ആറ് സിനിമകളില്‍ അവളായിരുന്നു എന്റെ നായിക; അതൊക്കെ ഒരു ഭാഗ്യമായി മാത്രം കരുതുന്നു: ജഗദീഷ്
Entertainment
ആറ് സിനിമകളില്‍ അവളായിരുന്നു എന്റെ നായിക; അതൊക്കെ ഒരു ഭാഗ്യമായി മാത്രം കരുതുന്നു: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th February 2025, 2:18 pm

താന്‍ നാല്‍പതോളം സിനിമകളില്‍ നായകനായി അഭിനയിച്ചിട്ടുണ്ടെന്നും സൂപ്പര്‍ താരങ്ങളുടെ നായികമാര്‍ക്കൊപ്പം നായകനായെന്നും പറയുകയാണ് ജഗദീഷ്. ആറ് സിനിമകളില്‍ ഉര്‍വശിയായിരുന്നു നായികയെന്നും അതൊക്കെ ഒരു ഭാഗ്യമായി മാത്രം കരുതുന്നുവെന്നുമാണ് നടന്‍ പറയുന്നത്.

മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്. അന്നേ വീണ്ടും ചെറിയ വേഷങ്ങളിലേക്ക് തിരിച്ചുവരണമെന്ന് തനിക്ക് അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്തുതന്നെയാണ് മോഹന്‍ലാലിനൊപ്പം ബട്ടര്‍ഫ്‌ളൈസ് സിനിമയിലും ജാക്ക്‌പോട്ടില്‍ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

‘നാല്‍പതോളം സിനിമകളില്‍ ഞാന്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍ താരങ്ങളുടെ നായികമാര്‍ക്കൊപ്പം നായകനായി. ആറ് സിനിമകളില്‍ ഉര്‍വശിയായിരുന്നു നായിക. അതൊക്കെ ഒരു ഭാഗ്യമായി മാത്രം ഞാന്‍ കരുതുന്നു.

അന്നേ എനിക്കറിയാമായിരുന്നു വീണ്ടും ചെറിയ വേഷങ്ങളിലേക്ക് തിരിച്ചുവരണമെന്ന്. ആ സമയത്തുതന്നെയാണ് ബട്ടര്‍ഫ്‌ളൈസില്‍ മോഹന്‍ലാലിനൊപ്പവും ജാക്ക്‌പോട്ടില്‍ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചത്,’ ജഗദീഷ് പറയുന്നു.

തൊണ്ണൂറുകളിലെ നായകനോട് പുതിയ നായകന്മാരുടെ സമീപനം എങ്ങനെയാണെന്ന ചോദ്യത്തിനും അദ്ദേഹം അഭിമുഖത്തില്‍ മറുപടി നല്‍കി. തന്നെ സംബന്ധിച്ച് ഓരോ സിനിമയും തനിക്ക് ഓരോ ക്യാംപസാണെന്നും തന്നെക്കാള്‍ ഇളയവരായ സംവിധായകരും എഴുത്തുകാരുമാണ് തന്റെ അധ്യാപകരെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

‘കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ആസിഫ്, ടൊവിനോ, ബേസില്‍, ഉണ്ണി മുകുന്ദന്‍, ഷറഫുദ്ദീന്‍ ഇവരെല്ലാം ഞാനുമായി വളരെ അടുപ്പവും സ്‌നേഹവും ഉള്ളവരാണ്. പടങ്ങള്‍ കഴിഞ്ഞാലും വിളിക്കും. കഥാപാത്രത്തെ കുറിച്ച് സംസാരിക്കും. എന്നെ സംബന്ധിച്ച് ഓരോ സിനിമയും എനിക്ക് ഓരോ ക്യാംപസാണ്.

എന്നെക്കാള്‍ ഇളയവരായ സംവിധായകരും എഴുത്തുകാരുമാണ് എന്റെ അധ്യാപകര്‍. അവര്‍ പറയുന്നത് കേട്ട് പെര്‍ഫോം ചെയ്യുന്ന വിദ്യാര്‍ഥി മാത്രമാണ് ഞാന്‍. എങ്കിലും അനുഭവസമ്പത്തുള്ള ആളെന്ന നിലയില്‍ പലരും എന്നോട് അഭിപ്രായങ്ങള്‍ ചോദിക്കാറുണ്ട്. ചോദിച്ചാല്‍ മാത്രം പറയും,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish Talks About Urvashi