1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ജഗദീഷ്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവനടനായും മികച്ച സിനിമകളുടെ ഭാഗമാകുന്ന ജഗദീഷിനെയാണ് കഴിഞ്ഞ കുറച്ചുകാലമായി കാണാന്‍ സാധിക്കുന്നത്.
ജഗദീഷ് 2.0 എന്നാണ് പ്രേക്ഷകര്‍ അതിനെ വിശേഷിപ്പിക്കുന്നതെന്ന് ജഗദീഷ് പറയുന്നു. തന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത് രഞ്ജിത്ത് സംവിധാനം ചെയ്ത ലീല എന്ന ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
‘ജഗദീഷ് 2.0 എന്ന് എന്നെ വിശേഷിപ്പിക്കുന്നുണ്ട് പലരും. എന്നും എന്റെ മനസില്‍ ഉണ്ടായിരുന്നത് ഇത്തരം കഥാപാത്രങ്ങളാണ്. അവസരങ്ങള്‍ ഇപ്പോഴാണ് ലഭിക്കുന്നതെന്നുമാത്രം. കുടുംബ പ്രേക്ഷകരുടെ മനസില്‍ തമാശ കഥാപാത്രമായി ഞാന്‍ ഉറഞ്ഞുപോയി. അതിനെ മറികടന്ന് സ്വഭാവവേഷങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാനുള്ള ധൈര്യം സംവിധായകര്‍ക്ക് ഉണ്ടായതുമില്ല. എങ്കിലും തമാശയില്‍നിന്ന് വേറിട്ട് ചില കഥാപാത്രങ്ങളും ഞാന്‍ ചെയയ്തിരുന്നു.
മിമിക്സ് പരേഡ്, സ്ത്രീധനം, ഭാര്യ, വെല്‍ക്കം ടു കൊടൈക്കനാല്‍, ഗൃഹപ്രവേശം അങ്ങനെ കുറേ സിനിമകള്‍. പക്ഷേ, വഴിത്തിരിവ് സമ്മാനിച്ച ചിത്രം ‘ലീല’യാണ്. അങ്ങനെയൊരു കഥാപാത്രം തരാന്‍ സംവിധായകന്‍ രഞ്ജിത്തിന് തോന്നി. കുടുംബപ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള കഥാപാത്രമാണ്. ഏറ്റെടുക്കണോ എന്ന് സംശയം തോന്നി.
രമയോടും കുട്ടികളോടും അഭിപ്രായം ചോദിച്ചു. എന്തായാലും ചെയ്യണം എന്ന് അവര്‍ പറഞ്ഞതോടെ സംശയം മാറി. ‘ലീല’ തിയേറ്ററില്‍ വിജയിച്ചില്ല. അന്ന് ഒ.ടി.ടി.യും ഇല്ല. പക്ഷേ വൈകിയാണെങ്കിലും ആ സിനിമയും കഥാപാത്രവും അംഗീകരിക്കപ്പെട്ടു. എം.പി. സുകുമാരന്‍ നായര്‍ സാറിന്റെ ‘ജലാംശം’എന്ന സിനിമയിലും വ്യത്യസ്തമായ റോള്‍ അവതരിപ്പിച്ചിരുന്നു. ‘നാല് പെണ്ണുങ്ങള്‍’ ഉള്‍പ്പെടെ അടൂര്‍ സാറിന്റെ സിനിമകളിലും നല്ല കഥാപാത്രങ്ങള്‍ ചെയ്തു,’ ജഗദീഷ് പറയുന്നു.