യുവതലമുറ മുഴുവന്‍ ഡ്രഗ്‌സിന് പുറകെയാണെന്ന് എന്നൊന്നുമില്ല; ചെറിയൊരു ശതമാനം അങ്ങനെയാണ്, അവരാണ് ഈ ക്രൈമെല്ലാം ചെയ്യുന്നത്: ജഗദീഷ്
Entertainment
യുവതലമുറ മുഴുവന്‍ ഡ്രഗ്‌സിന് പുറകെയാണെന്ന് എന്നൊന്നുമില്ല; ചെറിയൊരു ശതമാനം അങ്ങനെയാണ്, അവരാണ് ഈ ക്രൈമെല്ലാം ചെയ്യുന്നത്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th June 2025, 7:43 am

കാലം സമൂഹത്തില്‍ വരുത്തിയ മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. അഭിനയമല്ല മറ്റേത് കാര്യമായാലും കാലത്തിനൊപ്പം സഞ്ചരിക്കുക എന്നതാണ് അടിസ്ഥാനപരമായ കാര്യമെന്ന് ജഗദീഷ് പറയുന്നു. ഇന്നത്തെ കാലത്ത് പ്രണയം എല്ലാവരും എക്‌സ്പ്രസ് ചെയ്യാന്‍ തുടങ്ങിയെന്നും എന്നാല്‍ പ്രണയത്തില്‍ വയലന്‍സ് കയറിവന്നെന്നും ജഗദീഷ് പറഞ്ഞു.

ചിലപ്പോള്‍ മയക്കുമരുന്നിന്റെ ഉപയോഗം ഉള്ളതുകൊണ്ടാകാം ഇങ്ങനെ വയലന്‍സ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്നത്തെ യുവതലമുറ മൊത്തം മയക്കുമരുന്നിന് അടിമകളാണെന്ന് അര്‍ത്ഥമില്ലെന്നും അത് ഉപയോഗിക്കുന്ന ചെറിയൊരു ശതമാനമാണ് ഈ ക്രൈം എല്ലാം ചെയ്യുന്നതെന്നും ജഗദീഷ് വ്യക്തമാക്കി. മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഭിനയമല്ല ഏത് കാര്യമായും കാലത്തിനൊപ്പം സഞ്ചരിക്കുക എന്നതാണ് അടിസ്ഥാനപരമായ കാര്യം. ഏതൊരു കാര്യത്തിലും ആ ഒരു മാറ്റം വന്നിട്ടുണ്ട്. പ്രണയത്തിന്റെ കാര്യത്തില്‍ ആണെങ്കില്‍, എല്ലാവരും കുറച്ചുകൂടി ഓപ്പണ്‍ ആയി എക്‌സ്പ്രസ് ചെയ്യാന്‍ തുടങ്ങി, അവരവര്‍ക്ക് വേണ്ട രീതിയില്‍ വിവാഹം കഴിക്കുക, തുടങ്ങിയവയിലേക്കെല്ലാം മാറി.

എന്നാല്‍ കാലം പ്രേമത്തില്‍ വരുത്തിയ മാറ്റം എന്ന് പറയുന്നത്, വയലസ് പ്രേമത്തിലേക്ക് കടന്നവന്നു എന്നതാണ്. ഒരു പെണ്‍കുട്ടിയുടെ ഇഷ്ടം സമ്പാദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവളുടെ കഴുത്തറുത്ത് കൊല്ലുന്ന നിലയിലേക്ക് ഇന്ന് മാറി. അത് വല്ലാത്തൊരു കാലമാണ്. ഓരോ ദിവസവും ഇങ്ങനെ ഓരോന്ന് കേട്ടാണ് നമ്മള്‍ ഉണരുന്നത്.

അത് ചിലപ്പോള്‍ മയക്കുമരുന്നിന്റെ ഉപയോഗം കൊണ്ടായിരിക്കാം. ഇന്നത്തെ യുവതലമുറ മുഴുവന്‍ മയക്കുമരുന്നിന്റെ പുറകെയാണെന്ന് എന്നൊന്നുമില്ല. ഒരു ചെറിയൊരു ശതമാനം അങ്ങനെയാണ്. അവരാണ് ഈ ക്രൈമെല്ലാം ചെയ്യുന്നത്,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish talks about the changes that time has brought to society.