ഭരത്ചന്ദ്രനും ഇന്‍സ്‌പെക്ടര്‍ ബല്‍റാമിനും ലഭിച്ച കയ്യടി ഇന്ന് ആര്‍ക്കും ലഭിക്കില്ല: ജഗദീഷ്
Entertainment
ഭരത്ചന്ദ്രനും ഇന്‍സ്‌പെക്ടര്‍ ബല്‍റാമിനും ലഭിച്ച കയ്യടി ഇന്ന് ആര്‍ക്കും ലഭിക്കില്ല: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th February 2025, 11:19 am

ഹാസ്യ താരമായി സിനിമയിലെത്തി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള നടനാണ് ജഗദീഷ്. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

കുഞ്ചാക്കോ ബോബന്‍ നായകനായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയാണ് ജഗദീഷിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ഇപ്പോള്‍ സിനിമയിലെ പൊലീസ് കഥകളില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് പറയുകയാണ് ജഗദീഷ്.

മുമ്പുള്ള പൊലീസ് സിനിമകള്‍ കാണുമ്പോള്‍ ആളുകള്‍ കയ്യടിച്ചിരുന്നത് നായകനായ പൊലീസുകാരന്‍ മന്ത്രിയോട് കയര്‍ത്ത് സംസാരിക്കുമ്പോള്‍ ആണെന്നും എന്നാല്‍ യഥാര്‍ത്ഥ പൊലീസുകാരന് മന്ത്രിയോട് നേരിട്ട് കയര്‍ത്ത് സംസാരിക്കാന്‍ പറ്റില്ലെന്നും നടന്‍ പറഞ്ഞു.

നമുക്ക് ചെയ്യാന്‍ പറ്റാത്ത കാര്യം സ്‌ക്രീനില്‍ ഒരാള്‍ ചെയ്യുന്നത് കാണുമ്പോഴാണ് ആളുകള്‍ കയ്യടിക്കുന്നതെന്നും ഭരത്ചന്ദ്രനും ഇന്‍സ്‌പെക്ടര്‍ ബല്‍റാമുമൊക്കെ ഉണ്ടായിരുന്ന കാലത്താണ് അതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. റേഡിയോ മാംഗോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘സിനിമയിലെ പൊലീസ് കഥകളില്‍ ഇപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മുമ്പുള്ള പൊലീസ് സിനിമകള്‍ കാണുമ്പോള്‍ നമ്മള്‍ കയ്യടിച്ചിരുന്നത് നായകനായ പൊലീസുകാരന്‍ മന്ത്രിയോട് കയര്‍ത്ത് സംസാരിക്കുമ്പോഴാണ്.

പക്ഷെ അങ്ങനെ ഏതെങ്കിലും ഒരു പൊലീസുകാരന് റിയല്‍ ലൈഫില്‍ മന്ത്രിയോട് നേരിട്ട് കയര്‍ത്ത് സംസാരിക്കാന്‍ പറ്റുമോ. ഇന്നും അന്നും അതിന് സാധിക്കില്ല. അങ്ങനെ ഏതെങ്കിലും പൊലീസുകാരന്‍ പറഞ്ഞാല്‍ മന്ത്രി അപ്പോള്‍ തന്നെ ഗെറ്റൗട്ട് പറയില്ലേ. അവിടെ നമുക്ക് ചെയ്യാന്‍ പറ്റാത്തത് സ്‌ക്രീനില്‍ ഒരാള്‍ ചെയ്യുന്നത് കണ്ടിട്ടാണ് നമ്മളൊക്കെ കയ്യടിച്ചത്.

അങ്ങനെ കയ്യടിച്ച ഒരു കാലമുണ്ടായിരുന്നു. ഭരത്ചന്ദ്രനും ഇന്‍സ്‌പെക്ടര്‍ ബല്‍റാമുമൊക്കെ ഉണ്ടായിരുന്ന കാലത്താണ് അത്. എന്നാല്‍ ഇപ്പോഴത്തെ പൊലീസ് വേഷങ്ങള്‍ അല്ലെങ്കില്‍ പൊലീസ് കഥകള്‍ കുറച്ചുകൂടി റിയലിസ്റ്റിക്കായിട്ടാണ് കാണിക്കുന്നത്,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadish Talks About Police Movies