ആ സിനിമയിലെ മമ്മൂക്കയുടെ സാന്നിധ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പിന്നില്‍ ശ്രീനിവാസന്‍: ജഗദീഷ്
Entertainment
ആ സിനിമയിലെ മമ്മൂക്കയുടെ സാന്നിധ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പിന്നില്‍ ശ്രീനിവാസന്‍: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th January 2025, 9:45 am

സിബി മലയില്‍ ആദ്യമായി സംവിധാനം ചെയ്ത് 1985ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മുത്താരംകുന്ന് പി.ഒ. ജഗദീഷിന്റെ കഥയ്ക്ക് ശ്രീനിവാസനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മുകേഷും ലിസിയുമായിരുന്നു ഈ സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തിയത്.

ജഗദീഷ് ആകാശവാണിയ്ക്കായി രചിച്ച സഹൃദയ സമക്ഷം എന്ന നാടകത്തിന്റെ കഥയായിരുന്നു ഇത്. മുത്താരംകുന്ന് എന്ന ഗ്രാമത്തില്‍ പോസ്റ്റ്മാസ്റ്ററായി എത്തുന്ന ദിലീപ് കുമാറിന്റെയും നടന്‍ മമ്മൂട്ടിക്ക് കത്തുകള്‍ എഴുതുന്ന അമ്മിണിക്കുട്ടി എന്ന പെണ്‍കുട്ടിയുടെയും പ്രണയവും ചുറ്റിപ്പറ്റിയാണ് കഥ.

മുത്താരംകുന്ന് പി.ഒ എന്ന സിനിമയുടെ കഥ തന്റേതാണെങ്കിലും അത് ഒരു സ്‌ക്രിപ്റ്റ് രൂപത്തില്‍ ആക്കിയത് ശ്രീനിവാസനാണെന്ന് പറയുകയാണ് നടന്‍ ജഗദീഷ്. സിനിമയിലെ മമ്മൂട്ടിയുടെ സാന്നിധ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം ശ്രീനിവാസന്റെ കോണ്‍ട്രിബ്യൂഷനായിരുന്നെന്നും അദ്ദേഹം പറയുന്നു. രേഖാചിത്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘പണ്ട് ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ എന്റെ അഭിനയം ശരിയാകുന്നുണ്ടോ എന്നൊക്കെ ഞാന്‍ കൂടുതലും ചോദിച്ചിരുന്നത് സിബിയോട് (സിബി മലയില്‍) ആയിരുന്നു. പിന്നെ പ്രിയനോടും ശ്രീനിവാസനോടുമാണ്.

മുത്താരംകുന്ന് പി.ഒ എന്ന സിനിമയുടെ കഥ എന്റേതാണെങ്കിലും അത് ഒരു സ്‌ക്രിപ്റ്റ് രൂപത്തില്‍ ആക്കിയത് ശ്രീനിവാസനാണ്. എന്റേത് വേണമെങ്കില്‍ കഥാബീജം എന്ന് മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.

സിനിമയിലെ മമ്മൂക്കയുടെ സാന്നിധ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം ശ്രീനിവാസന്റെ കോണ്‍ട്രിബ്യൂഷനായിരുന്നു. എന്റെ സഹൃദയ സമക്ഷം എന്ന നാടകത്തില്‍ ഇതിന്റെ കഥയുണ്ട്. ഫയല്‍വാന്റെയും അയാളുടെ മകളുടെ കഥയുണ്ട്. അതിനെല്ലാം പുതിയ ഭാഷ്യം കൊണ്ടുവന്നത് ശ്രീനിവാസനാണ്,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadish Talks About Sreenivasan, Mammootty And Mutharamkunnu PO Movie