ജാന്‍ എ.മന്‍, ജയ ജയ ജയ ജയഹേ, ഫാലിമി എന്നീ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ധീരന്‍. ഫണ്‍ ആക്ഷന്‍ എന്റര്‍ടൈനറായിട്ടാണ് ഈ സിനിമ ഒരുങ്ങുന്നത്.
ദേവദത്ത് ഷാജിയാണ് ധീരന്‍ സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രമാണ് ഇത്. രാജേഷ് മാധവന്‍ നായകനാകുന്ന ഈ സിനിമയില്‍ ജഗദീഷ്, മനോജ് കെ. ജയന്‍, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ഒന്നിക്കുന്നത്.
അവര്‍ക്ക് പുറമെ സുധീഷ്, വിനീത്, ശബരീഷ് വര്‍മ, സിദ്ധാര്‍ത്ഥ് ഭരതന്‍ ഉള്‍പ്പെടെയുള്ളവരും ധീരന്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയുടെ ഷൂട്ടിങ്ങിനെ കുറിച്ച് പറയുകയാണ് ജഗദീഷ്.
‘ധീരന്‍ എന്ന സിനിമയില്‍ ആംബുലന്‍സിന് അകത്ത് ഇരുന്ന് ഷൂട്ട് ചെയ്ത ചില സീനുകള്‍ ഉണ്ടായിരുന്നു. ദേവന്റെ (ദേവദത്ത് ഷാജി) മേക്കിങ് അനുസരിച്ച് അശോകന്റെ ഷോട്ട് എടുക്കുന്ന സമയത്ത് ബാക്കിയുള്ള ആളുകള്‍ ഫ്രെയിമില്‍ ഇല്ലെങ്കിലും അവരുടെ ഡയലോഗുകള്‍ പറയണം.
ഓരോ ആക്ടറിന്റെയും ഷോട്ട് എടുക്കുന്ന സമയത്തും ഇങ്ങനെ പറയണം. മുമ്പ് പറഞ്ഞ അതേ മോഡുലേഷനില്‍ തന്നെയാണ് ഓരോ തവണയും പറയേണ്ടത്. ഫ്രെയിമില്‍ ഇല്ലല്ലോ, അപ്പോള്‍ എങ്ങനെയെങ്കിലും ഡയലോഗ് പറഞ്ഞാല്‍ മതിയെന്ന് ചിന്തിക്കാന്‍ പറ്റില്ല.
അശോകന്റെ സീന്‍ എടുക്കുന്ന നേരത്ത് ഞാനും മനോജും ഞങ്ങളുടെ ഡയലോഗ് പറയണം. മനോജിന്റെ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഞാനും അശോകനും ഡയലോഗ് പറയും. അങ്ങനെ മൊത്തം പത്ത് തവണയൊക്കെ ഒരേ ഡയലോഗ് പറയേണ്ടി വരും.
ഒരു ഡയലോഗ് തന്നെ മൂന്ന് തവണയൊക്കെ പറയുമ്പോള്‍ നമ്മള്‍ക്ക് ബോറടിക്കേണ്ടതല്ലേ. പക്ഷെ ഞങ്ങള്‍ക്കൊന്നും ബോറടിച്ചിരുന്നില്ല. സീന്‍ എടുക്കുന്ന സമയത്തൊക്കെ ആംബുലന്‍സ് ഓടി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നമ്മള്‍ പിടിച്ചിരിക്കണം.
വേണമെങ്കില്‍ സ്റ്റുഡിയോ ഫ്‌ളോറില്‍ അത് സെറ്റപ്പ് ചെയ്യാവുന്നതേയുള്ള. ആംബുലന്‍സ് മൂവ് ചെയ്യുന്നത് ഗ്രാഫിക്‌സ് വെച്ചൊക്കെ അഡജസ്റ്റ് ചെയ്താല്‍ മതിയല്ലോ. എന്നാല്‍ അത് വേണ്ടെന്നും ജെനുവിനായ രീതിയില്‍ ഷൂട്ട് ചെയ്യണമെന്നും ദേവന് നിര്‍ബന്ധമുണ്ടായിരുന്നു.
ആംബുലന്‍സില്‍ ചെറിയ ഒരു സ്‌പെയ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇരിക്കാന്‍ അസൗകര്യമുണ്ടായിരുന്നു. ആംബുലന്‍സ് സ്പീഡില്‍ വന്നിട്ട് ബ്രേക്ക് ചെയ്യുമ്പോള്‍ നമ്മള്‍ എല്ലാവരും വീഴുകയും എല്ലാവര്‍ക്കും പരിക്ക് പറ്റുകയും ചെയ്തിരുന്നു. അങ്ങനെയുള്ള സംഭവമൊക്കെ ഉണ്ടായിരുന്നു.
എന്നാല്‍ അതൊന്നും ഞങ്ങളെ ബാധിച്ചില്ല. കാരണം ചില സിനിമകള്‍ അങ്ങനെയാണ്. തുടക്കം മുതല്‍ അവസാനം വരെ നമ്മള്‍ അത് എന്‍ജോയ് ചെയ്യും. ചിരിയും കളിയുമല്ല ഞാന്‍ പറയുന്നത്. ആ സിനിമ എടുക്കുന്ന പ്രോസസ് എന്‍ജോയ് ചെയ്യുമെന്നാണ് പറഞ്ഞത്. അങ്ങനെ എന്‍ജോയ് ചെയ്ത് എടുത്ത ചിത്രമാണ് ധീരന്‍,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish Talks About Shooting Of Dheeran Movie