പ്രധാന പോസിറ്റീവ്. മഹേഷിന്റെ പ്രതികാരത്തില്‍ ഒരൊറ്റ സീന്‍ മാത്രം ചെയ്ത് കരിയറാരംഭിച്ച രാജേഷ് മാധവന്‍ ഇന്ന് സൂപ്പര്‍സ്റ്റാറിനൊപ്പം സ്‌ക്രീന്‍ പങ്കിട്ടതാണ് പലരെയും ഞെട്ടിച്ചത്. ഡാന്‍സ് സീനില്‍ അപാരമായ ഗ്രേസും സ്‌ക്രീന്‍ പ്രസന്‍സും ഇപ്പോഴും പ്രകടിപ്പിക്കുന്ന പൂര്‍ണയെയും ചിലര്‍ അഭിനന്ദിക്കുന്നുണ്ട്.
മലയാളി താരങ്ങളുടെ നീണ്ട നിരയോടെയാണ് ജയിലര്‍ 2 ഒരുങ്ങുന്നത്. മോഹന്‍ലാലിന് പുറമെ സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, സുനില്‍ സുഖദ, വിനീത് തട്ടില്‍, ഹക്കിം ഷാ, അന്ന രാജന്‍, സുജിത് ശങ്കര്‍ തുടങ്ങി മലയാളി ആര്‍ട്ടിസ്റ്റുകളുടെ വലിയൊരു നിര ജയിലര്‍ 2ലുണ്ട്. ഒക്ടോബര്‍ 15ന് ചിത്രം തിയേറ്ററുകളിലെത്തും.
Jailer fist single 💥 pic.twitter.com/VZ7koyuilB
— Cine Philospher (@cinephiloser) August 21, 2026
Content Highlight: Jailer 2 first single lyrics getting criticisms
